ടെൽ അവീവ്: ഗാസ വെടിനിറുത്തൽ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുന്നേ അരങ്ങേറിയ നാടകീയതകൾ ലോകത്തിന്റെയാകെ നെഞ്ചിടിപ്പ് കൂട്ടി. മോചനത്തിന് 24 മണിക്കൂർ മുമ്പ് ബന്ദികളുടെ വിവരങ്ങൾ ഇസ്രയേലിന് കൈമാറണമെന്ന കരാറിലെ വ്യവസ്ഥ ഹമാസ് പാലിക്കാതെ പോയതാണ് ആശങ്കയ്ക്ക് കാരണം. അതിനാൽ വെടിനിറുത്തൽ മൂന്ന് മണിക്കൂറോളം വൈകിയാണ് നടപ്പാക്കിയത്.
ബന്ദികളുടെ വിവരങ്ങൾ തന്നില്ലെങ്കിൽ കരാറുമായി മുന്നോട്ടുപോകില്ലെന്ന് ശനിയാഴ്ച രാത്രി തന്നെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12നാണ് (പ്രാദേശിക സമയം രാവിലെ 8.30) വെടിനിറുത്തൽ പ്രാബല്യത്തിൽ വരേണ്ടിയിരുന്നത്.
ഹമാസ് ബന്ദികളുടെ ലിസ്റ്റ് നൽകാത്തതിനാൽ വെടിനിറുത്തൽ വൈകിപ്പിച്ചതായി ഇസ്രയേലിന്റെ പ്രഖ്യാപനം വന്നതോടെ ഗാസയിൽ ആശങ്ക പടർന്നു. വെടിനിറുത്തൽ വാർത്ത ആഘോഷമാക്കിയ ഗാസയിലെ ജനങ്ങൾ ഇതോടെ ഭയന്നു. ഉച്ചയ്ക്ക് 2ഓടെ ഹമാസ് ബന്ദികളുടെ ലിസ്റ്റ് പുറത്തുവിട്ടതോടെ തടസങ്ങൾ നീങ്ങുകയായിരുന്നു. മദ്ധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്റ്റും ഇതിനിടെയിൽ ഇടപെടലും നടത്തി. ബന്ദികളുടെ കുടുംബാംഗങ്ങളെ വിവരമറിയിപ്പിച്ച ഇസ്രയേൽ ഉച്ചയ്ക്ക് 2.45 മുതൽ വെടിനിറുത്തൽ നടപ്പാക്കി.
ആഘോഷിച്ച് ജനങ്ങൾ
വെടിനിറുത്തലിന് അരമണിക്കൂർ മുമ്പ് വരെ ഇസ്രയേൽ ഗാസയിൽ ആക്രമണം നടത്തി. ഇതിനിടെ ആക്രമണം നിറുത്തിയില്ലെങ്കിൽ ബന്ദികളെ വധിക്കുമെന്ന് പാലസ്തീനിയൻ ഇസ്ലാമിക് ജിഹാദും ഭീഷണി മുഴക്കിയിരുന്നു. സാങ്കേതിക കാരണങ്ങളാൽ വിവരങ്ങൾ നൽകാൻ വൈകിയെന്നാണ് ഹമാസിന്റെ വിശദീകരണം. ഇസ്രയേൽ ആക്രമണം തുടർന്നത് വിവരങ്ങൾ കൈമാറാൻ തടസമായെന്നും പറയുന്നു.
ഇസ്രയേൽ ആക്രമണം നിറുത്തിയ പിന്നാലെ അഭയാർത്ഥി ക്യാമ്പുകളിലെ ജനങ്ങൾ ആഘോഷവുമായി തെരുവിലിറങ്ങി. ചിലർ പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങൾ സന്ദർശിച്ചു. അഭയാർത്ഥികളാക്കപ്പെട്ട ആയിരങ്ങൾ സ്വന്തം നാട്ടിലേക്ക് മടങ്ങി. ഇവരുടെ വീടുകളുടെ സ്ഥാനത്ത് അവശിഷ്ടങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അതേ സമയം, ദിവസം 600 സഹായ ട്രക്കുകൾ ഗാസയിലേക്ക് കടത്തിവിടാനാണ് ധാരണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |