തിരുവനന്തപുരം: നവകേരള സദസ് ആർഭാടപൂർവം നടത്താനുള്ള പണം കണ്ടെത്താനായി സഹകരണ സംഘങ്ങളെയും തദ്ദേശ സ്ഥാപനങ്ങളെയും സർക്കാർ പിഴിയുന്നു. സദസ് മോടിയോടെ നടത്താൻ വേണ്ട പണം ചെലവഴിക്കാൻ സഹകരണ രജിസ്ട്രാർ സഹകരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി.
അതത് സംഘാടക സമിതി ആവശ്യപ്പെടുന്ന മുറയ്ക്ക് ഗ്രാമപഞ്ചായത്തുകൾക്ക് 50,000 രൂപ വരെയും മുനിസിപ്പാലിറ്റികൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും 1,00,000 രൂപ വരെയും കോർപ്പറേഷനുകൾകൾക്ക് 2,00,000 രൂപവരെയും ജില്ലാ പഞ്ചായത്തുകൾക്ക് 3,00,000 രൂപ വരെയും തനതുഫണ്ടിൽ നിന്ന് ചെലവഴിക്കുന്നതിന് അനുമതി നൽകി തദ്ദേശ വകുപ്പും ഉത്തരവിറക്കിയിട്ടുണ്ട്. സദസ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ചെലവ് കണ്ടെത്താൻ സഹകരണ സംഘങ്ങൾ സഹകരിക്കണമെന്നാണ് സഹകരണ രജിസ്ട്രാറുടെ സർക്കുലറിലുള്ലത്.
ഈ മാസം പതിനെട്ടിന് മഞ്ചേശ്വരത്താണ് നവകേരള സദസിന് തുടക്കമാകുന്നത്. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും. ജനങ്ങളുമായി സംവദിക്കുന്നതിനൊപ്പം സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. പ്രത്യേകം തയ്യാറാക്കിയ കെ എസ് ആർ ടി സ് സ്വിഫ്ട് ബസിലായിരിക്കും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര. എയർ കണ്ടീഷൻ ചെയ്തതായിരിക്കും വേദി.
സംസ്ഥാനം ദൈനംദിന ചെലവുകൾ കണ്ടെത്താൻപോലും കഴിയാതെ ബുദ്ധിമുട്ടുമ്പോൾ കോടികൾ ചെലവിട്ട് കേരളീയം നടത്തിയതിനെതിരെ പ്രതിപക്ഷത്തുനിന്നുൾപ്പടെ വ്യാപക വിമർശനമാണ് ഉയർന്നത്. കോടികൾ വാരിയെറിഞ്ഞ് നവകേരള സദസ് നടത്തുന്നതിനെതിരെയും വിമർശനം ഉയർന്നുതുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |