SignIn
Kerala Kaumudi Online
Saturday, 27 July 2024 8.52 AM IST

ശ്രദ്ധിച്ചിട്ടുണ്ടോ, ഏത് കമ്പനി ആയാലും വിമാനങ്ങൾക്ക് വെള്ള നിറം മാത്രമേ നൽകാറുള്ളൂ; ഇല്ലെങ്കിൽ യാത്രക്കാർക്കുൾപ്പെടെ വൻ പണി കിട്ടും

airplane

വിമാനം എന്ന പേര് കേൾക്കുമ്പോൾ തന്നെ നിങ്ങളുടെ മനസിലേയ്‌ക്ക് വരുന്നത് വെള്ള നിറത്തിൽ ചിറക് വിരിച്ച് പറന്നുയരുന്ന ഒരു രൂപമാണ്. എന്നാൽ, ചില വിമാനങ്ങളിൽ നീല, മഞ്ഞ, കറുപ്പ് നിറങ്ങളും കാണാറുണ്ട്. എങ്കിൽപ്പോലും അത്തരം വിമാനങ്ങളുടെ പശ്ചാത്തലം അല്ലെങ്കിൽ ബേസ് കളറും എപ്പോഴും വെള്ള തന്നെയാണ്. എന്തുകൊണ്ടാണ് വിമാനങ്ങൾക്ക് എപ്പോഴും വെള്ള നിറം മാത്രം നൽകുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഫാക്ടറികളിൽ നിന്നും നിർമിച്ച് വരുന്ന വിമാനങ്ങൾ പൊതുവെ പച്ച നിറത്തിലാണുള്ളത്. എന്നാൽ പിന്നീട് ഇവയ്ക്ക് വെള്ള നിറം നൽകുന്നതാണ്. ഇതിന് പിന്നിലും ചില കാരണങ്ങളുണ്ട്. അതിനെപ്പറ്റി അറിയുന്നതിന് മുമ്പ് വിമാനത്തിന്റെ ചരിത്രത്തെ കുറിച്ച് കൂടുതലറിയാം.

airplane

ആകാശത്തിലൂടെ പറന്ന മനുഷ്യൻ

ഗ്രീക്ക് പണ്ഡിതനായ ആർക്കിറ്റീസ് ആണ് ബിസി 400-ാം ആണ്ടിൽ പ്രാവിന്റെ ആകൃതിയിൽ പറക്കാൻ കഴിയുന്ന തടികൊണ്ടുള്ള രൂപം ഉണ്ടാക്കിയത്. ഇത് എങ്ങനെയാണ് ചെയ്‌തതെന്നതിന് രേഖകളോ തെളിവോ ഒന്നുമില്ല. ബിസി 300നും 400നും ഇടയിലാണ് ചൈനാക്കാർ പട്ടം കണ്ടുപിടിച്ചത്. പിന്നീട് ബിസി 200 കാലഘട്ടത്തിൽ ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ ആർക്കമിഡീസ് ആണ് വസ്തുക്കൾ പൊന്തിക്കിടക്കുന്നത് എങ്ങനെയെന്ന് കണ്ടെത്തിയത്. എന്നാൽ, ഇതെല്ലാം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം 1783ൽ രണ്ട് ഫ്രഞ്ചുകാരാണ് വായു നിറച്ച ബലൂണിൽ പാരീസ് നഗരത്തിന് മുകളിലൂടെ എട്ട് കിലോമീറ്രറോളം വായുവിൽ ഒഴുകിനടന്നത്. ഇതാണ് നമ്മൾ ഇപ്പോൾ കാണുന്ന വിമാനയാത്ര വരെ എത്തി നിൽക്കാൻ കാരണമായത്.

വായുവിൽ ഒഴുകിനടക്കുന്ന ബലൂൺ യാത്ര ഏവരെയും ആകർഷിച്ചു. ഇതിന് പിന്നാലെയാണ് ഹൈഡ്രജൻ ബലൂണുകൾ പ്രചാരത്തിലെത്തിയത്. പക്ഷേ, ഇവയുടെ ഗതി നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. പിന്നീട് 1800കളിലാണ് ബലൂണിന്റെ ആകൃതിയിലുള്ള ആകാശ പേടകങ്ങൾ പ്രചാരത്തിലെത്തിയത്. 1804ൽ ഇംഗ്ലീഷുകാരനായ സർ ജോർജ് കെയ്‌ലി ഗ്ലൈഡർ വികസിപ്പിച്ചെടുത്തു. 1881നും 1896നും ഇടയ്‌ക്ക് ഓട്ടോ ലിലിയന്താൾ എന്ന ജർമൻകാരനാണ് ആദ്യമായി ഒരു ഗ്ലൈഡർ പറപ്പിച്ചത്.

2

ആദ്യ വിമാനം

1843ൽ ബ്രിട്ടീഷുകാരനായ വില്യം എസ് ഹെൻസൺ വിമാനം ഉണ്ടാക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1890ൽ ക്ലമന്റ് ആഡർ എന്ന ഫ്രഞ്ചുകാരനായ എഞ്ചിനീയറും തുടർന്ന് മറ്റൊരു അമേരിക്കക്കാരനും ആവിയന്ത്രം ഘടിപ്പിച്ച വിമാനങ്ങളുണ്ടാക്കി പറക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതൊന്നും വിജയിച്ചില്ല.

1890ലാണ് റൈറ്റ് സഹോദരന്മാർ എന്നറിയപ്പെടുന്ന ഓർവിൽ റൈറ്റിനും വിൽബർ റൈറ്റിനും വിമാനത്തോടുള്ള കമ്പം കയറിയത്. ഒരു സൈക്കിൾ നിർമാണ കമ്പനി നടത്തുകയായിരുന്നു അവർ. നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് ഒരു വിമാനം രൂപകൽപ്പന ചെയ്തത്. 1903ല്‍ നിര്‍മിച്ച ആ വിമാനത്തിന് ഫ്‌ലെയര്‍ എന്ന് പേരിട്ടു. 12 കുതിരശക്തിയുള്ള പെട്രോള്‍ എഞ്ചിൻ ഘടിപ്പിച്ച ആ വിമാനത്തിന് രണ്ട് ചിറകുകളുണ്ടായിരുന്നു. ഒരു പൈലറ്റിന് നിയന്ത്രിക്കാന്‍ പറ്റുമെന്നതായിരുന്നു ഇതിന്റെ പ്രത്യേകത. 1903 ഡിസംബര്‍ 17ന് ഓര്‍വില്‍ റൈറ്റ് ഇത് ആദ്യമായി പറത്തി. നോര്‍ത്ത് കാരലൈനക്കടുത്തുള്ള കിറ്റിഹോക്ക് എന്ന സ്ഥലത്തായിരുന്നു ചരിത്ര സംഭവം അരങ്ങേറിയത്. ആദ്യ പറക്കല്‍ 37 മീറ്റര്‍ ദൂരമായിരുന്നു. മണിക്കൂറില്‍ 48 കിലോമീറ്ററായിരുന്നു വേഗത.

plane

യാത്രാ വിമാനങ്ങൾ

1920 -30 കാലമാണ് വിമാന നിര്‍മാണ ചരിത്രത്തിലെ സുവര്‍ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഈ സമയത്ത് ചെറിയ യാത്രാവിമാനങ്ങള്‍ യൂറോപ്പില്‍ ഉപയോഗിച്ച് തുടങ്ങി. 1918ല്‍ അമേരിക്കന്‍ പോസ്റ്റല്‍ സര്‍വീസ്, വിമാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. രാജ്യാന്തര വിമാനയാത്ര ആദ്യമായി തുടങ്ങിയത് 1919 ലാണ്. ഫ്രാന്‍സില്‍ നിന്ന് ബെല്‍ജിയത്തിലേക്കായിരുന്നു അത്. പിന്നീട് പല കമ്പനികളും ലോകത്തിന്റെ നാനാ ഭാഗത്തും വിമാന നിര്‍മാണവുമായി മുന്നോട്ടുവന്നു. ബോയിംഗ് 247 എന്ന മാതൃക നിര്‍മിക്കപ്പെട്ടു.

മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗത ആര്‍ജിക്കാന്‍ കഴിഞ്ഞിരുന്ന ഈ വിമാനത്തിന് 1,200 കിലോമീറ്റര്‍ വരെ പറക്കാന്‍ ശേഷിയുണ്ടായിരുന്നു. മാത്രമല്ല, പത്ത് യാത്രക്കാരെയും അതില്‍ കയറ്റാമായിരുന്നു.

plane

വെള്ള നിറത്തിന് പിന്നിൽ

പ്രകാശത്തിന്റെ എല്ലാ വേവ് ലെംഗ്തുകളെയും പ്രതിഫലിപ്പിക്കാൻ വെള്ള നിറത്തിന് സാധിക്കും. ഇതുവഴി വിമാനത്തിലെ താപനില നിയന്ത്രിക്കാൻ ഒരു പരിധിവരെ കഴിയുന്നു. അതിനാലാണ് വിമാനങ്ങൾക്ക് പൊതുവെ വെള്ള നിറം നൽകുന്നത്. വെള്ള നിറത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഉയർന്ന കാഴ്ച പരിധി. വെള്ള നിറങ്ങൾ വിമാനങ്ങളുടെ കാഴ്ച പരിധി ഉയർത്തുന്നു. ഇത് അടിയന്തര സാഹചര്യങ്ങളിൽ ഏറെ ഗുണം ചെയ്യും.

മറ്റ് കളറുകൾ പോലെ വെള്ള നിറം മങ്ങില്ല എന്നതും പ്രയോജനകരമാണ്. മാത്രമല്ല വെള്ള നിറത്തിന്റെ മെയിന്റനൻസും വൃത്തിയാക്കലും എളുപ്പമാണ്. ആകാശത്ത് പറക്കുന്ന, പ്രത്യേകിച്ച് 30,000 അടി മുകളിൽ പറക്കുന്ന വിമാനങ്ങൾക്ക് സൂര്യ പ്രകാശത്തിനൊപ്പം, അൾട്രാ വയലറ്റ് രശ്മികളെയും ഉയർന്ന തോതിൽ നേരിടേണ്ടതായി വരും. ഇത് നിറം മങ്ങുന്നതിന് കാരണമാകുന്നു. അതിനാൽ ഇരുണ്ട നിറങ്ങളെ അപേക്ഷിച്ച് വെള്ള മങ്ങുമ്പോഴും അതിന്റെ മനോഹാരിത വർദ്ധിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

ഒരു വിമാനം പെയിന്റ് ചെയ്യണമെങ്കിൽ ഏകദേശം 50,000 മുതൽ രണ്ട് ലക്ഷം ഡോളർ വരെയാണ് ചെലവ് വരുന്നത്.കൂടാതെ 747 ബോയിംഗ് വിമാനങ്ങൾ പോലുള്ളവയ്ക്ക് വേണ്ടത് 250 കിലോഗ്രാം പെയിന്റാണ്. ഒപ്പം, 25 കിലോഗ്രാം പോളിഷും ആവശ്യമാണ്. അതിനാൽ വെള്ള നിറം വിമാനങ്ങൾക്ക് നൽകുന്നത് വഴി വാർഷിക ചെലവ് കുറയ്ക്കാൻ എയർലൈനുകൾക്ക് സാധിക്കുന്നു.

മാത്രമല്ല, ഇരുണ്ട നിറത്തിലുള്ള പെയിന്റിന് ഭാരം കൂടുതലാണ്. എട്ടുപേരുടെ ശരീരഭാരത്തിന് തുല്യമാണ് ഇരുണ്ട നിറത്തിലുള്ള പെയിന്റ് എന്നാണ് പറയപ്പെടുന്നത്. ഇരുണ്ട പെയിന്റിൽ പിഗ്‌മെന്റുകൾ കൂടുതലായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പക്ഷികളുമായുള്ള കൂട്ടിയിടി ഒഴിവാക്കാനും വെള്ള പെയിന്റ് സഹായിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AIRPLANE, PLANE, EXPLAINER, WHITE COLOUR PAINT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.