SignIn
Kerala Kaumudi Online
Tuesday, 09 July 2024 6.58 PM IST

ജലദോഷത്തിന് ആവി പിടിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്, ഇനി തെറ്റ് ആവർത്തിക്കരുത്, ജീവന് പോലും ആപത്ത്

1

പനി വരുമ്പോൾ ആദ്യമേ ആശുപത്രിയിൽ പോയി മരുന്ന് വാങ്ങി കഴിക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ കുറവാണ്. പാരസെറ്റമോൾ, ഡോളോ പോലുള്ള മരുന്നുകൾ സ്വയം വാങ്ങി കഴിച്ച് അതിലും കുറവില്ലെങ്കിൽ മാത്രമാണ് ഡോക്‌ടറെ കാണാൻ പോവുക. ഈ ശീലം തെറ്റാണെന്ന് അറിയാമായിരുന്നിട്ടും ജനങ്ങൾ ആശുപത്രിയിൽ പോകാൻ മടിക്കുകയാണ്.

പനിയോ ജലദോഷമോ വരുമ്പോൾ ഉടനെ മരുന്നുകൾ കഴിക്കുന്നതിന് പകരം ഹൈഡ്രജൻ പെറോക്‌സൈഡ് ഉപയോഗിച്ച് ആവിപിടിക്കണം. അത് വളരെ വേഗം അസുഖം ഭേദമാക്കും എന്ന് നടി സാമന്ത റൂത്ത് പ്രഭു ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടത് വൈറലായിരുന്നു. ഇതിനെതിരെ ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പോലും വിമർശനവുമായെത്തി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് TheLiverDoc എന്ന പേരിൽ സമൂഹ മാദ്ധ്യമങ്ങളിൽ അറിയപ്പെടുന്ന ഡോ. ആബി ഫിലിപ്‌സ് നടിക്കെതിരെ പോസ്റ്റിട്ടു.

2

ഇതിനെതിരെ സാമന്ത മൂന്ന് പേജുള്ള പ്രസ്‌താവനയാണ് പങ്കുവച്ചത്. നല്ല ഉദ്ദേശത്തോടെയാണ് സ്റ്റോറി ഇട്ടതെന്നും ആരെയും ദ്രോഹിക്കാനില്ലെന്നും നടി കുറിച്ചു. കൂടാതെ 25 വർഷത്തെ പ്രവൃത്തി പരിചയമുള്ള തന്റെ ഡോക്‌ടർ നിർദേശിച്ചതാണെന്നും, വിഷയത്തിൽ സംവാദം നടത്തണമെങ്കിൽ തന്റെ ഡോക്‌ടറെ സമീപിച്ചാൽ മതിയെന്നും അവർ കുറിപ്പിൽ പറഞ്ഞു.

എന്താണ് ഹൈഡ്രജൻ പെറോക്‌സൈഡ് എന്നും അതുപയോഗിച്ചാൽ ദോഷങ്ങൾ ഉണ്ടാകുമോ എന്നും നോക്കാം.

3

എന്താണ് ഹൈഡ്രജൻ പെറോക്‌സൈഡ് നെബുലൈസേഷൻ?

പനി, ജലദോഷം, ആസ്‌ത്മ പോലുള്ള അസുഖങ്ങൾ വരുമ്പോൾ മരുന്ന് ശ്വാസകോശത്തിലേക്ക് നേരിട്ട് എത്തിക്കാനായാണ് പലപ്പോഴും നെബുലൈസർ ഉപയോഗിക്കുന്നത്. ഇതിൽ മരുന്നും വെള്ളവും ചേർത്ത് ആവി കൊള്ളുമ്പോൾ വളരെ വേഗം അസുഖം മാറുന്നു. എന്നാൽ, ഹൈഡ്രജൻ പെറോക്‌സൈഡിൽ കെമിക്കലുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഹെഡ്രജനും ഓക്‌സിജനും ചേർന്ന ഈ സംയുക്തം അണുനാശിനിയായി ഉപയോഗിക്കാറുണ്ട്. മാത്രമല്ല, ബ്ലീച്ചുകൾ, ഡൈകൾ, ആന്റിസെപ്‌റ്റിക് എന്നിവയിലും ഈ രാസ സംയുക്തം കാണപ്പെടുന്നു. ഏജൻസി ഓഫ് ടോക്സിക് സബ്സ്റ്റൻസസ് ആൻഡ് ഡിസീസ് രജിസ്ട്രി പ്രകാരം, ഉയർന്ന സാന്ദ്രതയുള്ള ഈ രാസ സംയുക്തം ശ്വസിച്ചുകഴിഞ്ഞാൽ അത് ശ്വാസകോശത്തെ നശിപ്പിക്കുകയും ശ്വാസനാളത്തിൽ വീക്കം ഉണ്ടാക്കുകയും ചെയ്യും.

4

അപകട സാദ്ധ്യതകൾ?

ഹൈഡ്രജൻ പെറോക്സൈഡിന്റെ ലായനികളിൽ നിന്നുള്ള നീരാവി ശ്വസിക്കുന്നത് ഗുരുതര രോഗാവസ്ഥയ്‌‌ക്ക് കാരണമാകും. ഇത് അമിതമായി ശ്വസിക്കുന്നത് ശ്വാസ തടസത്തിനും ന്യുമോണിയ, ചുമയ്‌ക്കുമ്പോൾ രക്തം, നെഞ്ചുവേദന എന്നിവയ്‌ക്ക് വരെ കാരണമായേക്കാം എന്നാണ് യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നത്.

'ഹൈഡ്രജൻ പെറോക്സൈഡ് സൈറ്റോടോക്സിക് ആണ്, അതായത് കോശങ്ങളെ നശിപ്പിക്കാൻ ഇതിന് കഴിയും. ഹൈഡ്രജൻ പെറോക്സൈഡ് ശ്വസിക്കുന്നത് സെല്ലുകൾക്ക് കേടുപാടുകൾ ഉണ്ടാകാനും മരണത്തിനും ഇടയാക്കും, പ്രത്യേകിച്ച് ശ്വാസകോശത്തിനുള്ളിലെ അതിലോലമായ കോശങ്ങളെയാണ് ഇവ ബാധിക്കുക' , മുംബയ് ആസ്ഥാനമായുള്ള ജനറൽ ഫിസിഷ്യൻ ഡോ. റൂഹി പിർസാദ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

5

ഡോക്‌ടർമാർ പോലും എതിർത്ത ഹൈഡ്രജൻ പെറോക്സൈഡ്

കൊവിഡ് കാലത്ത് വീട്ടിൽ ഇരുന്നുകൊണ്ട് ഡോക്‌ടറുടെ നിർദേശമില്ലാതെ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് ആവി പിടിക്കുന്നവരുടെ എണ്ണം വളരെ കൂടുതലായിരുന്നു. ഇതിനെതിരെ നിരവധി ഡോക്‌ടർമാർ രംഗത്തെത്തിയിരുന്നു. ഹൈഡ്രജൻ പെറോക്സൈഡിന് പകരം കോർട്ടികോസ്റ്റീറോയിഡ്, ബ്രോങ്കോഡൈലേറ്ററുകൾ തുടങ്ങിയ മരുന്നുകൾ ഉപയോഗിക്കാനാണ് അന്ന് ഡോക്‌ടർമാർ പറഞ്ഞിരുന്നത്.

ആസ്‌ത്മ, അലർജികൾ തുടങ്ങിയ പ്രശ്‌നങ്ങളുള്ളവർ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് ആവി പിടിച്ചുകഴിഞ്ഞാൽ മാരകമായ പ്രശ്‌നങ്ങൾ ഉണ്ടാകും. മാത്രമല്ല, ജലദോഷം വരുമ്പോൾ വെറും ചൂട് വെള്ളത്തിൽ ആവി പിടിക്കുന്നതിലൂടെ തന്നെ പ്രശ്‌നങ്ങൾ മാറിക്കിട്ടുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. മാത്രമല്ല, രോഗ നിർണയത്തിനും ഫലപ്രദമായ ചികിത്സയ്‌ക്കും ഒരു ഡോക്‌ടറെ സമീപിക്കുന്നതാണ് എല്ലായ്‌പ്പോഴും സുരക്ഷിതം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HYDROGEN PEROXIDE, STEAMING, NEBULIZER, NEBULISATION, HARMFUL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.