കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടനും മുൻ എം പിയുമായ സുരേഷ് ഗോപിയെ ചോദ്യംചെയ്തശേഷം വിട്ടയച്ചു. രണ്ടുമണിക്കൂർ ചോദ്യംചെയ്തശേഷം വീണ്ടും ഹാജരാകാനുള്ള നോട്ടീസ് നൽകിയാണ് നടക്കാവ് പൊലീസ് അദ്ദേഹത്തെ വിട്ടയച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാവണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്റ്റേഷന് പുറത്തേക്ക് എത്തിയ താരം കാറിന്റെ സൺറൂഫ് തുറന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയും ചെയ്തു. ബിജെപി പ്രവർത്തകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ സുരേഷ് ഗോപി കെ സുരേന്ദ്രൻ അടക്കമുളള നേതാക്കൾക്കും നന്ദി പ്രകാശിപ്പിച്ചു. പൊലീസിന് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിക്കുകയും ചെയ്തു.
ഇന്ന് രാവിലെയാണ് സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് ബി ജെ പി പ്രവർത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെ നടക്കാവ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരായത്. സുരേഷ് ഗോപി എത്തുന്നതിന് മുൻപുതന്നെ ബി ജെ പി പ്രവർത്തകർ സ്റ്റേഷന് മുന്നിൽ എത്തിയിരുന്നു. 'വേട്ടയാടാൻ അനുവദിക്കില്ല, കോഴിക്കോട് എസ് ജിക്കൊപ്പം' എന്നെഴുതിയ പോസ്റ്ററുകളും ബാനറുകളും പിടിച്ചെത്തിയ പ്രവർത്തകർ സുരേഷ് ഗോപിയ്ക്ക് അനുകൂലമായ മുദ്രവാക്യങ്ങളും വിളിച്ചു. മൂന്ന് അഭിഭാഷകരാണ് സുരേഷ് ഗോപിക്കായി സ്‌റ്റേഷനിലെത്തിയത്.. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് എന്നിവരും എത്തിയിരുന്നു.
മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ 354 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ചോദ്യം ചോദിച്ച മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവം നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകരുടെയും പരാതിക്കാരിയുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. വീഡിയോയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പൊലീസ് ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |