ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ പുതിയ വിവരങ്ങൾ പുറത്ത്. ചിത്രത്തിൽ പാകിസ്ഥാൻ നടി മഹിറ ഖാൻ പ്രധാന വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഷാരൂഖ് ഖാൻ നായകനായ 'റയീസ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാണ് മഹിറ.
ഉർദ്ദു സിനിമകളിലും ടെലിവിഷനിലും പ്രവർത്തിക്കുന്ന മഹിറ ഖാൻ റയിസിലൂടെയാണ് ആദ്യമായി ഇന്ത്യൻ സിനിമയിൽ എത്തുന്നത്. പാകിസ്ഥാൻ നടി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമായി എമ്പുരാൻ മാറുന്നു. ഇപ്പോൾ എമ്പുരാൻ ഷെഡ്യൂൾ ബ്രേക്കിലാണ്. ചിത്രത്തിന്റെ ലഡാക്ക് ഷെഡ്യൂളിൽ മഹിറ അഭിനയിച്ചിരുന്നു .ജനുവരിയിൽ ആരംഭിക്കാൻ ഒരുങ്ങുന്ന യു.എസ് ഷെഡ്യൂളിലും അഭിനയിക്കുന്നുണ്ട്. എമ്പുരാന്റെ അടുത്ത ഷെഡ്യൂളിന്റെ സെറ്റ് നിർമ്മാണ ജോലികൾ ആരംഭിച്ചിട്ടുണ്ട്.
മഞ്ജുവാര്യർ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സാനിയ അയ്യപ്പൻ തുടങ്ങി നീണ്ട താരനിര അണിനിരക്കുന്നുണ്ട്. മുരളി ഗോപി രചന നിർവഹിക്കുന്ന ചിത്രത്തിന് സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക പ്രൊഡക്ഷൻസ് നിർമ്മാണ പങ്കാളിയായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
അതേസമയം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പലനടയിൽ സിനിമയുടെ മൂന്നാമത്തെ ഷെഡ്യൂളിൽ പൃഥ്വിരാജ് ജോയിൻ ചെയ്തു. പൃഥ്വിരാജും ബേസിൽ ജോസഫും നായകൻമാരായി എത്തുന്ന ചിത്രത്തിന് ഇനി ഒരു ഷെഡ്യൂൾ കൂടി അവശേഷിക്കുന്നുണ്ട്. കൊച്ചിയിൽ ആണ് നാലാം ഷെഡ്യൂൾ. ഈ ഷെഡ്യൂളിൽ ബേസിൽ ജോസഫ് മാത്രമാണ്. നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയും പൃഥ്വിരാജിന് പൂർത്തിയാക്കാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |