SignIn
Kerala Kaumudi Online
Saturday, 23 May 2026 3.30 PM IST

എസ്.എഫ്.ഐ മുൻ നേതാവിന്റെ വ്യാജ സർട്ടിഫിക്കറ്റ്: കായംകുളം എം.എസ്.എം പ്രിൻസിപ്പലിനെ നീക്കി

p

തിരുവനന്തപുരം: കായംകുളം എം.എസ്.എം കോളേജിൽ ബി.കോമിന് തോറ്റ എസ്.എഫ്.ഐ മുൻ നേതാവ് നിഖിൽ തോമസ് ഛത്തീസ്ഗഡിലെ കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുമായി എം.കോമിന് പ്രവേശനം നേടിയ സംഭവത്തിൽ വീഴ്ച വരുത്തിയ കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് താഹയെ നീക്കി. ആറ് അദ്ധ്യാപകർക്കെതിരേ അച്ചടക്ക നടപടിയെടുക്കും. കേരള സർവകലാശാലയുടെ നിർദ്ദേശത്തെ തുടർന്നാണ് കോളേജ് മാനേജ്മെന്റിന്റെ നടപടി.

രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിന്റെ നിയമനത്തിന് നൽകിയിരുന്ന അംഗീകാരം സർവകലാശാല പിൻവലിക്കുകയായിരുന്നു. കോമേഴ്സ് വകുപ്പിലെ ബിരുദ, പി.ജി അദ്ധ്യാപകർക്കെതിരെയാണ് നടപടി. നിഖിലിനെ യു.ജി. പി.ജി കോഴ്സുകളിൽ പഠിപ്പിച്ചവരാണിവർ. അദ്ധ്യാപകരുടെ വിശദീകരണം തൃപ്തികരമല്ലെന്നും വിദ്യാർത്ഥിയെ അദ്ധ്യാപകർ തിരിച്ചറിഞ്ഞില്ലെന്നത് ഗൗരവതരമാണെന്നും വാഴ്സിറ്റി വിലയിരുത്തി. കേരള സർവകലാശാലയിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ടിസി, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവയെല്ലാം വ്യാജമാണെന്ന് കലിംഗ സർവകലാശാലാ രജിസ്ട്രാർ അറിയിച്ചിരുന്നു. വ്യാജ സർട്ടിഫിക്കറ്റിൽ പ്രവേശനം നേടിയത് സർവകലാശാലയുടെ അന്തസ് ഇടിച്ചെന്നാണ് രജിസ്ട്രാറുടെ റിപ്പോർട്ട്. നിഖിലിന്റെ രജിസ്ട്രേഷനും നിഖിലിന് നൽകിയ തുല്യതാ സർട്ടിഫിക്കറ്റും നേരത്തേ റദ്ദാക്കിയിരുന്നു. എലിജിബിലിറ്റി സർട്ടിഫിക്കറ്റിനായി കലിംഗയിൽ നിന്നുള്ള സ്കീം, സിലബസ് എന്നിവയുടെ ഓരോ പേജും സർവകലാശാലയിലെ ഒരു കോളേജിന്റെ പേരിലുള്ള ടിസിയും ഹാജരാക്കിയിരുന്നു. ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കോളേജിൽ അഡ്മിഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവേശനം സുതാര്യമാക്കണം, ഇന്റേണൽ മാർക്ക് പ്രസിദ്ധീകരിക്കണം, പി.ടി.എ അടക്കം നിയമപരമായി വേണ്ട കമ്മിറ്റികൾ രൂപീകരിക്കണം, പ്രവേശനത്തിന്റെ രേഖകൾ വാഴ്സിറ്റിയിൽ പരിശോധനയ്ക്ക് അയയ്ക്കണം, ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ റഗുലേഷൻ പൂർണമായി നടപ്പാക്കണം തുടങ്ങിയ നിർദ്ദേശങ്ങളും സർവകലാശാല നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MSM COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA