SignIn
Kerala Kaumudi Online
Saturday, 23 May 2026 1.13 AM IST

 എബോള വൈറസ്:.... യാത്രക്കാർക്ക് ഐസലേഷൻ ഉൾപ്പെടെ തീവ്രപരിചരണം

p

തിരുവനന്തപുരം: എബോള രോഗബാധിത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധനയും ഐസലേഷൻ സൗകര്യത്തോടുകൂടിയുള്ള തീവ്രപരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദ്രുതകർമ്മ സമിതി യോഗം അറിയിച്ചു. കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിലെ എബോള സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യസംഘടന ലോക ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലായിരുന്നു യോഗം. ഇന്ത്യയിൽ നിലവിൽ എബോള റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി. ലോകാരോഗ്യ സംഘടനയും കേന്ദ്ര സർക്കാരും നിർദ്ദേശിക്കുന്ന രാജ്യങ്ങളിൽ നിന്നു എത്തുന്നവർക്ക് 21 ദിവസം വരെയുള്ള നിരീക്ഷണ സംവിധാനം ആരോഗ്യവകുപ്പ് സജ്ജമാക്കും. ആരോഗ്യപ്രവർത്തകർക്ക് അണുബാധ നിയന്ത്രണം, പി.പി.ഇ കിറ്റുകളുടെ ഉപയോഗം, ചികിത്സാ പ്രോട്ടോക്കോളുകൾ, രോഗികളുടെ തീവ്രപരിചാരണം എന്നിവയിൽ പരിശീലനം ഉറപ്പുവരുത്താൻ മന്ത്രി നിർദ്ദേശിച്ചു.

ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡേ, ദേശീയാരോഗ്യ ദൗത്യം സംസ്ഥാന ഡയറക്ടർ രാഹുൽ കൃഷണ ശർമ്മ, ആയുഷ് മിഷൻ ഡയറക്ടർ ഡോ. സജിത്കുമാർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ. ജെ റീന, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥൻ, ആയുഷ് വകുപ്പ് മേധാവിമാർ, ഭക്ഷ്യ സുരക്ഷാ വകുപ്പ് മേധാവി, ആരോഗ്യപൊതുജനാരോഗ്യ വിദഗ്ദ്ധർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 കൊച്ചിയിലും നിരീക്ഷണം ശക്തമാക്കും

വൈറസ് വ്യാപന പശ്ചാത്തലത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിരീക്ഷണ സംവിധാനം ശക്തമാക്കാൻ സിയാൽ, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ സംയുക്ത യോഗം തീരുമാനിച്ചു. വിമാനത്താവളത്തിൽ 24 മണിക്കൂറും സർവൈലൻസ് സംവിധാനം സജ്ജീകരിക്കും. യോഗത്തിൽ സിയാൽ എയർപോർട്ട് ഡയറക്ടർ ജി. മനു, എയർപോർട്ട് ഹെൽത്ത് ഓഫീസർ ഡോ. റാഫേൽ ടെഡി, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ.എ. ആയിഷ മാനിക, സി.ഐ.എസ്.എഫ്, ഇമിഗ്രേഷൻ, എയർലൈൻസ്, എയർപോർട്ട് അതോറിട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

എബോള രോഗ ലക്ഷണങ്ങൾ

പനി, ക്ഷീണം, തലവേദന, പേശീവേദന, ഛർദ്ദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EBOLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA