ആറുവിക്കറ്റിന് പോണ്ടിച്ചേരിയെ തോൽപ്പിച്ചു
അലൂർ : വിജയ് ഹസാരേ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ അഞ്ചാം വിജയം നേടി കേരള ടീം. ഇന്നലെ നടന്ന മത്സരത്തിൽ പോണ്ടിച്ചേരിയെ ആറുവിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത പോണ്ടിച്ചേരിയെ 32.2 ഓവറിൽ 116 റൺസിന് ആൾഒൗട്ടാക്കിയശേഷം 19.5 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ വിജയിക്കുകയായിരുന്നു കേരളം. മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയ അഖിൽ സ്കറിയയും സിജോമോൻ ജോസഫും രണ്ട് വിക്കറ്റ് വീഴ്ത്തിയ ബേസിൽ തമ്പിയും ചേർന്നാണ് പോണ്ടിച്ചേരിയെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. മറുപടി ബാറ്റിംഗിൽ 13പന്തുകളിൽ നാലുഫോറും മൂന്ന് സിക്സുമടക്കം പുറത്താകാതെ 35 റൺസടിച്ച നായകൻ സഞ്ജു സാംസൺ കേരളത്തിന്റെ ടോപ് സ്കോററായി.
ആറുമത്സരങ്ങൾ പൂർത്തിയായപ്പോൾ 20 പോയിന്റാണ് കേരളത്തിനുള്ളത്. മുംബയ്ക്കും ആറ് മത്സരങ്ങളിൽ നിന്ന് 20 പോയിന്റാണുള്ളതെങ്കിലും റൺറേറ്റിൽ മുന്നിലായതിനാൽ അവരാണ് ഗ്രൂപ്പ് എയിൽ ഒന്നാമത്. ചൊവ്വാഴ്ച റെയിൽവേയ്സിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |