തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തത് സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹം മുടങ്ങിയതിനാലാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു. പിജി പഠനകാലത്തിന്റെ തുടക്കത്തിൽ തന്നെ ഷഹ്നയുടെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കം മൂലമാണ് വിവാഹം മുടങ്ങിയതെന്നും ഷഹ്നയുടെ കുടുംബം ആരോപിച്ചു.
വിവാഹത്തിനായി വീടിന്റെ പെയിന്റ് പണിയുൾപ്പെടെ നടത്തിയിരുന്നു. ഈ സമയത്താണ് ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ട് വരന്റെ ബന്ധുക്കളെത്തിയതെന്നും കുടുംബം ആരോപിച്ചു. എന്നാൽ ഇത് നൽകാൻ ഷഹ്നയുടെ കുടുംബത്തിന് കഴിയുമായിരുന്നില്ല. അതിനാൽ വിവാഹം മുടങ്ങി. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഷഹ്ന. ഷഹ്ന ഡിപ്രഷനുൾപ്പെടെ അനുഭവിച്ചിരുന്നെന്നും സഹോദരൻ പറഞ്ഞു. ഷഹ്നയുടെ മരണത്തിൽ പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണവുമായി മുന്നോട്ട് പോവുകയാണ് പൊലീസ്.
ബന്ധുക്കളുടെ ആരോപണം സാധൂകരിക്കുന്ന വാക്കുകൾ ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിലും ഉണ്ടായിരുന്നു. 'വാപ്പ പോയി, എനിക്ക് ആശ്രയമില്ലാതായി, കൊട്ടക്കണക്കിന് സ്ത്രീധനം നൽകാൻ എനിക്കാരുമില്ല. സ്നേഹബന്ധത്തിന് ഈ ഭൂമിയിൽ വിലയില്ല. എല്ലാം പണത്തിന് വേണ്ടി മാത്രം'- എന്നായിരുന്നു ഷഹ്നയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ ഉണ്ടായിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളുടെ ആരോപണവും പൊലീസ് പരിശോധിക്കും. ഷഹ്നയുടെ മൊബൈൽ ഫോണും പരിശോധനയ്ക്ക് വിധേയമാക്കും.
സർജറി വിഭാഗത്തിൽ രണ്ടാംവർഷ പിജി ഡോക്ടറായ വെഞ്ഞാറമൂട് മൈത്രീ നഗർ നാസ് മൻസിലിൽ പരേതനായ അബ്ദുൾ അസീസിന്റെയും ജമീലയുടെയും മകൾ ഇരുപത്തേഴുകാരി ഷഹ്നയെ കഴിഞ്ഞദിവസമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിയ്ക്ക് കയറേണ്ടിരുന്ന ഷഹ്ന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |