കൊച്ചി:അഭിഭാഷക വിഭാഗത്തിൽ നിന്ന് ഹൈക്കോടതി ജഡ്‌ജിമാരെ നിയമിക്കാൻ കൊളീജിയം തയ്യാറാക്കിയ അന്തിമ പട്ടികയിൽ ഈഴവരടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾക്കും ക്രിസ്ത്യാനികൾക്കും പ്രാതിനിധ്യം ഇല്ലെന്ന് സൂചന.
ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട കൊളീജിയമാണ് പട്ടിക തയ്യാറാക്കിയത്. ഈ പട്ടിക സുപ്രീംകോടതി കൊളീജിയം പരിശോധിച്ച് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശുപാർശ ചെയ്യും. മന്ത്രാലയമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
ഹൈക്കോടതി കൊളീജിയം തയ്യാറാക്കിയ ഏഴു പേരുടെ പട്ടികയിൽ ഒരു വനിതയടക്കം നാല് പേർ നായർ സമുദായമാണ്. ബ്രാഹ്മണ, പട്ടികജാതി / വർഗ, മുസ്ളിം വിഭാഗങ്ങളിൽ നിന്ന് ഒരാൾ വീതവുമുണ്ട്.
പിന്നാക്ക വിഭാഗങ്ങൾക്ക് ജഡ്‌ജി നിയമനങ്ങളിൽ മതിയായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സുപ്രീംകോടതിയും കേന്ദ്ര നിയമ മന്ത്രാലയവും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇങ്ങനെ പട്ടിക തയ്യാറാക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നിലവിൽ അഭിഭാഷക മണ്ഡലത്തിൽ നിന്ന് ഈഴവരായ മൂന്നു ജഡ്‌ജിമാരാണുള്ളത്.
പട്ടികജാതി പ്രാതിനിധ്യം ഉറപ്പാക്കി
ഹൈക്കോടതിയിൽ പത്തു വർഷം പ്രാക്ടീസുള്ള അഭിഭാഷകരെയാണ് നിയമനത്തിന് പരിഗണിക്കുന്നത്. ഇവരുടെ ജാതി - സമുദായ പ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് മുൻപ് നിയമനം നടത്തിയിരുന്നത്. അടുത്തിടെ പട്ടികജാതി - പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് പരിഗണന ലഭിച്ചിരുന്നതേയില്ല. ഇവർക്കും ലത്തീൻ കത്തോലിക്ക പോലുള്ള പിന്നാക്ക വിഭാഗങ്ങൾക്കും ജഡ്ജി നിയമനങ്ങളിൽ മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം പൊന്നുരുന്നി സ്വദേശി ഡോ. എം.കെ. മുകുന്ദൻ നവംബറിൽ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിൽ പട്ടികജാതി പട്ടിക വർഗത്തിൽ നിന്ന് ഒരാളെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് സൂചന.
മൂന്ന് ഈഴവ പേരുകൾ വെട്ടി
40 അഭിഭാഷകരുടെ ലിസ്റ്റാണ് ആദ്യം തയ്യാറാക്കിയത്. ഇതു പിന്നീട് 25 പേരിലേക്കും 20 പേരിലേക്കും ചുരുങ്ങി. വീണ്ടും അഭിമുഖമടക്കമുള്ള ഘട്ടങ്ങൾ കടന്ന് 14 പേരുടെ പട്ടിക തയ്യാറാക്കി ഐ.ബിയുടെ ക്ളിയറൻസ് തേടി. ഇതിൽ 11 പേർ എറണാകുളം ജില്ലയിലുള്ളവരായിരുന്നു. ഇവരുടെ പേരുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത്. ഈ ഘട്ടത്തിൽ മുൻ ഗവ. പ്ളീഡറായ ഒരു വനിതയടക്കം മൂന്നു ഈഴവ പേരുകൾ ഉണ്ടായിരുന്നു. അന്തിമ ലിസ്റ്റിൽ ഇവർ പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |