ന്യൂഡൽഹി: വാഹനം തടയാൻ എസ്എഫ്ഐ പ്രവർത്തകർ എത്തിയാൽ ഇനിയും പുറത്തിറങ്ങുമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ് സർവകലാശാലയിൽ എത്തുമ്പോൾ ഗസ്റ്റ് ഹൗസിലല്ല, ക്യാംപസിൽ താമസിക്കുമെന്നും ഗവർണർ വ്യക്തമാക്കി. കോഴിക്കോട്ടേക്ക് പുറപ്പെടുന്നതിന് മുമ്പ് ഡൽഹിയിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
''എസ്എഫ്ഐ പ്രവർത്തകർ വാഹനം വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ദൃശ്യങ്ങളിൽ നിങ്ങൾക്ക് കാണാൻ സാധിക്കും. സുരക്ഷയെ കുറിച്ച് ഞാൻ കൂടുതലൊന്നും പറയുന്നില്ല. അതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടുമില്ല. ഞാൻ എന്ത് ചെയ്യണം എന്ന് ഉദ്യോഗസ്ഥർക്ക് നിർബന്ധിക്കാനാകില്ല. മുഖ്യമന്ത്രിയുടെ കാർ ആയിരുന്നെങ്കിൽ അതിനടുത്തേക്ക് പോകാൻ അവർ ആരെയെങ്കിലും അനുവദിക്കുമായിരുന്നോ? തിരുവനന്തപുരത്ത് മാത്രമല്ല, നേരത്തേ കണ്ണൂരിലും എസ്‌എഫ്‌ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പ്രതിഷേധിക്കുമെങ്കിലും തടയാനില്ലെന്നാണ് ഇപ്പോൾ എസ്‌എഫ്‌ഐക്കാർ പറയുന്നത്. നേരത്തേ വാഹനം തടഞ്ഞതിലൂടെ വീഴ്ച ഉണ്ടായെന്ന് സമ്മതിക്കാൻ അവർ അതുവരെ തയ്യാറായിട്ടുണ്ടോ? എസ്‌എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. വരുന്നവർ ഗുണ്ടകളാണ്. അവരോട് സന്ധിയില്ല. പൊലീസ് സുരക്ഷയെ കുറിച്ചും ആകുലതയില്ല.'' - ഗവർണർ പറഞ്ഞു.
ഗവർണറെ ക്യാംപസിൽ കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു എസ്എഫ്ഐയുടെ വെല്ലുവിളി. ഇത് ഏറ്റെടുത്താണ് ഗവർണർ സർവകലാശാല ഗസ്റ്റ് ഹൗസിൽ തന്നെ തങ്ങാൻ തീരുമാനിച്ചത്. തിരുവനന്തപുരം, കാലിക്കറ്റ് സർവകലാശാലകളിലെ സെനറ്റിലേയ്‌ക്ക് ബിജെപി അനുകൂലികളെ തിരുകി കയറ്റുന്നെന്ന് ആരോപിച്ചായിരുന്നു തിരുവനന്തപുരത്ത് ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചത്. വിവാദമായ അതേ സർവകലാശാലയിലേയ്‌ക്കാണ് ഗവർണർ ഇന്ന് എത്തുന്നത്. വൈകിട്ട് കരിപ്പൂരിൽ വിമാനമിറങ്ങുന്ന അദ്ദേഹം 6.50ന് സർവകലാശാല ഗസ്റ്റ് ഹൗസിലെത്തും. നാളെ കോഴിക്കോട് നടക്കുന്ന സാദിഖലി ശിഹാബ് തങ്ങളുടെ മകന്റ വിവാഹത്തില്‍ പങ്കെടുക്കും. തിങ്കളാഴ്ച 3.30ന് ഭാരതീയ വിചാരകേന്ദ്രവും സനാതന ധര്‍മ ചെയറും ചേര്‍ന്ന് സര്‍വകലാശാല കോംപ്ലക്സില്‍ സംഘടിപ്പിക്കുന്ന സെമിനാറാണ് പ്രധാനപരിപാടി. ശേഷം അന്ന് രാത്രി തന്നെ തിരുവനന്തപുരത്തേക്ക് മടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |