കണ്ണൂർ: ഇ.എസ്.ഐ പാനലിൽ കണ്ണൂർ-കാസർകോട് ജില്ലയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളെ ഉൾപ്പെടുത്താത്തതിനെ തുടർന്ന് തൊഴിലാളികൾ ദുരിതത്തിൽ. സംസ്ഥാനത്ത് ഈ ജില്ലകൾക്ക് മാത്രമാണ് ഈ ഗതികേടുള്ളത്. വിദഗ്ദ്ധചികിത്സയ്ക്ക് കോഴിക്കോട് അടക്കമുള്ള ജില്ലകളിലേക്ക് പോകേണ്ടുന്ന അവസ്ഥയാണ് ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെട്ട തൊഴിലാളികൾക്ക്.
ഇരുജില്ലകളിലെയും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളെ ഇ.എസ്.ഐ പാനലിൽ ഉൾപ്പെടുത്തണമെന്ന് വിവിധ തൊഴിലാളി സംഘടനകൾ ഉൾപ്പടെ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ ചെവിക്കൊണ്ടിട്ടില്ല. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഉൾപ്പെടെ ഇ.എസ്.ഐയിൽ ഉൾപ്പെടുത്തിയിട്ടില്ല. തോട്ടട ഇ.എസ്.ഐ ആശുപത്രിയിലാണെങ്കിൽ ചികിത്സാ സൗകര്യങ്ങൾ വളരെ പരിമിതമാണു താനും.
എ.കെ.ജി, കൊയിലി, ചെറുകുന്ന് മിഷൻ ആശുപത്രി, തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി, കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കേളേജ്, കോടിയേരി കാൻസർ സെന്റർ എന്നിവിടങ്ങളിൽ നേരത്തെ ഇ.എസ്.ഐ ചികിത്സാ പദ്ധതി മുഖേന സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ക്യാഷ്‌ലെസ് ചികിത്സ സൗകര്യം ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഈ ആശുപത്രികളിലൊന്നും ഈ സൗകര്യമില്ല.
എം പാനൽ ചെയ്ത ആശുപത്രികൾക്ക് നിശ്ചിത സമയത്ത് ഇ.എസ്.ഐ കോർപ്പറേഷൻ ഫണ്ട് അനുവദിക്കാത്തതാണ് ആശുപത്രികൾ പിന്തിരിയാനിടയാക്കിയതെന്നാണ് ആക്ഷേപം. പദ്ധതി തുടരണമെന്ന് ആശുപത്രികളോട് ആവശ്യപ്പെടുമ്പോഴെല്ലാം ഒരു വർഷം കഴിഞ്ഞിട്ടും ഇ.എസ്.ഐ കോർപ്പറേഷന്റെ ഫണ്ട് ലഭിക്കുന്നില്ലെന്നാണ് ആശുപത്രികളുടെ മറുപടി.
തോട്ടട ഇ.എസ്.ഐ ആശുപത്രി പേരിനു മാത്രം
വിവിധ വിഭാഗങ്ങളിലായി വിദഗ്ദ്ധ ഡോക്ടർമാരും ജീവനക്കാരും ഉണ്ടെങ്കിലും പല ചികിത്സകൾക്കും പരിശോധനകൾക്കും തോട്ടട ഇ.എസ്.ഐ ആശുപത്രിയിൽ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് റഫർ ചെയ്യുകയാണെന്നാണ് പരാതി. ജില്ലയിലെ രണ്ടുലക്ഷത്തോളം ഗുണഭോക്താക്കൾ ആശുപത്രിക്ക് കീഴിലുണ്ട്. തൊഴിലാളിക്കും കുടുംബത്തിനും പ്രതിവർഷം 10 ലക്ഷം രൂപയുടെ ആളോഹരി ചികിത്സാസഹായമാണ് പദ്ധതിയിലൂടെ നൽകുന്നത്. എന്നാൽ ആവശ്യമായ സേവനങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ ആളുകൾ ആശുപത്രിയിലേക്ക് വരാൻ തന്നെ മടിക്കുന്നു. ഓപ്പറേഷൻ തീയറ്റർ ഉണ്ടെങ്കിലും സർജറിയും കാര്യമായി നടക്കുന്നില്ല. കഴിഞ്ഞ വർഷം ഡിസംബർ 14ന് ഇ.എസ്.ഐ. ബോർഡ് അംഗം ആശുപത്രി സന്ദർശിച്ച് അധികൃതരുമായി കാര്യങ്ങൾ ചർച്ചനടത്തിയിരുന്നെങ്കിലും കാര്യമായ വികസനമൊന്നും ആശുപത്രിയിലുണ്ടായിട്ടില്ല. നിലവിൽ സംസ്ഥാന തൊഴിൽവകുപ്പിന് കീഴിലാണ് തോട്ടട ഇ.എസ്.ഐ. പ്രവർത്തിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 16 സേവനം ലഭ്യമാണെന്ന് ആശുപത്രിയുടെ പുറത്ത് എഴുതി വച്ചിട്ടുണ്ടെന്നല്ലാതെ പ്രവർത്തികമാകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |