SignIn
Kerala Kaumudi Online
Sunday, 06 October 2024 3.49 PM IST

കൗമാരോത്സവത്തിന് വിവാദരഹിത സമാപനം

Increase Font Size Decrease Font Size Print Page
f

നീണ്ട 15 വർഷങ്ങൾക്ക് ശേഷം കൊല്ലത്തേക്കെത്തിയ കൗമാര കലോത്സവ മാമാങ്കത്തിന് വിവാദങ്ങളോ പരാതികളോ ഇല്ലാത്ത സമാപനം. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായെത്തിയ 12,500 ഓളം കലാകാരന്മാരുടെ സർഗ്ഗവാസനകൾ മാറ്റുരച്ച വേദികളിലെല്ലാം കാണികൾ തിങ്ങിനിറഞ്ഞൊഴുകിയപ്പോൾ ആതിഥ്യമര്യാദയിലും പങ്കാളിത്തത്തിലും കൊല്ലം ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചു. 5 ദിനരാത്രങ്ങൾ നൃത്തത്തിന്റെയും പാട്ടിന്റെയും കഥാകഥനത്തിന്റെയും സാഹിത്യ മത്സരങ്ങളുടെയുമൊക്കെ മാറ്റുരയ്ക്കൽ വേദിയാകാൻ കൊല്ലത്തും പരിസരത്തുമായി കലാ, സാംസ്കാരിക, സാഹിത്യ മേഖലകളിൽ കൊല്ലത്തിന്റെ അഭിമാനമായി മാറിയ സർഗ്ഗധനന്മാരുടെ പേരുകൾ നൽകിയ 24 വേദികളിലും ആവേശപ്പൂരമായിരുന്നു. കഴിഞ്ഞ വർഷത്തെ കിരീടധാരികളായ കോഴിക്കോടിൽ നിന്ന് ഇക്കുറി കണ്ണൂർ കലാകിരീടം ചൂടിയപ്പോൾ മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി പങ്കെടുത്ത സമാപന ചടങ്ങിൽ ആശ്രാമത്തെ മുഖ്യവേദിയും പരിസരവും ജനമഹാസാഗരമായി മാറി. കൊല്ലത്ത് കലോത്സവം നിശ്ചയിച്ചപ്പോൾ കാണാൻ വേണ്ടത്ര ആസ്വാദകരെത്തുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്ന പഴമൊഴിയെ അന്വർത്ഥമാക്കും വിധമുള്ള ജനസഞ്ചയമാണ് ദേശിംഗനാട്ടിലേക്ക് ഒഴുകിയെത്തിയത്. 5 ദിവസങ്ങളിലായി കലയുടെ പൂരക്കാഴ്ചകൾ കാണാൻ 5 ലക്ഷത്തോളം പേരാണ് ഒഴുകിയെത്തിയതെന്നാണ് ഔദ്യോഗിക കണക്ക്. ഇതുപോലൊരു കലാമാമാങ്കം ഇനിയെത്താൻ ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പ് വേണ്ടിവരുമെന്ന തിരിച്ചറിവാണ് എല്ലാ തിരക്കുകളും മാറ്റിവച്ച് ഇവിടേക്കെത്താൻ കൊല്ലം നിവാസികളെ പ്രേരിപ്പിച്ചത്.

സമാപന ദിവസമായ തിങ്കളാഴ്ച വൈകിട്ട് ആശ്രാമം മൈതാനവും സമീപപ്രദേശങ്ങളും ജനസഹസ്രങ്ങളാൽ തിങ്ങിനിറഞ്ഞു. മൈതാനത്ത് മണ്ണ് നുള്ളിയിടാനുള്ള സ്ഥലം പോലുമില്ലാത്തവിധമായിരുന്നു കാണികളുടെ ഒഴുക്ക്. മമ്മൂട്ടിയെ കാണാനും അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാനും തടിച്ചുകൂടിയവരുടെ, വിശേഷിച്ച് യുവതയുടെ ആവേശം നിയന്ത്രിക്കാൻ പൊലീസിനും സംഘാടകർക്കും നന്നേ ബുദ്ധിമുട്ടേണ്ടി വന്നു. സാംസ്കാരിക തനിമയിലും നയനാനന്ദകരമായ കാഴ്ചകൾക്കും അനേകം കലാകാരന്മാരുടെ ജന്മനാടെന്ന നിലയിലും പേരുകേട്ട കൊല്ലത്തിന്റെ പാരമ്പര്യവും വ്യതിരിക്തതയും ഒരിയ്ക്കൽക്കൂടി ലോകത്തിന്റെ ശ്രദ്ധയിലേക്കെത്തിക്കാൻ കലാമാമാങ്കം നിമിത്തമായി. ഉറങ്ങിക്കിടന്ന വ്യാപാര, വാണിജ്യ, വിനോദസഞ്ചാര മേഖലകൾക്കെല്ലാം ഉത്തേജകമാകും വിധം കൊല്ലത്തിന്റെ പെരുമയും സാംസ്കാരികത്തനിമയും ലോകത്തിനു മുന്നിലെത്തിക്കാൻ വാർത്താമാദ്ധ്യമങ്ങൾ മത്സരിക്കുകയായിരുന്നു. വേദികളിൽ നടക്കുന്ന കലാമത്സരങ്ങൾ മാത്രമല്ല, കൊല്ലത്തിന്റെ പ്രൗഢിയും ചരിത്ര, സാംസ്കാരികപാരമ്പര്യവും വിളിച്ചോതുന്ന അഷ്ടമുടിക്കായലും ചിന്നക്കടയും തങ്കശ്ശേരിയും കൊല്ലം ബീച്ചും മൺട്രോതുരുത്തും നീണ്ടകരയും കാഞ്ഞിരോട്ട് കായലിലെ മത്സ്യവും ചീനവലയും സാമ്പ്രാണിക്കോടിയും തെന്മലയും മാക്രിയില്ലാക്കുളവുമൊക്കെ വാർത്താ മാദ്ധ്യമങ്ങൾ ആഘോഷമാക്കി മാറ്റി. മറ്റുജില്ലകളിൽ നിന്നെത്തിയവർക്ക് കൊല്ലത്തിന്റെ പരമ്പരാഗത വ്യാവസായികോത്പന്നമായ കശു അണ്ടിയുടെ സമാനതകളില്ലാത്ത രുചിപ്പെരുമയും പ്രാധാന്യവും ആസ്വാദ്യകരമാക്കാനുള്ള അവസരവും ഈ മേളയുടെ ഭാഗമായി കൈവന്നു. ആശ്രാമത്തെ പ്രധാന വേദിയ്ക്കടുത്ത് സജ്ജീകരിച്ച 'കാപ്പക്സി'ന്റെ സ്റ്റാളിൽ ലക്ഷങ്ങളുടെ കശുഅണ്ടിപരിപ്പാണ് വിറ്റുപോയത്. കേരളത്തിലെ ആദ്യ വിമാനത്താവളമെന്ന ചരിത്രപാരമ്പര്യം പേറുന്ന ആശ്രാമം മൈതാനത്തെ പ്രധാന വേദിയിലേക്ക് 5 ദിവസവും കാണികളുടെ ഒഴുക്കായിരുന്നു. 1957 ജനുവരി 26നാണ് കേരളത്തിലെ ആദ്യ സ്കൂൾ കലോത്സവം എറണാകുളത്ത് അരങ്ങേറിയത്. അന്ന് മത്സരിക്കാനുണ്ടായിരുന്നത് 13 ഇനങ്ങളിലായി 400 കുട്ടികൾ. 2024 ൽ 62-ാമത് കലോത്സവത്തിൽ 239 ഇനങ്ങളിലായി 12,500 ഓളം പേരാണ് മാറ്റുരച്ചത്. കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കാനായി 1956 ൽ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന സി.എസ് വെങ്കിടേശ്വരനാണ് സ്കൂൾ കലോത്സവം എന്ന ആശയം മുന്നോട്ട് വച്ചത്. ഇന്നത് വളർന്ന് പന്തലിച്ച് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കമായി മാറി.

വിവാദങ്ങളൊഴിഞ്ഞ മേള

കഴിഞ്ഞവർഷം കോഴിക്കോട്ട് നടന്ന കൗമാരകലോത്സവം മുമ്പെങ്ങുമില്ലാത്തവിധം വിവാദപെരുമഴ സൃഷ്ടിച്ചിരുന്നു. എന്നാൽ ഇക്കുറി കാര്യമായ വിവാദമോ പരാതിയോ ഇല്ലാതെ ശുഭപര്യവസാനിയായതിൽ സംഘാടകർക്ക് ആശ്വസിക്കാം. 'ബ്രാഹ്മണിക്കൽ ഹെജിമണി' യെന്ന പേരിൽ കോഴിക്കോട്ട് ചിലർ ഉയർത്തിവിട്ട അനാവശ്യ വിവാദമാണ് കഴിഞ്ഞ വർഷത്തെ കലോത്സവത്തെ വിവാദ പെരുമഴയിലാഴ്ത്തിയത്. കലോത്സവത്തിന് നൽകുന്ന ഭക്ഷണം സസ്യേതരമാക്കാത്തത് 'ബ്രാഹ്മണിക്കൽ ഹെജിമണി'യുടെ ഭാഗമാണെന്ന് ഒരു ചാനൽ പ്രവർത്തകൻ ഉയർത്തിയ ഗുരുതരമായ വിവാദം ഒരു കൊടുങ്കാറ്റിന്റെ ശക്തിയെക്കാൾ വലിയ കാറും കോളുമാണ് അന്നുയർത്തിവിട്ടത്. കാലങ്ങളായി കലോത്സവത്തിന് ഭക്ഷണമൊരുക്കുന്ന പഴയിടം മോഹനൻ നമ്പൂതിരിയെ ലക്ഷ്യമിട്ടുയർത്തിയ വിവാദം. കേരളത്തെ പഴയ ജാതിവ്യവസ്ഥയുടെ കരാള ദിനങ്ങളെപ്പോലും ഓർമ്മിപ്പിക്കും വിധം കത്തിക്കയറിയപ്പോൾ ഉത്തരവാദപ്പെട്ട സ്ഥനത്തിരിക്കുന്ന മന്ത്രിമാർ പോലും അതിൽ പക്ഷം പിടിച്ച് സംസാരിച്ചതും വിവാദത്തിന് പുതിയതലങ്ങൾ സൃഷ്ടിച്ചു. കലോത്സവം കുട്ടികളുടെ കലാസപര്യയുടെ മാറ്റുരയ്ക്കുന്ന മഹനീയ മുഹൂർത്തമെന്നതിനപ്പുറം സസ്യഭക്ഷണത്തോടൊപ്പം സസ്യേതര ഭക്ഷണം കൂടി നൽകണമെന്ന ചർച്ചയിലേക്ക് വഴുതി മാറിയപ്പോൾ പഴയിടം നമ്പൂതിരിക്കെതിരായ ജാതി അധിക്ഷേപത്തിന്റെ തലത്തിലേക്ക് വരെ വിവാദത്തിന്റെ കുന്തമുന നീണ്ടു. അതോടെ താനിനി കലോത്സവ കലവറയിലേക്കില്ലെന്ന് വേദനയോടെ പ്രഖ്യാപിച്ച പഴയിടം ആ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്തു. എന്നാൽ കൊല്ലത്ത് ഭക്ഷണത്തിന്റെ കലവറക്കാരൻ പഴയിടം തന്നെയെന്നറിഞ്ഞവർ അത്ഭുതം കൂറി. ഇനി കലോത്സവത്തിലേക്കില്ലെന്ന് പറഞ്ഞ് പോയ പഴയിടത്തിനിതെന്ത് പറ്റിയെന്ന് പലരും മൂക്കത്ത് വിരൽ വച്ചു. ഇക്കുറിയും സസ്യഭക്ഷണം തന്നെയെന്ന് ഉറപ്പായപ്പോൾ പലർക്കും ആശ്വാസമായി. പഴയിടത്തിനെ തിരികെ എത്തിക്കാൻ സർക്കാരും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും നേരിട്ട് ബന്ധപ്പെടുകയായിരുന്നു. വിവാദങ്ങൾ മറക്കണമെന്നും പഴയിടം തന്നെ കലവറയുടെ താക്കോൽ ഏന്തണമെന്നുമുള്ള അവരുടെ അഭ്യർത്ഥന അദ്ദേഹം മാനിച്ചപ്പോൾ പഴയിടത്തിനല്ലാതെ ഭക്ഷണ കലവറ ഇത്രയും ഭംഗിയായും വെടിപ്പായും വൃത്തിയായും ചെയ്യാനാകില്ലെന്ന സർട്ടിഫിക്കറ്റ് നൽകൽ കൂടിയായി. അതോടെ കലവറയിലെ രുചിഭേദം നുണയാൻ മത്സരാർത്ഥികളും അദ്ധ്യാപകരും സംഘാടകരും മാത്രമല്ല, കൊല്ലത്തെ പൗരാവലിയും തിരക്കിട്ടെത്തി. ക്രേവൻ എൽ.എം.എസ് സ്കൂളിലെ കലവറയിലെത്തി ആ ഭക്ഷണരുചികളുടെ വൈവിദ്ധ്യം അനുഭവിക്കാൻ കിട്ടാവുന്ന വഴികളിൽ നിന്നെല്ലാം പാസ് സംഘടിപ്പിച്ചായിരുന്നു മറ്റാൾക്കാരും എത്തിയത്. അങ്ങനെ കോഴിക്കോട്ട് അരങ്ങേറിയ ഭക്ഷണ വിവാദവും 'ബ്രാഹ്മണിക്കൽ ഹെജിമണി'യുമൊക്കെ കൊല്ലത്ത് അലിഞ്ഞില്ലാതായപ്പോൾ സംഘാടക മികവിന്റെ ഉത്തമോദാഹരണമായി കൊല്ലത്തെ കലോത്സവം ഓർക്കപ്പെടും.

എം.പിയെ ഒഴിവാക്കി

കലോത്സവ സമാപന സമ്മേളനത്തിൽ കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രനെ മനപൂർവം ഒഴിവാക്കിയെന്ന പരാതി അവസാന നിമിഷത്തിൽ കല്ലുകടിയായി. ജില്ലയിൽ നിന്നുള്ള മന്ത്രിമാരെയും എം.എൽ.എ മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചപ്പോൾ പ്രേമചന്ദ്രനെ മാത്രം ഒഴിവാക്കിയതായാണ് പരാതി ഉയർന്നത്. ആയിരങ്ങൾ പങ്കെടുക്കുന്ന സമാപന ചടങ്ങിൽ നിന്ന് എം.പിയെ മാത്രം ഒഴിവാക്കിയത് പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മനപൂർവമുള്ള ഒഴിവാക്കലെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ ആരോപിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KALOTSAVAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.