ശാസ്താംകോട്ട: നാടിനെ നടുക്കിയ ശാസ്താംകോട്ട കായൽ ദുരന്തത്തിന് 42 ആണ്ട്. 1982 ജനുവരി 16ന് ശാസ്താംകോട്ട കായലിൽ വള്ളം മുങ്ങി 24 പേർ മരിച്ച സംഭവമാണ് ശാസ്താംകോട്ട കായൽ ദുരന്തം. മകര പൊങ്കലിന് തലേ ദിവസം പ്രസിദ്ധമായ ശാസ്താംകോട്ട ചന്തയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങിയ പടിഞ്ഞാറെ കല്ലട വിളന്തറ സ്വദേശികളാണ് മരിച്ചവരിൽ ഏറെയും. കടത്തുകാരുടെ മുന്നറിയിപ്പ് വക വയ്ക്കാതെ കൂടുതൽ ആളുകൾ വള്ളത്തിൽ കയറി. ശാസ്താംകോട്ട അമ്പലക്കടവിൽ നിന്ന് പടിഞ്ഞാറെ കല്ലടയിലെ വെട്ടോലിക്കടവിലേക്ക് പോയ കടത്ത് വള്ളം കായലിന്റെ നടുക്ക് എത്തിയതോടെ വള്ളം ആടിയുലയാൻ തുടങ്ങി. ഇത് കണ്ട് തീരത്ത് നിന്ന മറ്റൊരു വള്ളം വന്നു. ഉടൻ തന്നെ എല്ലാവരും ഈ വള്ളത്തിൽ കയറാൻ തിക്കിതിരക്കി. അങ്ങനെ രണ്ട് വള്ളങ്ങളും മറിഞ്ഞു. വള്ളക്കാരും നീന്തൽ അറിയാവുന്നവരും ഏറെ പേരെ രക്ഷപ്പെടുത്തിയങ്കിലും 24 പേർ ശാസ്താംകോട്ട കായലിന്റെ കാണാക്കയത്തിൽ മുങ്ങി താണു. കൊച്ചിയിൽ നിന്ന് മുങ്ങൽ വിദഗ്ദ്ധർ എത്തിയാണ് രണ്ട് മൂന്ന് ദിവസത്തിന് ശേഷം മൃതദേഹങ്ങൾ കണ്ടെടുത്തത്. കായൽ ദുരന്തത്തിൽ നിന്ന് രക്ഷപെട്ട പലരും ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്.
ഡി.വൈ.എഫ്.ഐ ഓർമ്മ മരം നട്ടു
ശാസ്താം കോട്ട. : കായൽ ദുരന്തത്തിന്റെ വാർഷിക ദിനത്തിൽ ഡി.വൈ.എഫ് ഐ കായൽ തീരത്ത് ഓർമ്മ മരം നട്ടു. പടിഞ്ഞാറെ കല്ലട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണം പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മേഖലാ സെക്രട്ടറി കുന്നൂത്തറയിൽ എം.മഹേഷ്, പ്രസിഡന്റ് സച്ചിൻ രാജ്, സന്തോഷ് എസ്.വലിയപാടം, അലീന തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |