SignIn
Kerala Kaumudi Online
Sunday, 06 October 2024 3.49 PM IST

തിരിച്ചു വരുന്ന 'സൊറ' കല്യാണങ്ങൾ 

Increase Font Size Decrease Font Size Print Page
ottakam-

മലബാറിൽ പ്രത്യേകിച്ച് കണ്ണൂരിൽ ആഘോഷം അതിരുകടക്കുന്ന 'സൊറ' കല്യാണങ്ങൾ ഒരു കാലത്ത് പതിവായിരുന്നു. പൊലീസ്, യുവജന രാഷ്ട്രീയ സംഘടന, മത സംഘടനകളുടെ ഇടപെടൽ സജീവമായതോടെ ഒരു പരിധിവരെ ഈ കല്യാണാഭാസം അപ്രത്യക്ഷമായിരുന്നു. എന്നാലിപ്പോൾ ഇന്ന് അത്തരം കല്യാണ വിഡിയോകൾക്ക് സമൂഹ മാദ്ധ്യമങ്ങളിൽ ലഭിക്കുന്ന ലൈക്കും കമന്റും പുതുതലമുറയെ ആവേശഭരിതരാക്കി വീണ്ടും കല്യാണ സൊറയുടെ തിരിച്ചു വരവിലേക്ക് നയിക്കുന്നു.
സമീപകാലത്ത് കല്യാണവീടുകളിൽ അന്യംനിന്നുപോയ ആഭാസങ്ങൾ വീണ്ടും തിരിച്ചുവരുമ്പോൾ പ്രതിഷേധവും വ്യാപകമാകുകയാണ്. പലപ്പോഴും ഈ പ്രവണതകൾ സകലസീമകളും ലംഘിച്ച് ആഭാസങ്ങളും അപകടങ്ങളുമായി പരിണമിക്കാറുമുണ്ട്. വിവാഹ ആഘോഷത്തിന്റെയും വിരുന്നു സത്കാരത്തിന്റെയും മറവിലുള്ള വിക്രിയകൾ സാമൂഹിക പ്രശ്‌നമായും മാറുന്നു. കണ്ണൂരിൽ അതിരുവിട്ട വിവാഹാഘോഷത്തിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസ് എടുക്കുന്നതിലേക്ക് കാര്യങ്ങളെത്തി. കണ്ണൂർ വാരത്ത് ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും ഗതാഗത തടസ്സമുണ്ടാക്കിയാണ് വിവാഹമാഘോഷിച്ചത്. വളപ്പട്ടണം സ്വദേശിയായ വരൻ റിസ്വാനാണ് ഒട്ടകപ്പുറത്ത് കയറി ഓഡിറ്റോറിയത്തിലേക്ക് എത്തിയത്. റോഡിൽ ഗതാഗതക്കുരുക്കിന് ഇടയാക്കി വാദ്യമേളങ്ങളോടെ വിവാഹ സംഘം സഞ്ചരിച്ചപ്പോൾ പൊലീസിനു ലാത്തി വീശേണ്ടി വന്നു. വരൻ റിസ്വാനെയും 25 സുഹൃത്തുക്കളെയും പ്രതി ചേർത്താണ് ചക്കരക്കൽ പൊലീസ് കേസെടുത്തിരിക്കുന്നത്. അന്യായമായി സംഘം ചേർന്ന ഗതാഗത തടസമുണ്ടാക്കിയെന്നാണ് എഫ്.ഐ.ആർ.

വാരത്തേക്ക് വളപട്ടണത്തു നിന്ന് പുറപ്പെട്ട സംഘം കണ്ണൂർ മുണ്ടയാട് എത്തിയപ്പോഴാണ് സുഹൃത്തുക്കൾ ഇടപെട്ട് വരന്റെ യാത്ര ഒട്ടക പുറത്താക്കിയത്. അലങ്കരിച്ച ഒട്ടകത്തിന് മുകളിൽ പുഷ്പകിരീടം ചൂടി കോട്ടും സ്യൂട്ടും അണിഞ്ഞ വരന്റെ പുറകെ നൃത്ത ചുവടുകളോടെ സുഹൃത്തുക്കൾ റോഡുനീളെ ഘോഷയാത്രയായി നീങ്ങുകയായിരുന്നു. ഇവർക്ക് അകമ്പടി സേവിക്കാൻ കാതടപ്പിക്കുന്ന ബാൻഡ് വാദ്യവും. ആഘോഷത്തിന് ഉപയോഗിക്കുന്ന ഗൺ ഉപയോഗിച്ചു പ്രദേശത്ത് പുക പരത്തുകയും തീപ്പൊരി ചിതറിക്കുകയും ചെയ്തു. ഇതുകാരണം റോഡിലൂടെ പോകുന്ന വാഹനയാത്രക്കാർക്ക് കാഴ്ച മങ്ങുകയും വഴി യാത്രക്കാർക്കു മേൽ തീപ്പൊരി ചിതറുകയും ചെയ്തു. ഇതുവഴി കടന്നു വന്ന ആംബുലൻസിന് പോകാൻ കഴിയാത്ത സാഹചര്യത്തിൽ നാട്ടുകാർ ഇടപെടുകയായിരുന്നു. വിവരമറിഞ്ഞ് ചക്കരക്കൽ പൊലിസ് സ്ഥലത്തെത്തി. ഇതോടെ പൊലീസും ആഘോഷ കമ്മിറ്റിയിലെ രണ്ടു യുവാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. നാട്ടുകാരും പൊലിസുകാരും മഹല്ല് കമ്മിറ്റിയും ഒന്നിച്ചു ഇടപെട്ടതോടെയാണ് വിവാഹഭാസക്കാരായ സംഘം പിൻവലിഞ്ഞത്.

മലബാർ

വെഡിംഗ്

മലബാറിലെ പലയിടങ്ങളിലും കണ്ടു വരുന്ന സൊറക്കല്യാണം പ്രമേയമാക്കി 2008ൽ ഇന്ദ്രജിത്തിനെ നായകനാക്കി മലബാര്‍ വെഡിംഗ് എന്ന ചിത്രം പുറത്തിറക്കിയിരുന്നു. വിവാഹവേദികളിൽ വരന്റെ സുഹൃത്തുക്കൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ് ചിത്രത്തിൽ ആവിക്ഷകരിച്ചിരിക്കുന്നത്.
ചെറിയ തോതിലുള്ള കശപിശയിൽ അവസാനിക്കുന്നത് മലബാറിൽ പുതുമയായിരുന്നില്ല. കല്യാണ സൊറ എന്ന ഓമനപ്പേരിൽ വരന്റെ സുഹൃത്തുക്കൾ മദ്യപിച്ച് നടത്തുന്ന റാഗിംഗ് വധുവിന് സഹിക്കാവുന്നതിലും അപ്പുറമാകുന്നതും പതിവാണ്. ഇതിന്റെ പേരിൽ വധുവിന്റെ ബന്ധുക്കൾ ഇടപെടുപ്പോഴാണ് വരന്റെ സുഹൃത്തുക്കളുടെ അതിരുകടക്കുന്ന തെമ്മാടിത്തം ചെറിയ തോതിലുള്ള വാക്കുതർക്കത്തിലേക്കും അടിപിടിയിലേക്കും നീങ്ങുന്നത്.


വിവാഹ

റാഗിംഗുകൾ

കല്യാണ ദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന ആഘോഷങ്ങളും റാഗിംഗുമെല്ലാം ക്രമസമാധാന പ്രശ്‌നമായപ്പോഴാണ് പൊലീസും രാഷ്ട്രീയ സംഘടനകളും മത സംഘടനകളും വിഷയത്തിൽ ഇടപെട്ടത്. ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലായിരുന്നു പല വിവാഹ ആഘോഷങ്ങളും തമാശകളും അരങ്ങേറുന്നത്.
വരനെയും വധുവിനെയും പലതരത്തിൽ അസാധരണമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക (കോളേജ് റാഗിംഗ് പോലെ) വാഹനം തടഞ്ഞു നിറുത്തി റോഡിൽ നടത്തുക, നടക്കുമ്പോൾ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കീറിയ ചെരുപ്പുകളോ പാളച്ചെരുപ്പുകളോ നൽകുക, അല്ലെങ്കിൽ മുട്ടയും വെളിച്ചെണ്ണയും ചേർത്ത മിശ്രിതം തേച്ച ചെരുപ്പിടുവിച്ച് നടത്തിക്കുക, മണിയറവാതിലിന്റെയും ജനാലയുടെയും കതകുകൾ അഴിച്ചുമാറ്റുക, നൃത്തം ചെയ്യിക്കുക, രാത്രി കല്യാണവീട്ടിലെ മെയിൻ സ്വിച്ച് ഒഫ് ചെയ്യുക, വരന്റെ വ്യാജവിശേഷണങ്ങളും സ്വഭാവങ്ങളും ചാർത്തി നോട്ടീസും ഫ്ളെക്‌സുമടിച്ച് പ്രചരിപ്പിക്കുക തുടങ്ങിയവയാണ്. നായ്ക്കുരണപ്പൊടി വിതറുന്നതും കാന്താരി ജ്യൂസ് കുടിപ്പിക്കുന്നതും മുതൽ ശാരീരികപീഡനംവരെ കാര്യങ്ങൾ എത്തിയപ്പോഴാണ് യുവജന രാഷ്ട്രീയ സംഘടനകളുടെയും പൊലീസിന്റെയും മത സംഘടനകളുടെയും മാദ്ധ്യമങ്ങളടേതുമടക്കം ഇടപെടലുണ്ടായത്. വധുവരന്മാരെ കാന്താരി ജ്യൂസ് കുടിപ്പിച്ചതുകാരണം ഇരുവരും ആശുപത്രിയിലായ സംഭവമുണ്ടായിട്ടുണ്ട്. വരന്റെ കൂട്ടുകാരുടെ മനസിൽ വിരിയുന്ന എന്തും ഏതും ചെയ്യാൻ കല്യാണ ദിവസം വരനും വധുവും ബാധ്യസ്ഥരാകേണ്ടിവരികയായിരുന്നു.
റാഗിംഗ് കാരണം കല്യാണം കൂട്ടത്തല്ലിൽ അവസാനിക്കുന്നത് മുതൽ കല്യാണം മുടങ്ങിപ്പോയ സംഭവങ്ങളുമുണ്ട്. വരന്റെ സുഹൃത്തുകൾ ഒരുക്കിയ തമാശകളിൽ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തിൽ എത്തിയ സംഭവമുണ്ടായി.

പടക്കത്തിന് പകരം ബോംബ്;
ഒരു ജീവൻ പൊലിഞ്ഞു

ഒരു വർഷം മുൻപ് കണ്ണൂർ തോട്ടട പന്ത്രണ്ടുകണ്ടിയിൽ വിവാഹ ഘോഷയാത്രയ്ക്കിടെയുണ്ടായ ബോംബേറിൽ ഏച്ചൂർ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം വിവാഹങ്ങളുമായി ബന്ധപ്പെട്ട ഘോഷയാത്രകളും പടക്കം പൊട്ടിക്കലും പൊലിസ് നിരോധിച്ചതാണ്. ഇതു മറികടന്നുകൊണ്ടാണ് കഴിഞ്ഞ ദിവസം വീണ്ടും വിവാഹഘോഷയാത്ര നടന്നത്. തോട്ടടയിൽ നടന്ന സംഭവത്തിൽ വിവാഹത്തലേന്ന് രാത്രി വരന്റെ വീട്ടിലെ സത്കാരത്തിനിടെ പാട്ടു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏച്ചൂരിൽ നിന്നും തോട്ടടയിൽ നിന്നുമുള്ള രണ്ടു വിഭാഗങ്ങൾ തമ്മിൽ തർക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു കല്യാണ ദിവസം നടന്ന ബോംബേറ്.
സുഹൃത്തിന്റെ വിവാഹത്തിന് പ്രത്യേക നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞെത്തിയ ഏച്ചൂർ സംഘം ബാന്റ് മേളവും മറ്റുമായാണ് വധൂവരൻമാർക്കൊപ്പം നടന്നത്. ഇവർ വീട്ടിൽ എത്തിയപ്പോൾ തലേദിവസം ഏറ്റുമുട്ടിയ തോട്ടടയിലെ സംഘവും ആഘോഷവുമായി എത്തി. തുടർന്ന് ഈ സംഘം എറിഞ്ഞ ബോംബാണ് അതേ സംഘത്തിലുണ്ടായിരുന്ന ജിഷ്ണുവിന്റെ തലയിൽ തട്ടി പൊട്ടിത്തെറിച്ചത്. റോഡിലേക്ക് ബോംബ് എറിഞ്ഞുപൊട്ടിച്ച് ഭീതിപരത്താനുള്ള ശ്രമത്തിലാണ് ജിഷ്ണുവിന്റെ ജീവൻ നഷ്ടമായത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.