തിരുവനന്തപുരം: വിദേശ സർവകലാശാല വിഷയത്തിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഇടതുനയത്തെപ്പറ്റി മാദ്ധ്യമങ്ങൾക്ക് വേവലാതി വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
'കേന്ദ്ര സർക്കാരിന്റെ നയസമീപനങ്ങൾ അടിച്ചേൽപ്പിക്കുന്ന സാഹചര്യങ്ങൾ കൂടി നമ്മുടെ നാട്ടിലുണ്ട്. തീർച്ചയായും സംസ്ഥാനത്തിന്റെ ജാഗ്രതാപൂർവമായ കരുതലോടുകൂടിത്തന്നെ കിട്ടാവുന്ന സാദ്ധ്യതകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. ധനകാര്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ധനകാര്യപരമായ കാര്യത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അത്തരം കാര്യങ്ങൾ എക്സ്‌പ്ലോർ ചെയ്യുമെന്നാണ് അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളത്. അല്ലാതെ അന്തിമമായ നിലയിലായെന്നല്ല.'- മന്ത്രി പറഞ്ഞു.
'ഇടതുപക്ഷത്തിന്റെ നയങ്ങളെപ്പറ്റി നിങ്ങൾ വേവലാതിപ്പെടേണ്ട. എസ് എഫ് ഐ ആശങ്ക അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥി പ്രസ്ഥാനം എന്ന നിലയ്ക്ക് ആവരുടെ ആശങ്കകൾ മുന്നോട്ടുവയ്ക്കുകയും, അത് പരിഹരിക്കുന്നുണ്ടെന്ന ഉറപ്പ് നേടിയെടുക്കുകയും ചെയ്യേണ്ടത് അവരുടെ കർത്തവ്യമാണ്. അതുകൊണ്ടാണ് അവർ അത് ചെയ്തത്. വിദേശ സർവകലാശാലകൾ കടന്നുവരുമ്പോൾ വാണിജ്യപരമായ താത്പര്യങ്ങൾ അവർക്കുണ്ടോ, കുട്ടികൾ കബളിപ്പിക്കപ്പെടുന്നുണ്ടോ, ഇത്തരം കാര്യങ്ങളൊക്കെ പരിശോധിക്കേണ്ടിയിരിക്കുന്നു. അത് പരിശോധിക്കും. എന്നിട്ടേ നമുക്ക് ചെയ്യാൻ പറ്റുള്ളൂ. ധനകാര്യമന്ത്രി ബഡ്ജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. നയപരമായ കാര്യങ്ങളെ സംബന്ധിച്ച് ഒരു വിശദീകരണം നടത്താൻ ഞാൻ താത്പര്യപ്പെടുന്നില്ല.'- മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസമേഖലയിൽ സ്വകാര്യനിക്ഷേപം അനുവദിക്കാനും സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാനുമുള്ള ബഡ്ജറ്റ് നിർദ്ദേശത്തെ മന്ത്രി കഴിഞ്ഞ ദിവസം പിന്തുണച്ചിരുന്നു. വിദ്യാഭ്യാസമേഖലയുടെ പ്രവർത്തനം വിപുലമാക്കുകയാണ് ലക്ഷ്യം. ശക്തമായ സർക്കാർ നിയന്ത്രണങ്ങളോടെയാകും സ്വകാര്യ സർവകലാശാലകൾ അനുവദിക്കുക. സ്വകാര്യ സർവകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞ രണ്ടുവർഷമായി ജനങ്ങളുടെ മുന്നിൽവച്ചിട്ടുണ്ട്. ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ മൂന്ന് കമ്മിറ്റിയെ നിയോഗിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.
ബഡ്ജറ്റിലെ വിദേശ സർവകലാശാല പ്രഖ്യാപനത്തിൽ എസ് എഫ് ഐ കഴിഞ്ഞ ദിവസം ആശങ്കയറിയിച്ചിരുന്നു. വിദേശ സർവകലാശാല വേണ്ടെന്നാണ് എസ് എഫ് ഐ നിലപാടെന്ന് സംസ്ഥാന പ്രസിഡന്റ് അനുശ്രീ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |