SignIn
Kerala Kaumudi Online
Saturday, 27 July 2024 1.45 PM IST

'ആചാര്യ വിദ്യാസാഗർ: ദേശീയ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിച്ച മഹാജ്ഞാനി'; നരേന്ദ്ര മോദി

modi

ന്യൂഡൽഹി: സന്ത് ശിരോമണി ആചാര്യ ശ്രീ 108 വിദ്യാസാഗർ ജി മഹാരാജ് ജി സമാധി പ്രാപിച്ചത് നമ്മെയെല്ലാം ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. അഗാധമായ ജ്ഞാനം, അതിരുകളില്ലാത്ത അനുകമ്പ, മാനവികതയെ ഉയർത്താനുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയാൽ സമൃദ്ധമായ ആത്മീയ സമ്പന്നമായ യുഗമാണ് അദ്ദേഹത്തിന്റെ ജീവിതം. പല അവസരങ്ങളിലും അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചിട്ടുണ്ട്. ഞാനുൾപ്പടെ എണ്ണമറ്റ ആത്മാക്കളുടെ പാത പ്രകാശിപ്പിച്ച വഴികാട്ടിയായ വെളിച്ചം നഷ്ടപ്പെടുന്നതിന് തുല്യമായ അഗാധമായ നഷ്ടബോധം എനിക്ക് അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ ഊഷ്മളതയും വാത്സല്യവും അനുഗ്രഹങ്ങളും കേവലം സദ്ഭാവനയുടെ ആംഗ്യങ്ങൾ മാത്രമല്ല, ആത്മീയ ഊർജത്തിന്റെ അഗാധമായ കൈമാറ്റങ്ങളുമായിരുന്നു. അത് അദ്ദേഹവുമായി സമ്പർക്കം പുലർത്താൻ ഭാഗ്യം ലഭിച്ച ഏവരെയും ശാക്തീകരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു.

ജ്ഞാനത്തിന്റെയും അനുകമ്പയുടെയും സേവനത്തിന്റെയും സംഗമമായി പൂജ്യ ആചാര്യ ജി എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹം യഥാർത്ഥ തപസ്വി ആയിരുന്നു. അദ്ദേഹത്തിന്റെ ജീവിതം ഭഗവാൻ മഹാവീറിന്റെ ആദർശങ്ങളെ പ്രതിനിധാനം ചെയ്യുന്നു. സ്വന്തം പ്രവർത്തനങ്ങളിലൂടെയും പഠിപ്പിക്കലുകളിലൂടെയും ജൈനമതത്തിന്റെ ആദർശങ്ങൾ ഉൾക്കൊള്ളുന്ന അദ്ദേഹത്തിന്റെ ജീവിതം ജൈനമതത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് ഉദാഹരണമാണ്. എല്ലാ ജീവജാലങ്ങളോടുമുള്ള അദ്ദേഹത്തിന്റെ കരുതൽ ജൈനമതത്തിന്റെ ജീവിതത്തോടുള്ള അഗാധമായ ആദരത്തെ പ്രതിഫലിക്കുന്നു. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സത്യസന്ധതയ്ക്ക് ജൈനമതം നൽകിയ ഊന്നൽ പ്രതിഫലിപ്പിച്ച് അദ്ദേഹം സത്യസന്ധമായ ജീവിതം നയിച്ചു. വളരെ ലളിതമായ ജീവിതരീതിയായിരുന്നു അദ്ദേഹത്തിന്റേത്. ജൈനമതത്തിൽനിന്നും ഭഗവാൻ മഹാവീറിന്റെ ജീവിതത്തിൽ നിന്നും ലോകം പ്രചോദനം ഉൾക്കൊള്ളുന്നത് അദ്ദേഹത്തെപ്പോലുള്ള മഹാന്മാരുടെ ഇടപെടലിനാലാണ്. ജൈന സമുദായത്തിലാണ് അദ്ദേഹം നിലകൊണ്ടിരുന്നതെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനം ഒരു സമുദായത്തിൽ മാത്രമായി ഒതുങ്ങിയില്ല. വിശ്വാസങ്ങൾ, പ്രദേശങ്ങൾ, സംസ്‌കാരങ്ങൾ എന്നിവയ്ക്കതീതമായി ജനങ്ങൾ അദ്ദേഹത്തിന്റെ അടുക്കൽ എത്തി. ആത്മീയ ഉണർവിനായി, വിശേഷിച്ചും യുവാക്കൾക്കിടയിൽ, അദ്ദേഹം അശ്രാന്തമായി പ്രവർത്തിച്ചു.

വിദ്യാഭ്യാസം അദ്ദേഹത്തിന്റെ ഹൃദയത്തോട് വളരെ അടുത്ത മേഖലയായിരുന്നു. വിദ്യാധർ (അദ്ദേഹത്തിന്റെ ബാല്യകാല നാമം) മുതൽ വിദ്യാസാഗറിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര, അറിവ് നേടുന്നതിനും പകർന്നു നൽകുന്നതിനുമുള്ള ആഴത്തിലുള്ള പ്രതിബദ്ധതയായിരുന്നു. നീതിയും പ്രബുദ്ധവുമായ സമൂഹത്തിന്റെ ആധാരശിലയാണു വിദ്യാഭ്യാസമെന്നത് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസമായിരുന്നു. വ്യക്തികളെ ശാക്തീകരിക്കുന്നതിനും ലക്ഷ്യബോധത്തോടെ ജീവിക്കുന്നതിനുമുള്ള ഉപാധിയായി അറിവിന്റെ ലക്ഷ്യത്തെ അദ്ദേഹം ഉയർത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ ശിക്ഷണങ്ങൾ യഥാർഥ ജ്ഞാനത്തിലേക്കുള്ള പാതകളായി സ്വയംപഠനത്തിന്റെയും സ്വയം അവബോധത്തിന്റെയും പ്രാധാന്യത്തിന് ഊന്നൽ നൽകുന്നു. ആജീവനാന്ത പഠനത്തിലും ആത്മീയ വളർച്ചയിലും ഏർപ്പെടാൻ അനുയായികളെ അതു പ്രേരിപ്പിക്കുകയും ചെയ്യുന്നു.

അതേസമയം, നമ്മുടെ യുവാക്കൾക്ക് നമ്മുടെ സാംസ്‌കാരിക ധർമചിന്തയിൽ വേരൂന്നിയ വിദ്യാഭ്യാസം ലഭിക്കണമെന്ന് സന്ത് ശിരോമണി ആചാര്യ വിദ്യാസാഗർ ജി മഹാരാജ് ജി ആഗ്രഹിച്ചു. ജലക്ഷാമം പോലുള്ള പ്രധാന വെല്ലുവിളികൾക്ക് പരിഹാരം കാണാൻ കഴിയാതെ പോയത് ഭൂതകാലത്തിന്റെ പാഠങ്ങളിൽ നിന്ന് അകന്നുപോയതുകൊണ്ടാണെന്ന് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. സമ്പൂർണ്ണ വിദ്യാഭ്യാസം എന്നത് വൈദഗ്ധ്യത്തിലും നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നാണെന്നും അദ്ദേഹം വിശ്വസിച്ചു. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിൽ അദ്ദേഹം വളരെയധികം അഭിമാനിക്കുകയും ഇന്ത്യൻ ഭാഷകൾ പഠിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പൂജ്യ ആചാര്യ ജി സംസ്‌കൃതപ്രാകൃതഹിന്ദി ഭാഷകളിൽ വിപുലമായി എഴുതിയിട്ടുണ്ട്. സന്ന്യാസി എന്ന നിലയിൽ അദ്ദേഹം കൈവരിച്ച ഉയരങ്ങളും ഭൂമിയിൽ അദ്ദേഹം എത്രമാത്രം നിലയുറപ്പിച്ചു എന്നതും അദ്ദേഹത്തിന്റെ ഐതിഹാസിക കൃതിയായ മൂക്മതിയിൽ വ്യക്തമായി കാണാം. തന്റെ പ്രവൃത്തികളിലൂടെ അദ്ദേഹം അടിച്ചമർത്തപ്പെട്ടവർക്കു ശബ്ദം നൽകി.

ആരോഗ്യ സംരക്ഷണ മേഖലയിലും പൂജ്യ ആചാര്യ ജിയുടെ സംഭാവനകൾ പരിവർത്തനാത്മകമായിരുന്നു. അദ്ദേഹം അവശത അനുഭവിക്കുന്ന പ്രദേശങ്ങളിൽ നിരവധി പ്രയത്നങ്ങൾ നടത്തിയിരുന്നു. ആരോഗ്യ സംരക്ഷണത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം സമഗ്രമായിരുന്നു. ശാരീരിക ക്ഷേമത്തെ ആത്മീയ ക്ഷേമവുമായി സമന്വയിപ്പിച്ച്, അതുവഴി വ്യക്തിയുടെ മൊത്തത്തിലുള്ള ആവശ്യങ്ങൾ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രനിർമ്മാണത്തോടുള്ള സന്ത് ശിരോമണി ആചാര്യ ശ്രീ വിദ്യാസാഗർ ജി മഹാരാജ് ജിയുടെ പ്രതിബദ്ധതയെക്കുറിച്ച് വിശദമായി പഠിക്കാൻ വരും തലമുറകളോട് ഞാൻ അഭ്യർത്ഥിക്കുന്നു. പക്ഷപാതപരമായ എല്ലാ പരിഗണനകൾക്കും അതീതമായി ഉയരാനും പകരം ദേശീയ താൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം എപ്പോഴും ജനങ്ങളെ പ്രേരിപ്പിച്ചു. ജനാധിപത്യ പ്രക്രിയകളിലെ പങ്കാളിത്തത്തിന്റെ പ്രകടനമായി അദ്ദേഹം അതിനെ കണ്ടതിനാൽ വോട്ടെടുപ്പിന്റെ ഏറ്റവും ശക്തമായ വക്താക്കളിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹം ആരോഗ്യകരവും സംശുദ്ധവുമായ രാഷ്ട്രീയത്തിനായി വാദിച്ചു. നയരൂപീകരണം ജനങ്ങളുടെ ക്ഷേമത്തിനായിരിക്കണം, അല്ലാതെ സ്വാർത്ഥ താൽപര്യത്തിനാകരുത് എന്നദ്ദേഹം നിർദേശിച്ചു.

പൗരന്മാർക്ക് അവരോടും കുടുംബങ്ങളോടും സമൂഹത്തോടും രാജ്യത്തോടുമുള്ള കടമകളിലുള്ള പ്രതിബദ്ധതയുടെ അടിത്തറയിലാണ് ശക്തമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. സത്യസന്ധത, സമഗ്രത, സ്വയംപര്യാപ്തത തുടങ്ങിയ സദ്ഗുണങ്ങൾ പരിപോഷിപ്പിക്കാൻ അദ്ദേഹം വ്യക്തികളെ പ്രോത്സാഹിപ്പിച്ചു. നീതിയും അനുകമ്പയും അഭിവൃദ്ധിയുള്ളതുമായ സമൂഹത്തിന്റെ സൃഷ്ടിക്ക് അത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം മനസിലാക്കി. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുമ്പോൾ കടമകൾക്ക് ഈ ഊന്നൽ വളരെ പ്രധാനമാണ്.

ലോകമെമ്പാടും പാരിസ്ഥിതിക ആഘാതങ്ങൾ രൂക്ഷമായിരിക്കുന്ന കാലഘട്ടത്തിൽ, പ്രകൃതിക്ക് വരുത്തിവയ്ക്കുന്ന ദ്രോഹങ്ങൾ പരമാവധി കുറയ്ക്കുന്ന ജീവിതരീതിക്ക് പൂജ്യ ആചാര്യ ജി ആഹ്വാനം ചെയ്തു. അതുപോലെ, നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ കൃഷിക്ക് പരമപ്രധാനമായ പങ്ക് അദ്ദേഹം കാണുകയും കൃഷിയെ ആധുനികവും സുസ്ഥിരവുമാക്കുന്നതിന് ഊന്നൽ നൽകുകയും ചെയ്തു. ജയിൽ അന്തേവാസികളിൽ പരിവർത്തനം വരുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ശ്രദ്ധേയമായിരുന്നു.

മറ്റുള്ളവർക്ക് വെളിച്ചം വീശുകയും നമ്മുടെ സമൂഹത്തെ മികച്ചതാക്കുകയും ചെയ്ത മഹാന്മാരെ നമ്മുടെ മണ്ണ് ആയിരക്കണക്കിന് വർഷങ്ങളായി സൃഷ്ടിച്ചു എന്നതാണ് നമ്മുടെ നാടിന്റെ സൗന്ദര്യം. സന്ന്യാസിമാരുടെയും സാമൂഹിക പരിഷ്‌കർത്താക്കളുടെയും ഈ മഹത്തായ വംശത്തിൽ പൂജ്യ ആചാര്യ ജി നിലകൊള്ളുന്നു. അദ്ദേഹം ചെയ്തതൊക്കെ വർത്തമാനകാലത്തിനുവേണ്ടി മാത്രമായിരുന്നില്ല,


ഭാവിക്കുവേണ്ടിയുമായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഛത്തീസ്ഗഢിലെ ഡോംഗർഗഢിലുള്ള ചന്ദ്രഗിരി ജൈന ക്ഷേത്രം സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചു. പൂജ്യ ആചാര്യ ജിയുമായുള്ള എന്റെ അവസാന കൂടിക്കാഴ്ച ആയിരിക്കും ആ സന്ദർശനമെന്ന് എനിക്കറിയില്ലായിരുന്നു. ആ നിമിഷങ്ങൾ വളരെ സവിശേഷമായിരുന്നു. രാജ്യത്തെ സേവിക്കുന്നതിനുള്ള എന്റെ ശ്രമങ്ങളെ അനുഗ്രഹിച്ച അദ്ദേഹം എന്നോട് വളരെ നേരം സംസാരിച്ചു. നമ്മുടെ രാഷ്ട്രം കൈക്കൊള്ളുന്ന ദിശയിലും ഇന്ത്യക്ക് ലോക വേദിയിൽ ലഭിക്കുന്ന ആദരത്തിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. താൻ ചെയ്യുന്ന ജോലിയെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിൽ ആവേശം നിറഞ്ഞിരുന്നു. അന്നും എപ്പോഴും അദ്ദേഹത്തിന്റെ സൗമ്യമായ നോട്ടവും ശാന്തമായ പുഞ്ചിരിയും സമാധാനവും ലക്ഷ്യബോധവും പകരാൻ പര്യാപ്തമായിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ ആത്മാവിൽ ആശ്വാസം പകരുന്നതായിരുന്നു; നമ്മുടെ ഉള്ളിലും ചുറ്റുമുള്ള ദൈവിക സാന്നിദ്ധ്യത്തിന്റെ ഓർമ്മപ്പെടുത്തലും.

സന്ത് ശിരോമണി ആചാര്യ ശ്രീ 108 വിദ്യാസാഗർ ജി മഹാരാജ് ജിയുടെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത അദ്ദേഹത്തെ അറിയുകയും അദ്ദേഹത്തിന്റെ ശിക്ഷണങ്ങൾ ഉൾക്കൊള്ളുകയും ചെയ്ത ഏവർക്കും ആഴത്തിൽ അനുഭവപ്പെടുന്നു. അദ്ദേഹത്താൽ പ്രചോദിതരായവരുടെ ഹൃദയത്തിൽ അദ്ദേഹം ഇന്നും ജീവിക്കുന്നു. അദ്ദേഹത്തിന്റെ സ്മരണയെ മാനിക്കുന്നതിൽ, അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ ഉൾക്കൊള്ളാൻ നാം പ്രതിജ്ഞാബദ്ധരാണ്. ഈ രീതിയിൽ, ആ മഹാത്മാവിന് ശ്രദ്ധാഞ്ജലി അർപ്പിക്കുക മാത്രമല്ല, നമ്മുടെ രാജ്യത്തിനും ജനങ്ങൾക്കുമായി അദ്ദേഹം ഉയർത്തിപ്പിടിച്ച ദൗത്യം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACHARYA SHRI 108 VIDYASAGAR JI MAHARAJ, PMMODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.