തിരുവനന്തപുരം : കായിക താരങ്ങൾ ട്രെയിനിൽ റിസർവേഷനില്ലാതെ ദുരിതയാത്ര പതിവാക്കിയ സമയത്ത് വേറിട്ട ചിന്തയുമായി കലിക്കറ്റ് യൂണിവേഴ്സിറ്റി. അസാമിലെ ഗോഹട്ടിയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് കായിക താരങ്ങളെ വിമാനത്തിൽ അയയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് യൂണിവേഴ്സിറ്റി. 145 കായിക താരങ്ങളെയും 21 ഒഫിഷ്യലുകളെയുമാണ് വിമാനമാർഗം ഗോഹട്ടിയിൽ എത്തിക്കുന്നത്. 16 ലക്ഷത്തോളം രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഗോഹട്ടിയിൽ തുടങ്ങിയ ഗെയിംസിനായി യൂണിവേഴ്സിറ്റി താരങ്ങൾ പല സംഘങ്ങളായാണ് പോകുന്നത്. ഇതിൽ ആദ്യ സംഘം യാത്ര മത്സരവേദിയിലെത്തിക്കഴിഞ്ഞു.
ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങൾക്ക് പതിവായി ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. ഗോഹട്ടിയിലേക്ക് മതിയായ ട്രെയിൻ സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടും മടക്കവുംകൂടിച്ചേർത്ത് അഞ്ചു ദിവസത്തോളം യാത്രയ്ക്ക് വേണ്ടിവരുന്നതും വിദ്യാർത്ഥികളായ കായിക താരങ്ങൾക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലറും സിൻഡിക്കേറ്റും ചേർന്ന് ഈ തീരുമാനമെടുത്തത്. ട്രെയിൻ യാത്രയ്ക്ക് നാലുലക്ഷത്തോളം രൂപയേ ചെലവാകുകയുള്ളൂ. അതിന്റെ നാലിരട്ടി ചെലവിട്ടാണ് കായിക താരങ്ങളെ വിമാനത്തിലെത്തിക്കാൻ തീരുമാനിച്ചത്. ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ ആദ്യ എട്ട് സ്ഥാനങ്ങളിലെത്തിയ കായിക താരങ്ങളാണ് ഖേലോ ഇന്ത്യ ഗെയിംസിൽ മത്സരിക്കുന്നതെന്നും ഇത്രയും മികച്ച താരങ്ങൾക്ക് മികച്ച യാത്രാ സൗകര്യം തന്നെ ഒരുക്കിനൽകേണ്ടത് യൂണിവേഴ്സിറ്റിയുടെ കടമയായി കരുതുന്നുവെന്നും കലിക്കറ്റ് യൂണിവേേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഡോ.സക്കീർ ഹുസൈൻ കേരള കൗമുദിയോട് പറഞ്ഞു.
ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള കേരള താരങ്ങളുടെ യാത്രകൾ ഇപ്പോഴും ദുരിതമായി തുടരുകയാണ്. കഴിഞ്ഞ ഡിസംബറിൽ ലുധിയാനയിൽ ദേശീയ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിന് പോയ സീനിയർ വനിതാ ടീമും ഡൽഹിയിൽ ദേശീയ സ്കൂൾ നീന്തലിന് പോയ ടീമും ട്രെയിനിൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. അതേസമയം കഴിഞ്ഞ ദിവസം സന്തോഷ് ട്രോഫിക്കായി കേരള സീനിയർ ഫുട്ബാൾ ടീം വിമാനത്തിലാണ് അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലെത്തിയത്.
ദിവസങ്ങൾ നീളുന്ന ട്രെയിൻ യാത്ര പരീക്ഷ അടുത്തിരിക്കുന്ന സമയത്ത് കായിക താരങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതിയാണ് യൂണിവേഴ്സിറ്റി ഈ തീരുമാനമെടുത്തത്.
- ഡോ.സക്കീർ ഹുസൈൻ,
ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി
കലിക്കറ്റ് യൂണിവേേഴ്സിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |