'പാമ്പ് സട്ടൈ കളട്ടുവത് പോൽ താൻ ഇപ്പൊ സൂരി തൻ വേടങ്കൾ തേർന്ത് എടുക്കിറാർ. കോമഡി വേടങ്കളിലിരുന്ത് പാതൈ മാട്രി നടിപ്പു തിറമൈ വെളിപ്പെടുത്ത വെയിറ്റാന വേടങ്കൾ തേർന്തെടുത്ത് നടിത്ത് പെയരെടുത്ത് കൊണ്ടിരുക്കിരാർ". (പാമ്പ് പടം പൊഴിക്കുന്നതു പോലെയാണ് സൂരി കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. ഹാസ്യ കഥാപാത്രങ്ങളിൽ നിന്ന് മാറി അഭിനയ സിദ്ധി വെളിപ്പെടുത്താൻ ഉതകുന്ന ശക്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് പ്രശസ്തി നേടുന്നു).
കഥ ഇന്നലെ
ഹാസ്യ നടനിൽ നിന്ന് നായക പകർന്നാട്ടത്തിൽ രാമലക്ഷ്മണൻ മുത്തുസ്വാമി എന്ന സൂരി . അഭിനയജീവിതത്തിലെ 20 വർഷത്തിൽ ട്രാക്ക് മാറി നായകനിലൂടെയും വേറിട്ട കഥാപാത്രങ്ങളിലൂടെയും തമിഴകത്തെ വിസ്മയിപ്പിക്കുന്നു. ഒരു രൂപ ശമ്പളത്തിൽ നിന്ന് തുടങ്ങിയതാണ് സൂരിയുടെ ജീവിതമെന്ന് മധുരയിലെ പുതുതലമുറക്കു പോലും അറിയാം. സിനിമയെ പോലും തോൽപ്പിക്കുന്ന ജീവിത കഥ. കുടുംബത്തെ രക്ഷിക്കാൻ ചെന്നൈയിലേക്ക് വണ്ടി കയറി. ജീവിക്കാൻ പല വേഷങ്ങൾ. തുച്ഛമായ തുക തന്റെ ചിലവിന് പോലും എടുക്കാതെ അമ്മയ്ക്ക് അയച്ചിരുന്ന സൂരി പെപ്പ് വെള്ളം കുടിച്ച് വിശപ്പ് അകറ്റി. സിനിമ എന്ന സ്വപ്നം ഏപ്പോഴോ ഒരു കൂട്ടുകാരനായി മാറുകയും ചെയ്തു.മെലിഞ്ഞുണങ്ങിയ രൂപം സിനിമയ്ക്ക് അനുയോജ്യമല്ലെന്ന് കേട്ടു മടുത്തപ്പോൾ മമ്മൂട്ടി ചിത്രം മറുമലർച്ചി ജൂനിയർ ആർട്ടിസ്റ്റാകാൻ വിളിച്ചു. അപ്പോൾ സൂരി ചിരിച്ചു. വെണ്ണിലാ കബഡി കുഴു സിനിമയിൽ പൊറോട്ട കഴിക്കുന്ന സീൻ സൂരിയുടെ തലവര മാറ്രാൻ കാത്തുനിൽപ്പുണ്ടായിരുന്നു.പിന്നീട് സൂരിയുടെ കാലം. കോമഡി എന്നാൽ സൂരി.
കഥ ഇന്ന്
വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ സൂരി എന്ന നടന്റെ അഭിനയതലം കാട്ടി തന്നു. അവിടെ നിന്നായിരുന്നു പുതിയ യാത്ര.വിടുതലൈ 2 വിൽ സൂരിയുടെ പൊലീസ് കഥാപാത്രം വീണ്ടും തികഞ്ഞ ഗൗരവത്തിൽ. റാം സംവിധാനം ചെയ്യുന്ന ഏഴു കടൽ ഏഴു മലൈയിൽ നിവിൻ പോളിയോടൊപ്പം .രാജ്യാന്തര ചലച്ചിത്ര മേളകളിൽ അംഗീകാരങ്ങൾ വാരി കൂട്ടുന്ന ചിത്രം സൂരിയുടെ പ്രകടനത്തെയും പ്രശംസിക്കുന്നു. ശിവകാർത്തികേയൻ നിർമ്മിക്കുന്ന കൊട്ടുകാളി എന്ന സൂരി ചിത്രം ബെർലിൻ രാജ്യാന്തര ഫിലിം ചലച്ചിത്രോത്സവത്തിൽ പ്രീമിയർ ആയി പ്രദർശിച്ചത് തമിഴകം ഉറ്റുനോക്കുകയാണ്. തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന അന്ന ബെൻ ആണ് നായിക. വെട്രിമാരൻ തിരക്കഥയെഴുതി ആർ.എസ് ദുരൈ സെന്തിൽ കുമാർ സംവിധാനം ചെയ്യുന്ന ഗരുഡൻ, നന്ദ കെ.വി സംവിധാനം ചെയ്യുന്ന ബദവ എന്നീ ചിത്രങ്ങളിലും നായക കുപ്പായങ്ങൾ.ഹാസ്യ കഥാപാത്രത്തിലേക്ക് എപ്പോഴായിരിക്കും മടക്കം എന്ന് ആരാധകർ ചോദിക്കുന്നുണ്ട്.എന്നാൽ സൂരി ഒന്നും മിണ്ടുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |