SignIn
Kerala Kaumudi Online
Saturday, 27 July 2024 5.34 AM IST

കർഷക സമരം നേരിടാൻ നിയന്ത്രണങ്ങൾ: വലഞ്ഞ് ജനം

farmewrd

ന്യൂഡൽഹി: കർഷകരുടെ ഡൽഹി ചലോ മാർച്ചിനെ നേരിടാൻ കേന്ദ്രസർക്കാരും ഹരിയാന സർക്കാരും ഏർപ്പെടുത്തിയ വ്യാപക നിയന്ത്രണങ്ങൾ ജനജീവിതം ദുരിതത്തിലാക്കി. ഡൽഹിയിലേക്കുള്ള ദേശീയപാത 44ൽ പഞ്ചാബ് അതിർത്തികളിലും ഹരിയാനയിലും ബാരിക്കേഡുകൾ നിരത്തി പൊലീസ് ഗതാഗതം തടയുന്നതിനാൽ യാത്ര ചെയ്യാനാകാത്ത അവസ്ഥയുണ്ട്. 29വരെ സമരം നിർത്തിവച്ചെങ്കിലും കർഷകർ അവിടെ തുടരുകയാണ്.

ദേശീയപാതയിൽ കർഷകർ ട്രാക്ടറുകളും ട്രോളികളുമായി ക്യാമ്പ് ചെയ്യുന്നതും ശംഭു, ഖനോരി അതിർത്തികൾ പൂർണമായി അടച്ചതും കാരണം ഗതാഗതം ഏതാണ്ട് പൂർണമായി തടസപ്പെട്ടിരിക്കുന്നു. ഡൽഹിയിലേക്കുള്ള തിക്രി, ശംഭു അതിർത്തികളും അടച്ചിട്ടുണ്ട്. കിടങ്ങുകുഴിച്ചതിനാൽ ഇടറോഡുകളും ഗതാഗത യോഗ്യമല്ല. ഇതിനാൽ ചരക്കുനീക്കവും സംസ്ഥാനാന്തര പൊതുഗതാഗത സംവിധാനങ്ങളും താറുമാറായി.

കർഷകസമരം തുടങ്ങിയ 13 മുതൽ ഹരിയാന-പഞ്ചാബ്-ഡൽഹി അതിർത്തി മേഖലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചതും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സവിശേഷാധികാരം ഉപയോഗിച്ചാണ് പഞ്ചാബിൽ കേന്ദ്രസർക്കാർ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിലക്കിയത്. സമരം നടക്കുന്ന ശംഭു, ഖനോരി അതിർത്തികളിൽ ഫോൺ കാളുകൾക്കും നിയന്ത്രണമുണ്ട്.

വരും ദിവസങ്ങളിലെ സമരത്തിന്റെ അവസ്ഥ പരിഗണിച്ചു മാത്രമേ നിയന്ത്രണങ്ങൾ നീക്കൂ.

2020-21 കാലത്തെ സമരം ആവർത്തിക്കാതിരിക്കാൻ കേന്ദ്രസർക്കാർ സർവ സന്നാഹങ്ങളുമായാണ് പ്രതിരോധം തീർക്കുന്നത്. എന്നാൽ കർഷകരും വിട്ടുകൊടുക്കാൻ ഭാവമില്ല. 29 വരെ പഞ്ചാബ്, ഹരിയാന അതിർത്തികളിൽ തുടരാനാണ് തീരുമാനം. പൊലീസ് നടപടിയെ തുടർന്ന് യുവ കർഷകൻ ശുഭ് കരൺ സിംഗ് മരിച്ചതിനെ ചൊല്ലിയുള്ള പ്രതിഷേധവും തുടരുകയാണ്. കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.

കർഷകർ പോസ്റ്റുമോർട്ടം ചെയ്യാൻ അനുവദിക്കാത്തതിനാൽ മൃതദേഹം പട്യാല രജീന്ദ്ര ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രാജ്യവ്യാപകമായി അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അടിയന്തര ഹർജിയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.