SignIn
Kerala Kaumudi Online
Saturday, 27 July 2024 5.23 AM IST

ഇന്ന് റാഞ്ചാം പരമ്പര

india-cricket

റാഞ്ചി ടെസ്റ്റിൽ ഇന്ത്യൻ ജയം 152 റൺസ് മാത്രം അകലെ

നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 307 റൺസിന് ആൾഔട്ട്

46 റൺസ് ലീഡുമായി ഇറങ്ങിയ ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സിൽ 145 ന് പുറത്ത്

രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 40/0, ഇനിവേണ്ടത് 152 റൺസ് കൂടി

റാഞ്ചി : ഇംഗ്ളണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെയും പരമ്പരയിലെയും വിജയം ഇന്ത്യയുടെ കൈയെത്തും ദൂരത്ത്. നാലാം ദിവസമായ ഇന്ന് പത്തുവിക്കറ്റുകളും കയ്യിലിരിക്കേ 152 റൺസ് കൂടി നേടാനായാൽ കളി ജയിച്ച് അഞ്ചുമത്സരപരമ്പരയിൽ ഇന്ത്യയ്ക്ക് 3-1ന് മുന്നിലെത്താനാകും. ഒന്നാം ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയെങ്കിലും റാഞ്ചിയിലെ സ്പിൻ പിച്ചിൽ ഇംഗ്ളണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് വെറും 145 റൺസിന് ചുരുട്ടിയാണ് ഇന്ത്യ മത്സരത്തിൽ ആധിപത്യം നേടിയത്.

ആദ്യ ഇന്നിംഗ്സിൽ 353 റൺസ് നേടിയിരുന്ന ഇംഗ്ളണ്ടിനെതിരെ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സിൽ 307 റൺസേ നേടാനായിരുന്നുള്ളൂ. മൂന്നാം ദിവസമായ ഇന്നലെ 219/7 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ഇന്ത്യയെ 90 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിന്റെ ചെറുത്തുനിൽപ്പാണ് 307ലെത്തിച്ചത്. കുൽദീപ് യാദവ് (28), അരങ്ങേറ്റക്കാരൻ ബൗളർ ആകാശ്ദീപ് (9) എന്നിവരുടെ പിന്തുണയും നിർണായകമായി.തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ടിനെ അഞ്ചുവിക്കറ്റ് വീഴ്ത്തിയ രവി ചന്ദ്രൻ അശ്വിനും നാലുവിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും ഒരു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും ചേർന്നാണ് 145ൽ ഒതുക്കിയത്. 60 റൺസ് നേടിയ ഓപ്പണർ സാക്ക് ക്രാവ്‌ലിയും 30 റൺസ് നേടിയ ജോണി ബെയർസ്റ്റോയും മാത്രമാണ് ഇംഗ്ളീഷ് നിരയിൽ അൽപ്പമെങ്കിലും ചെറുത്തുനിന്നത്.

ഇന്നലെ അവസാന സെഷന്റെ അവസാന സമയത്ത് ഇംഗ്ളണ്ട് ആൾഒൗട്ടായപ്പോൾ ഇന്ത്യയ്ക്ക് ജയിക്കാൻ 192 റൺസ് വേണമായിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ സ്റ്റംപെടുക്കുമ്പോൾ എട്ടോവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 40 റൺസിലെത്തിയിട്ടുണ്ട്. 24 റൺസുമായി നായകൻ രോഹിത് ശർമ്മയും 16 റൺസുമായി യശസ്വി ജയ്‌സ്വാളുമാണ് ക്രീസിൽ. അവസാന ദിവസമായ ഇന്ന് റാഞ്ചിയിലെ തിരിയുന്ന പിച്ചിൽ ഇംഗ്ളീഷ് സ്പിന്നർമാർക്ക് ഇന്ത്യയെ വിറപ്പിക്കാൻ കഴിയുമോ അതോ സുരക്ഷിതമായി ഇന്ത്യ വിജയത്തിലേക്ക് ലാൻഡ് ചെയ്യുമോ എന്നാണ് അറിയേണ്ടത്.

ധ്രുവ് നക്ഷത്രം

ധോണിയുടെ നാട്ടിൽ ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും ഒരുപോലെ മികവ് കാട്ടാൻ കഴിയുന്ന മറ്റൊരു താരത്തിന്റെ പിറവിക്കാണ് ഇന്നലെ ആരാധകർ സാക്ഷിയായത്. തന്റെ രണ്ടാമത്തെ മാത്രം ടെസ്റ്റിനിറങ്ങിയ ധ്രുവ് ജുറേൽ കരിയറിലെ ആദ്യ അർദ്ധസെഞ്ച്വറിയാണ് റാഞ്ചിയിൽ നേടിയത്. 30 റൺസുമായാണ് ധ്രുവ് ഇന്നലെ ബാറ്റിംഗ് തുടരാനെത്തിയത്. 17 റൺസുമായി കുൽദീപായിരുന്നു കൂട്ട്. ഇന്നലെ ഇന്ത്യ 88 റൺസ് കൂടിയാണ് നേടിയത്.ഇതിൽ 60 റൺസും ധ്രുവിന്റെ ബാറ്റിൽ നിന്നായിരുന്നു. കുൽദീപിനെക്കൂട്ടി അർദ്ധ സെഞ്ച്വറി കടന്ന ധ്രുവ് ഇരുത്തംവന്ന ബാറ്ററെപ്പോലെ പരമാവധി സ്ട്രൈക്ക് ഏറ്റെടുത്തുകളിക്കുകയായിരുന്നു. ഷൊയ്ബ് ബഷീറിന്റെ ലൂസ് ബാളുകൾ തിരഞ്ഞെടുത്ത് സിക്സിന് പറത്തി സ്കോർ ഉയർത്താനും ശ്രമിച്ചു. ടീം സ്കോർ 253ൽ വച്ച് കുൽദീപ് പുറത്തായശേഷം ആകാശ്ദീപുമൊത്ത് 40 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചതാണ് ഇംഗ്ളണ്ടിന്റെ ലീഡ് കുറച്ചത്. 293ൽ വച്ചാണ് ഷൊയ്ബ് ആകാശിനെ (9) പുറത്താക്കിയത്. തുടർന്ന് സിറാജിനെ(0*) സാക്ഷിയാക്കി 300 കടത്തിയ ധ്രുവ് കന്നിസെഞ്ച്വറിക്ക് 10 റൺസ് അരികെ ഹാർട്ട്‌ലിയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു.149 പന്തുകൾ നേരിട്ട ധ്രുവ് ആറുഫോറുകളും നാലുസിക്സുകളും പായിച്ചിരുന്നു.

90 റൺസ് നേടിയ ധ്രുവ് ആണ് ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോററർ. യശസ്വി 73 റൺസും ഗിൽ 38 റൺസും കുൽദീപ് 28 റൺസും നേടി. ഇംഗ്ളണ്ടിനായി ആദ്യ ഇന്നിംഗ്സിൽ ഷൊയ്ബ് ബഷീർ 119 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി. തന്റെ രണ്ടാമത്തെ ടെസ്റ്റ് കളിക്കുന്ന ഷൊയ്ബിന്റെ കരിയറിലെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടമായിരുന്നു ഇത്. ടോം ഹാർട്ട്‌ലി മൂന്ന് വിക്കറ്റും ജെയിംസ് ആൻഡേഴ്സൺ രണ്ട് വിക്കറ്റും വീഴ്ത്തി.

അശ്വിന്റെ ആരവം

ഒന്നാം ഇന്നിംഗ്സിൽ 46 റൺസിന്റെ ലീഡ് നേടിയ ഇംഗ്ളണ്ടിനെ രണ്ടാം ഇന്നിംഗ്സിൽ 145ൽ ഒതുക്കാൻ തുണയായത് അശ്വിന്റെയും കുൽദീപിന്റെയും സ്പിൻ ബൗളിംഗാണ്. ലഞ്ചിന് ശേഷം ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ടിനെ ചായയ്ക്ക് പിരിയുമ്പോൾ 120/5 എന്ന നിലയിലാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. ചായയ്ക്ക് ശേഷം 25 റൺസ് കൂടി വിട്ടുകൊടുത്ത് അവശേഷിച്ച അഞ്ചുവിക്കറ്റുകളും കൂടി ഇന്ത്യ സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിൽ ബൗളിംഗ് ഓപ്പൺ ചെയ്ത അശ്വിൻ തുടക്കത്തിൽതന്നെ ബെൻ ഡക്കറ്റ് (15), ഒല്ലീ പോപ്പ് (0),ആദ്യ ഇന്നിംഗ്സിലെ സെഞ്ച്വറി വീരൻ ജോ റൂട്ട് (11) എന്നിവരെ പുറത്താക്കി സന്ദർശകരെ 65/3 എന്ന നിലയിലാക്കി.

തുടർന്ന് കുൽദീപിന്റെ ഉൗഴമായിരുന്നു.60 റൺസുമായി പൊരുതിനിന്ന സാക്ക് ക്രാവ്‌ലിയെ ക്ളീൻ ബൗൾഡാക്കിയ കുൽദീപ് അസാദ്ധ്യമായി കുത്തിത്തിരിഞ്ഞ ഒരു പന്തിലൂടെ ബെൻ സ്റ്റോക്സിന്റെയും(4) സ്റ്റംപ് ഇളക്കി. ചായയ്ക്ക് ശേഷം ജഡേജ ബെയർസ്റ്റോയെ പാട്ടീദാറിന്റെ കയ്യിലെത്തിച്ചു. തുടർന്ന് കുൽദീപ് ഹാർട്ട്‌ലിയേയും (7), ഒല്ലീ റോബിൻസണിനേയും(0) മടക്കിഅയച്ച് സന്ദർശകരെ 133/8 എന്ന നിലയിലാക്കി. ബെൻ ഫോക്സും (17) ഷൊയ്ബ് ബഷീറും (1*) കുറച്ചുനേരം പൊരുതി നിന്നെങ്കിലും അശ്വിൻ 54-ാം ഓവറിൽ ഫോക്സിനെ സ്വന്തം ബൗളിംഗിൽ പിടികൂടുകയും ആൻഡേഴ്സണെ(0) ധ്രുവിന്റെ കയ്യിലെത്തിക്കുകയും ചെയ്ത് കരിയറിലെ 35-ാമത് അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ISL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.