ന്യൂഡൽഹി : ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ വനിതകൾക്ക് സ്ഥിരനിയമനം നൽകുന്നതിൽ കേന്ദ്രസർക്കാർ നടപടിയെടുത്തില്ലെങ്കിൽ തങ്ങൾക്കത് ചെയ്യേണ്ടി വരുമെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. കോസ്റ്റ് ഗാർഡിലെ ഉദ്യോഗസ്ഥ പ്രിയങ്ക ത്യാഗി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. 14 വർഷത്തിലേറെ സർവീസുണ്ടായിട്ടും സ്ഥിര കമ്മിഷൻ തസ്തികയിലേക്ക് പരിഗണിക്കുന്നില്ലെന്നാണ് പരാതി. യോഗ്യതയുള്ള വനിതകളെ സ്ഥിരകമ്മിഷൻ നിയമനത്തിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ചട്ടപ്രകാരം പ്രവർത്തിച്ചില്ലെങ്കിൽ ഇടപെടാൻ നിർബന്ധിതരാകുമെന്ന് ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തു. നാവിക സേന, കരസേന എന്നിവയിൽ നിന്ന് വിഭിന്നമാണ് കോസ്റ്ര് ഗാർഡെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരം വാദമുഖങ്ങളൊന്നും 2024ൽ വിലപോകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്ത്രീകളെ ഒഴിവാക്കാൻ മതിയായ കാരണങ്ങളുമല്ല. സ്ത്രീകളുടെ സ്ഥിര കമ്മിഷൻ നിയമന വിഷയത്തിൽ നടപടിയെടുക്കാനും, മറുപടി സമർപ്പിക്കാനും മാർച്ച് ഒന്നുവരെ കേന്ദ്രത്തിന് സമയം അനുവദിച്ചു. സത്യവാങ്മൂലം സമർപ്പിക്കാൻ കോസ്റ്റ് ഗാർഡിനോട് പറയാമെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |