കൊല്ലം: പാരിപ്പള്ളി ഗവ. എൽ.പി.എസ് തയ്യാറാക്കിയ ഒന്നും രണ്ടും ക്ലാസുകളിലെ കുട്ടികളുടെ ദിനക്കുറിപ്പുകളുടെ സമാഹാരങ്ങൾ ശ്രദ്ധേയമാകുന്നു. ഒന്നാം ക്ലാസുകാരുടെ ദിനക്കുറിപ്പുകൾ 'നിറത്താളുകൾ" എന്ന പേരിലും രണ്ടാം ക്ലാസുകാരുടേത് 'വർണച്ചിറകുകൾ" എന്ന പേരിലുമാണ് സമാഹാരങ്ങളാക്കിയത്.
മൂന്നോ നാലോ വാക്യങ്ങൾ മാത്രമാണ് ഓരോ കുട്ടിയുടെയും കുറിപ്പുകൾ. ദിനാനുഭവങ്ങളിൽ മഴയും തണുപ്പും കൊടും ചൂടും അടക്കം പല കാലങ്ങളുണ്ട്. ചിലർ പറ്റിയ അക്കിടികളും കുറിച്ചിട്ടുണ്ട്. ചില കുറിപ്പുകൾ കവിത പോലെ മധുരം നിറഞ്ഞതാണ്. ഓരോ കുറിപ്പിൽ നിന്നും അവരുടെ മനസും സ്വപ്നങ്ങളും വായിച്ചെടുക്കാം. കുട്ടികൾ വരച്ച ചിത്രങ്ങൾ കൊണ്ടാണ് താളുകൾ വർണാഭമാക്കിയത്.
കുട്ടികളിലെ ഭാഷാശേഷി വികസിപ്പിക്കുന്നതിനൊപ്പം സർഗവാസനകളെയും പ്രോത്സാഹിപ്പിക്കുന്നയെന്ന ലക്ഷ്യത്തോടെയാണ് പാരിപ്പള്ളി ഗവ. എൽ.പി.എസിലെ അദ്ധ്യാപകർ കുട്ടികളെക്കൊണ്ട് ദിനക്കുറിപ്പുകൾ എഴുതിച്ചത്. സ്കൂൾ മാഗസിൻ പോലെ രണ്ട് സമാഹാരങ്ങളും സ്കൂൾ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സ്കൂൾ ഹെഡ്മിസ്ട്രസ് പി.സജിനി, ഒന്നാം ക്ലാസിലെ ക്ലാസ് ടീച്ചർമാരായ എൻ.ശാരിക, ബി.കാർത്തിക രണ്ടാം ക്ലാസിലെ ക്ലാസ് ടീച്ചർമാരായ നിഷ, ദീപ എന്നിവരുടെ നേതൃത്വത്തിലാണ് പുസ്തകം തയ്യാറാക്കിയത്. പി.ടി.എയും രക്ഷിതാക്കളും വലിയ പിന്തുണ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |