ന്യൂഡൽഹി : തിരഞ്ഞെടുപ്പ് ബോണ്ട് മുഖേന രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയവരുടെ വിവരങ്ങൾ കൈമാറാൻ ജൂൺ 30 വരെ സാവകാശം ആവശ്യപ്പെട്ട് എസ്.ബി.ഐ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആവശ്യം നിരാകരിക്കാൻ സി.പി.എമ്മും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സംഘടനയും കോടതിയലക്ഷ്യഹർജി സമർപ്പിച്ചിട്ടുണ്ട്. മാർച്ച് ആറിനകം വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണമെന്നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നത്. തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി റദ്ദാക്കി കൊണ്ടായിരുന്നു നിർദ്ദേശം. എസ്.ബി.ഐ കൈമാറുന്ന വിവരങ്ങൾ മാർച്ച് 13ഓടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകണമെന്ന് കമ്മിഷനോടും നിർദേശിച്ചിരുന്നു. ഫെബ്രുവരി 15ന് വിധി പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അതേ ബെഞ്ചാണ് ഇന്ന് പരിഗണിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രാജ്യം കാത്തിരിക്കുന്ന ഈ വേളയിൽ സുപ്രീംകോടതി നിലപാട് നിർണായകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |