SignIn
Kerala Kaumudi Online
Sunday, 28 April 2024 4.18 AM IST

കൊമ്പന്മാർ നിരന്നു, പൂരനഗരിയിൽ ട്വിസ്റ്റുകളുടെ കുടമാറ്റം

udf

തൃശൂർ: അവസാന നിമിഷ ട്വിസ്റ്റിൽ സിറ്റിംഗ് എം.പി ടി.എൻ. പ്രതാപന് പകരം കെ. മുരളീധരൻ രംഗത്തിറങ്ങിയതോടെ കുടമാറ്റത്തിന്റെ സസ്‌പെൻസിൽ ആവേശം കൊണ്ട പോലെയായി കോൺഗ്രസ് പ്രവർത്തകർ. ഇതോടെ, പൂരത്തിന് നിരന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കണ്ട വിസ്മയത്തിലാണ് ഓരോ മുന്നണികളുടെയും അണികൾ. അത്രയും തലപ്പൊക്കമുള്ള നേതാക്കന്മാർ മൂന്ന് പാർട്ടികൾക്കുമായി നിരക്കുന്നു. ഇനി ജനാധിപത്യ പൂരത്തിന്റെ നടപ്പാണ്ടിയും പഞ്ചവാദ്യവുമാണ് തൃശൂരിൽ നിന്നുയരുക. ലീഡർ കെ. കരുണാകരന്റെ പ്രഭാവം കൊണ്ട് ട്വിസ്റ്റുകളും അട്ടിമറികളും തിരിച്ചടികളും അപ്രതീക്ഷിത ജയവുമെല്ലാമായി എന്നും ശ്രദ്ധാകേന്ദ്രമാണ് തൃശൂർ. ഇപ്പോഴും ആ ലീഡർ ഇഫക്ട് തുടരുന്നു. പത്മജ വേണുഗോപാലിന്റെ ബി.ജെ.പിയിലേക്കുള്ള കൂടുമാറ്റവും മുരളീധരന്റെ നിയോഗവുമെല്ലാമായി ലീഡർ അദൃശ്യസാന്നിദ്ധ്യമാണ് ഈ തിരഞ്ഞെടുപ്പിലും. സി.എ.എ ഉൾപ്പെടെ വാർത്തകളിൽ നിറയുമ്പോൾ നിലപാടുകളാകും ഇപ്രാവശ്യത്തെയും താരം.

ഇ​ന്ത്യ​ ​മു​ന്ന​ണി​യെ ശക്തമാക്കണം - വി.എസ്. സുനിൽകുമാർ, എൽ.ഡി.എഫ് സ്ഥാനാർത്ഥി

ജനാധിപത്യവും മതേതരത്വവും അപകടം നേരിടുന്നു. അതുകൊണ്ട് ഇടതുപക്ഷത്തിന് ഈ തിരഞ്ഞെടുപ്പിൽ ഏറെ പ്രാധാന്യമുണ്ട്. പാർലമെന്റിൽ ഇടതുപ്രതിനിധികളുടെ സ്വാധീനം വർദ്ധിപ്പിക്കേണ്ടതുണ്ട്. മതേതരവിശ്വാസികളുടെ മുഴുവൻ ആവശ്യമാണിത്. ഇന്ത്യ മുന്നണിയുടെ മതേതര നിലപാടിനെ ശാക്തീകരിക്കേണ്ടതുണ്ട്. കേന്ദ്രസർക്കാരിന്റെ അവഗണന വർഷങ്ങളായി കേരളത്തെ ഞെരിക്കുന്നു. കേരളത്തിലെ യു.ഡി.എഫ് എം.പി.മാർ അതിനെതിരെ ശബ്ദമുയർത്തിയില്ല. തൃശൂരിന്റെ വികസനവും ചർച്ചാവിഷയമാകും. റെയിൽവേ സ്റ്റേഷനുകളുടെ വികസനം, മലയോര മേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷം, തീരമേഖലയിലെ പ്രതിസന്ധി, മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ, തൃശൂർ-പൊന്നാനി കോൾവികസനം തുടങ്ങിയ വിഷയങ്ങൾ പരിഹരിക്കേണ്ടതുണ്ട്. പത്ത് വർഷം മുൻപ് ബി.ജെ.പി അധികാരത്തിൽ വരുമ്പോഴുള്ള ഇന്ധനവിലയും പലവ്യഞ്ജന വിലയും നമുക്കറിയാം. ഇപ്പോൾ വലിയതോതിൽ വിലവർദ്ധനയുണ്ടായത് കേരളത്തെ ഗുരുതരമായി ബാധിച്ചു. അതും ചർച്ചാവിഷയമാകും. ദുരന്തകാലത്ത് കേരളത്തോട് കാണിച്ച കേന്ദ്ര അവഗണന ചർച്ച ചെയ്യപ്പെടണം. ഒരു മണി അരി പോലും കേന്ദ്രം അധികമായി തന്നില്ല. സംസ്ഥാന സർക്കാരിന്റെ പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണ്. സാമൂഹ്യസുരക്ഷാ പദ്ധതികളെ അട്ടിമറിച്ചു. വ്യക്തിപരമായി ആരെങ്കിലും കൂറുമാറിയതൊന്നും തൃശൂരിൽ ചർച്ചയാവില്ല. കോൺഗ്രസിന്റെ നേതാക്കളെ വിശ്വസിക്കാൻ കഴിയില്ലെന്നതാണ് പത്മജയുടെ കാലുമാറ്റം തെളിയിക്കുന്നത്. ബി.ജെ.പി.യെ നേരിടാൻ കോൺഗ്രസിനെ കൊണ്ട് കഴിയില്ലെന്ന അവസ്ഥയാണ് ഇത് വ്യക്തമാക്കുന്നത്.

ബി.​ജെ.​പി​യെ​ ​തടയാൻ കോ​ൺ​ഗ്ര​സി​നേ​ ​ക​ഴി​യൂ- കെ. മുരളീധരൻ, യു.ഡി.എഫ് സ്ഥാനാർത്ഥി

ഇന്ത്യാ മുന്നണിയെ വിജയിപ്പിക്കുക എന്നതാണ് ലക്ഷ്യം. പൊരുതുക നേടിയെടുക്കുക എന്നതാണ് യു.ഡി.എഫിന്റെ ആശയം. ബി.ജെ.പിയെ താഴെയിറക്കാൻ കോൺഗ്രസിനേ കഴിയൂ. കേരളത്തിൽ യു.ഡി.എഫിന് വലിയ പ്രതീക്ഷയുണ്ട്. ആലപ്പുഴ അടക്കം തിരിച്ചുപിടിക്കും. ശക്തമായ പോരാട്ടത്തിലൂടെ എല്ലായിടത്തും ബി.ജെ.പിയെ മൂന്നാമതെത്തിക്കുക എന്നതാണ് ലക്ഷ്യം. ശക്തമായ പോരാട്ടം കാഴ്ച വയ്ക്കാൻ തന്നെയാണ് വടകരയിൽ നിന്ന് തൃശൂരിലെത്തിയത്. അത് ടി.എൻ.പ്രതാപൻ അടക്കമുള്ളവർ ആവശ്യപ്പെട്ടതിനെ തുടർന്നാണ്. സംസ്ഥാനത്തെ ഭരണപരാജയവും ബി.ജെ.പിയോടുളള സി.പി.എമ്മിന്റെ മൃദുസമീപനവുമെല്ലാം ഉയർത്തിക്കാട്ടും. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും ഈ തിരഞ്ഞെടുപ്പ്. കേരളത്തിന്റെ പൊതു ആവശ്യത്തിനായി കോൺഗ്രസ് ഒന്നിച്ച് നിന്നിട്ടുണ്ട്. പക്ഷേ, സർക്കാരിന്റെ ധൂർത്തിനെ അനുകൂലിക്കില്ല. കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.
അഖിലേന്ത്യാ രാഷ്ട്രീയം തന്നെയാണ് പ്രധാനം. വീണ്ടും അധികാരത്തിൽ വരുമെന്ന് ബി.ജെ.പിക്ക് തന്നെ ആത്മവിശ്വാസമില്ല. അതുകൊണ്ടാണ് പൗരത്വബില്ലുമായി വരുന്നത്. എല്ലാം കൊണ്ടും പരാജയപ്പെട്ടപ്പോഴാണ് പൗരത്വബില്ല് അവസാന ആയുധമാക്കിയത്. കേന്ദ്ര ജനവിരുദ്ധ നയങ്ങൾ തുറന്നുകാണിക്കും. തൃശൂരിൽ ബി.ജെ.പി. മൂന്നാമതാകും. ബി.ജെ.പിയിലേക്ക് പോയവർ സ്വാഭാവികമായും കോൺഗ്രസിനെതിരെ പ്രതികരിക്കും. നിർണ്ണായക ഘട്ടത്തിൽ ചെയ്യാൻ പാടില്ലാത്തതാണ് പത്മജ ചെയ്തത്. കെ.കരുണാകരന്റെ സ്മാരക മന്ദിരം പണിഞ്ഞില്ലെന്ന് പറഞ്ഞ് ബി.ജെ.പിയിൽ പോകുകയാണോ ചെയ്യേണ്ടത് ?.

മോ​ദി​യു​ടെ​ ​ഗ്യാ​ര​ന്റി​ക്കൊ​പ്പം നി​ല​കൊ​ള്ളണം- സുരേഷ് ഗോപി, എൻ.ഡി.എ സ്ഥാനാർത്ഥി

ഈ തിരഞ്ഞെടുപ്പിൽ പ്രധാനമായും ദേശീയതയ്‌ക്കൊപ്പവും മോദിയുടെ ഗ്യാരന്റിക്കൊപ്പവും നിലകൊണ്ട് രാജ്യത്തെ മൂന്നാം സാമ്പത്തിക ശക്തിയാക്കാനും ലോകത്തിലെ വികസിതരാജ്യങ്ങളിൽ ഒന്നാക്കാനുമുള്ള യജ്ഞത്തിലാണ്. അതിന് കേരളത്തിൽ നിന്ന് ശക്തമായ പിന്തുണ നൽകുക എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ ലക്ഷ്യം. നിരാലംബരും നിരാശ്രയരുമായ കേരളജനതയ്ക്ക് പെൻഷനും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട വയോജനങ്ങൾക്കും ഭാവിയെക്കുറിച്ച് ആകുലപ്പെടുന്ന യുവജനങ്ങൾക്കും ആശയും പ്രതീക്ഷയും നൽകുന്ന ഡബിൾ എൻജിൻ സർക്കാർ വരാനുള്ള വഴി തുറക്കലാണ് എൻ.ഡി.എയ്ക്ക് വോട്ടു ചെയ്യുമ്പോൾ ജനങ്ങൾക്ക് ലഭിക്കുന്നത്. പൂക്കോട് സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണവും കേരള സർവകലാശാലയിലെ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ നൃത്തം ചെയ്യുന്ന വിദ്യാർത്ഥികളുടെ ചിത്രവും ജനങ്ങൾ ഓർക്കും. സാധാരണക്കാരന്റെ ആശ്രയമായ സഹകരണ ബാങ്കുകളിലെ പണം പാർട്ടിക്കാർക്കായി ഇടതുപക്ഷവും കോൺഗ്രസും കൊള്ളയടിച്ചതാണ് തൃശൂരിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം. വികസനം എന്നത് തിരഞ്ഞെടുപ്പ് കാലങ്ങളിൽ ചർച്ച ചെയ്യുന്ന പാഴ് വാക്കായി മാറ്റിയ എം.പിയും ഇടതുസർക്കാരുമാണ് ഇവിടെയുള്ളത്. സംസ്ഥാന സർക്കാരിന്റെ നിരാശാജനകമായ പ്രകടനവും സ്വന്തം പാർട്ടിക്കാരെ നിയമിക്കലും പിൻവാതിൽ നിയമനവും തീർച്ചയായും ജനങ്ങളുടെ പരിഗണനയിലുള്ള വിഷയങ്ങളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.