SignIn
Kerala Kaumudi Online
Sunday, 28 April 2024 3.12 AM IST

യുഎഇയിൽ വിമാനയാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചു, കടുത്ത ആശങ്ക; മുന്നറിയിപ്പ്

flight-traveller

ദുബായ്: അബുദാബിയിൽ നിന്ന് അയർലാൻഡിലെ ഡബ്ളിനിലേയ്ക്ക് വിമാനത്തിൽ യാത്രചെയ്യുകയായിരുന്നയാൾക്ക് മീസിൽസ് (അഞ്ചാംപനി) സ്ഥിരീകരിച്ചതിൽ ആശങ്ക. ഇത്തിഹാദ് എയർവേസിലെ യാത്രക്കാരനിലാണ് രോഗം കണ്ടെത്തിയത്. ഐറിഷ് അധികൃതർ ഇക്കാര്യം അറിയിച്ചതായി വിമാനക്കമ്പനി സ്ഥിരീകരിച്ചു.

യാത്രക്കാരനിൽ അഞ്ചാംപനി കണ്ടെത്തിയതിനെത്തുടർന്ന് അയർലാൻഡിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. രോഗബാധിതനായ യാത്രക്കാരൻ സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്നവരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്. വീട്ടിൽ പ്രത്യേകം മുറികളിലായി കഴിയണമെന്നും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ആരോഗ്യപ്രവർത്തകരുടെ സേവനം തേടണമെന്നും അധികൃതർ പറയുന്നു.

ഇത്തിഹാദ് എയർവേസിന്റെ 'ഇവൈ 045' എന്ന വിമാനത്തിലെ യാത്രക്കാൻ കഴിഞ്ഞ ശനിയാഴ്‌ചയാണ് അയർലാൻഡിൽ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ അഞ്ചാംപനി സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും വിമാനക്കമ്പനിയുടെ വക്താവ് സ്ഥിരീകരിച്ചു.

എന്താണ് അഞ്ചാം പനി?

പാരാമിക്‌സോ വൈറസ് വിഭാഗത്തിൽപെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി. ആറ് മാസം മുതൽ മൂന്ന് വയസ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്.

ലക്ഷണങ്ങൾ ഇവ

പനിയാണ് ആദ്യത്തെ ലക്ഷണം. ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും. നാലുദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പിറകിൽ നിന്ന് തുടങ്ങി മുഖത്തേക്ക് പടർന്നശേഷം ദേഹമാസകലം ചുവന്ന തടിപ്പുകൾ കാണപ്പെടും. കൂടാതെ വയറിളക്കം, ഛർദ്ദി, ശക്തമായ വയറുവേദന, അപ്പെന്റിക്സിന്റെ പഴുപ്പ് എന്നിവയും ഉണ്ടാകാറുണ്ട്. വയറിളക്കം കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ നിർജലീകരണം മൂലം മരണം വരെ സംഭവിക്കാം.

രോഗം പകരുന്നതിങ്ങനെ

അസുഖമുള്ള ഒരാളുടെ കണ്ണിൽ നിന്നുള്ള സ്രവത്തിൽ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയോ രോഗപ്പകർച്ചയുണ്ടാകാം. മുഖാമുഖം സമ്പർക്കം വേണമെന്നില്ല. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പർക്കമുണ്ടായ 90 ശതമാനം ആൾക്കാർക്കും അഞ്ചാം പനി പിടിപെടാനിടയുണ്ട്.

സങ്കീർണ്ണതകൾ

അഞ്ചാം പനി കാരണം എറ്റവും കൂടുതൽ ഉണ്ടാകുന്ന പ്രശ്നം വയറിളക്കത്തിന്റെ ഭാഗമായുള്ള നിർജ്ജലീകരണവും ചെവിയിലെ പഴുപ്പുമാണ്. ഈ പഴുപ്പ് യഥാവിധം ചികിത്സിച്ചില്ലെങ്കിൽ മെനിഞ്ചിറ്റിസ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാം. വിറ്റാമിൻ എ യുടെ കുറവും വ്യത്യസ്ത തരത്തിലുള്ള ശ്വാസകോശ രോഗങ്ങളും ഈ അസുഖത്തിന്റെ ഭവിഷ്യത്തുകളാണ്.

അഞ്ചാം പനി കാരണമുള്ള മരണങ്ങൾ സംഭവിക്കുന്നതിന്റെ പ്രധാന വില്ലൻ ന്യുമോണിയയാണ്. അഞ്ചാം പനി ബാധിച്ച് 7-10 വർഷങ്ങൾ കഴിഞ്ഞാലും തലച്ചോറിനെ ബാധിക്കുന്ന സബ് അക്യൂട്ട് സ്‌ക്ലറോസിംഗ് എൻസെഫലൈറ്റിസ് മരണകാരണമാകാം. ആളുടെ സ്വഭാവത്തിൽ ക്രമേണയുണ്ടാകുന്ന വ്യതിയാനങ്ങൾ, പഠനത്തിൽ പെട്ടെന്ന് പിറകോട്ടു പോകുക, ദേഷ്യവും വാശിയും കൂടുതലുണ്ടാവുക എന്നിവയിൽ തുടങ്ങി ശരീരം മുഴുവൻ ബലം പിടിക്കുന്ന അവസ്ഥയിലേക്ക് പോവുകയും അബോധാവസ്ഥയും ശ്വാസമെടുക്കാൻ വെന്റിലേറ്റർ സഹായവും ഒക്കെയായി മിക്കവാറും മരണത്തിലേക്ക് വഴുതിവീഴാൻ സാദ്ധ്യതയേറെയാണ്.

മീസിൽസ് കുത്തിവയ്പ്പ് എടുക്കാത്ത അഞ്ച് വയസിന് താഴെയുള്ളവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് അഞ്ചാംപനി ഗുരുതരമാവാൻ സാദ്ധ്യതയുണ്ട്. രോഗം ബാധിക്കുന്ന കുട്ടികളിൽ നിന്ന് ഇത്തരം ആളുകളിലേക്ക് രോഗം പകരുന്നതിനും അതുവഴി അവർ ഗുരുതരാവസ്ഥയിലാകുന്നതിനും സാദ്ധ്യതയുണ്ട്.

മീസൽസ് രോഗബാധ ഉണ്ടാകുന്നവരിൽ 20 മുതൽ 70 ശതമാനം കുട്ടികളിൽ വയറിളക്കം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ഒരുവയസ്സിന് മുമ്പുണ്ടാകുന്ന വയറിളക്ക രോഗങ്ങളിൽ എട്ട് ശതമാനം ഉണ്ടാകുന്നത് മീസിൽസ് രോഗബാധ മൂലമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നു. മീസിൽസ് രോഗബാധ ഉണ്ടാകുന്നവരിൽ പത്തിൽ ഒരാൾക്ക് ചെവിക്ക് അണുബാധ ഉണ്ടാകാനും ഇരുപതിലൊരാൾക്ക് ന്യൂമോണിയ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, ETIHAD AIRWAYS, TRAVELLER, MEASLES, CONFIRMED, ALERT, DUBLIN, IRELAND
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.