SignIn
Kerala Kaumudi Online
Saturday, 27 April 2024 9.54 PM IST

മത്സരത്തുഴയെറിഞ്ഞ് ചാലക്കുടി

udf

ചാലക്കുടി: ചാലക്കുടിപ്പുഴയുടെ തീരത്തെ തണുപ്പോളങ്ങൾ തഴുകുമ്പോഴും ചാലക്കുടിയിൽ തിരഞ്ഞെടുപ്പ് ചൂട് കുറയുന്നില്ല. സിറ്റിംഗ് എം.പി ബെന്നി ബെഹനാനെ വീണ്ടുമിറക്കിയാണ് യു.ഡി.എഫ് കളമുറപ്പിച്ചത്. മുൻമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനെ ഇറക്കിയാണ് എൽ.ഡി.എഫ് ഇതിന് മറുപടി പറഞ്ഞത്. കെ.എ. ഉണ്ണിക്കൃഷ്‌ണനാണ് എൻ.ഡി.എയ്‌ക്കായി മത്സരിക്കുന്നത്. വികസനം, ദേശീയ - സംസ്ഥാന രാഷ്ട്രീയം, വിലക്കയറ്റം അങ്ങനെ പ്രചാരണ ആയുധങ്ങൾ നിരവധി. എങ്കിലും ചാലക്കുടിക്കാർ എല്ലാം മനസിലൊളിപ്പിക്കുകയാണ്. മത്സരം മുറുകുമ്പോൾ മൂന്ന് സ്ഥാനാർത്ഥികളും തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നു.

സർക്കാരുകൾക്കെതിരായ വിധിയെഴുത്തുണ്ടാകും: ബെന്നി ബഹനാൻ (യു.ഡി.എഫ് സ്ഥാനാർത്ഥി)

കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്താകും ചാലക്കുടിയിൽ. ജനം വിവേകത്തോടെ വോട്ട് ചെയ്യും. രാജ്യത്തിന്റെ നിലനില്പ് നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പാണിത്. 140 കോടി ജനം സൗഹാർദ്ദത്തോടെ ജീവിക്കാൻ എൻ.ഡി.എ ഭരണം അവസാനിപ്പിക്കണമെന്ന ആശയമാണ് യു.ഡി.എഫും കോൺഗ്രസും മുന്നോട്ടുവയ്ക്കുന്നത്. അധികാരത്തെയും ഭരണത്തെയും മതത്തെയും കൂട്ടിയിണക്കുന്ന ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും സമീപനം രാജ്യത്തിന് അപകടമാണ്. ഭരണഘടനയുടെ അന്തഃസത്ത ഉൾക്കൊള്ളാൻ കഴിയുന്ന ഭരണസംവിധാനം രാജ്യത്തുണ്ടാകാൻ സമ്മതിദായകർ വിവേകത്തോടെ വോട്ട് ചെയ്യേണ്ട തിരഞ്ഞെടുപ്പാണിത്. രാജ്യത്തെയും സംസ്ഥാനത്തെയും സ്ഥിതിഗതികളും ചാലക്കുടിയിൽ വിഷയമാകും. മണ്ഡലത്തിന്റെ രാഷ്ട്രീയസ്ഥിതി യു.ഡി.എഫിനും കോൺഗ്രസിനും അനുകൂലമാണ്. പ്രതികൂലമായ ഘടകങ്ങളൊന്നുമില്ല. യു.ഡി.എഫ് കൂറ് കൂടുതൽ ജനങ്ങൾ പ്രകടിപ്പിക്കുന്ന സാഹചര്യമാണുള്ളത്. ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ കഴിയുന്നില്ല. ക്ഷേമപെൻഷൻ നൽകുന്നില്ല. വിലക്കയറ്റം മൂർദ്ധന്യത്തിലാണ്. നിത്യോപയോഗ സാധനങ്ങൾക്ക് സബ്‌സിഡി പിൻവലിച്ചു. വെള്ളക്കരം, വീട്ടുകരം, വൈദ്യുതിനിരക്ക്, പെട്രോളിന്റെയും ഡീസലിന്റെയും വില എന്നിവ വർദ്ധിപ്പിച്ചു. ക്രമസമാധാനനില തകർത്തു. ഇത്രയേറെ ജനവിരുദ്ധമായ സർക്കാരില്ല. സ്വജനപക്ഷപാതം, അഴിമിതി, അധികാരഹുങ്ക് എന്നിവ നയിക്കുന്ന ഭരണകൂടത്തിനെതിരെ കേരളത്തിലെ ജനം വിധിയെഴുതും.

ലക്ഷ്യം നവ ചാലക്കുടി: പ്രൊഫ. സി. രവീന്ദ്രനാഥ് (എൽ.ഡി.എഫ് സ്ഥാനാർത്ഥി)

ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പ്രാധാന്യം ഉറപ്പിക്കുന്ന തിരഞ്ഞെടുപ്പാണിത്. പിണറായി വിജയൻ സർക്കാരിന്റെ ഭരണനേട്ടമുള്ള അംഗീകാരം കൂടിയാകും ഫലം. ജനാധിപത്യവും ഫെഡറലിസവും ഭരണഘടനയും നിലനിറുത്താനുള്ള പോരാട്ടമാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നത്. ഭരണഘടനയുടെ നിലനില്പിനും ഫെഡറൽ സംവിധാനത്തിന്റെ ഭദ്രമായ തുടർച്ചയ്ക്കും കരുത്ത് പകരാനും ഇടതുപക്ഷം അനിവാര്യമാണെന്ന സന്ദേശം ബോദ്ധ്യപ്പെടുത്തും. സംസ്ഥാനങ്ങളെ സാമ്പത്തികമായി തകർക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരായാണ് ഇക്കുറി വോട്ട് ചെയ്യേണ്ടത്. രാജ്യത്തിന് വേണ്ടിയാകണം വോട്ട്. ജനാധിപത്യം, ഭരണഘടന തുടങ്ങിയവയ്ക്ക് വെല്ലുവിളി ഉയർത്തുകയാണ് ബി.ജെ.പി സർക്കാർ. അർഹതപ്പെട്ട ധനകാര്യവിഹിതവും പദ്ധതികളും നിഷേധിക്കുന്നതിനെതിരായ പ്രതികരണമാകണം ജനവിധി. ചാലക്കുടിയിൽ രാഷ്ട്രീയവിഷയങ്ങൾ പൊതുവായത് തന്നെയാണ്. നവ ചാലക്കുടി എന്ന പദ്ധതിയാണ് ജനങ്ങൾക്ക് മുമ്പിൽ വയ്ക്കാനുള്ളത്. കാർഷിക, വിദ്യാഭ്യാസ മേഖലകൾക്ക് പ്രാധാന്യമുണ്ട്. സംസ്‌കൃത സർവകലാശാലാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കാലടി കേന്ദ്രീകരിച്ച് ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രം സൃഷ്ടിക്കാൻ കഴിയും. രാജ്യത്തുതന്നെ ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി കേരളം മാറി. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഏതുമേഖലയിലും മുന്നേറ്റം സൃഷ്ടിച്ച സർക്കാരിനെ ജനം പിന്തുണയ്ക്കുമെന്നതിൽ സംശയമില്ല.

ഇടതും വലതും ജയിച്ചിട്ടെന്തു കാര്യം: കെ.എ. ഉണ്ണിക്കൃഷ്‌ണൻ (എൻ.ഡി.എ സ്ഥാനാർത്ഥി)

മോദി സർക്കാരിന്റെ കാഴ്ചപ്പാടിനും വികസനത്തിനും പിന്തുണ നൽകി കേരളവും മാറിച്ചിന്തിക്കും. കേന്ദ്ര സർക്കാരിന്റെ വികസനപദ്ധതികളും കാഴ്ചപ്പാടുമാണ് ജനത്തിന്റെ മുന്നിൽ വയ്ക്കാനുള്ള ആശയം. എൻ.ഡി.എ വീണ്ടും അധികാരത്തിൽ വരുമെന്നതിൽ ആർക്കും സംശയമില്ല. വികസനം ഗ്രാമങ്ങളിലും ഭവനങ്ങളിലുമെത്തിച്ച ഭരണമികവാണ് ജനങ്ങൾക്ക് മുമ്പിൽ വയ്ക്കാനുള്ളത്. സാധാരണക്കാരെയും ഉൾക്കൊള്ളുന്ന വികസനമെന്ന കാഴ്ചപ്പാടാണ് മോദി നടപ്പാക്കിയത്. ജനങ്ങൾക്ക് നൽകുന്ന സഹായങ്ങൾ പരിഗണിച്ചുവേണം വോട്ട് ചെയ്യാൻ. കർഷകർക്കായി നടപ്പാക്കിയ പദ്ധതികൾ, ആരോഗ്യ ഇൻഷ്വറൻസിലൂടെയുള്ള ചികിത്സാസൗകര്യങ്ങൾ എന്നിവ നിരവധി പേർക്കാണ് പ്രയോജനം നൽകിയത്. ഓരോ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി നടപ്പായി. ഇതുവരെ ഭരിച്ചവർ ചിന്തിക്കാത്ത വിധത്തിൽ സാധാരണക്കാരിലേക്ക് സഹായങ്ങളും വികസനവും എത്തിയെന്നതാണ് വലിയ നേട്ടം. ഇടതുവലതു പക്ഷങ്ങളോട് ചാലക്കുടിയിലെ ജനങ്ങൾക്ക് വിമുഖതയുണ്ട്. അവർ ജയിച്ചുപോയിട്ട് കാര്യമില്ലെന്ന ചിന്ത ജനങ്ങൾക്കുണ്ട്. മോദി മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളും ആശയങ്ങളും രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടിയുള്ളതാണെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങി. അത് വലിയ മാറ്റം തിരഞ്ഞെടുപ്പിലുണ്ടാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NILAPAD BENNY BEHNAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.