കോഴിക്കോട്: പേരാമ്പ്ര വാളൂരിലെ കുറുക്കുടി മീത്തൽ അനുവിന്റെ (26) മരണവുമായി ബന്ധപ്പെട്ട് മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാൻ പിടിയിൽ. ബലാത്സംഗം ഉൾപ്പെടെ അൻപതോളം കേസുകളിൽ പ്രതിയാണ് പിടിയിലായ മുജീബ് റഹ്‌മാൻ. സംഭവസമയത്ത് മുജീബ് ഉപയോഗിച്ചിരുന്ന ബൈക്ക് മലപ്പുറം എടവണ്ണപ്പാറയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. മട്ടന്നൂരിൽ നിന്ന് ഇയാൾ മോഷ്ടിച്ച ബൈക്കാണിത്.
കൊല്ലപ്പെട്ട അനുവിന്റേതെന്ന് സംശയിക്കുന്ന വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി. മുട്ടൊപ്പം മാത്രം വെള്ളമുള്ള തോട്ടിൽ അർദ്ധനഗ്നമായ നിലയിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. അനു കൊല്ലപ്പെട്ടതിന്റെ നടുക്കത്തിൽ നിന്ന് നാട്ടുകാർ ഇതുവരെ മുക്തരായിട്ടില്ല. എങ്ങനെയാണ് പട്ടാപ്പകൽ, ഇത്രയും വീടുകളും ആളുകളുമുള്ള പ്രദേശത്ത് ഇങ്ങനെയൊരു അതിക്രൂര കൊലപാതകം നടന്നതെന്ന സംശയത്തിലാണ് എല്ലാവരും. 9.30 - 10 മണിയോടെയാണ് അനു വീട്ടിൽ നിന്നിറങ്ങിയത്. ഈ സമയത്ത് പ്രദേശത്തെ വിദ്യാർത്ഥികൾ, ജോലിക്ക് പോകുന്നവർ എല്ലാം പോയിക്കഴിഞ്ഞ് തിരക്ക് കുറവായിരിക്കും. ഈ അവസരത്തിലാകും പ്രതി കൃത്യം നടത്തിയതെന്നും നാട്ടുകാർ പറയുന്നു.
മൃതദേഹം കണ്ടെത്തിയ തോട്ടിൽ നിന്ന് മീറ്ററുകൾ മാത്രം അകലെ ഒരു വീടുണ്ട്. ഇവിടെ അന്ന് ആളുണ്ടായിരുന്നില്ല. ഇവർ ബന്ധുവീട്ടിൽ പോയതായിരുന്നു. അനുവിന്റെ വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് അഞ്ച് മിനിട്ട് ദൂരമേയുള്ളു. തോടിന് കുറച്ചപ്പുറത്ത് നിന്ന് തന്നെ അനുവിന് പ്രതി മുജീബ് റഹ്‌മാൻ ബൈക്കിൽ ലിഫ്റ്റ് നൽകി കയറ്റിയെന്നാണ് നാട്ടുകാർ പറയുന്നത്. പിന്നീട് ഇവിടെയെത്തി അല്പം തിരക്കൊഴിഞ്ഞ സ്ഥലം കണ്ടപ്പോൾ കൃത്യം നടത്തിയതാകാമെന്നും ഇവർ പറയുന്നു. ഹെൽമറ്റും മാസ്‌കും കയ്യുറയും ധരിച്ചാണ് പ്രതി സഞ്ചരിച്ചിരുന്നത്.
തിങ്കളാഴ്ച രാവിലെയാണ് അനുവിനെ കാണാതായത്. ഭർത്താവിനോടൊപ്പം ആശുപത്രിയിൽ പോകാൻ സ്വന്തം വീട്ടിൽ നിന്ന് പുറപ്പെട്ട അനുവിനെ കാണാത്തതിനെ തുടർന്ന് ഭർത്താവും ബന്ധുക്കളും നടത്തിയ അന്വേഷണത്തിനൊടുവിൽ, ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ കോട്ടൂർ താഴെ വയലിലെ തോട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. അർദ്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. കഷ്ടിച്ച് മുട്ടൊപ്പം മാത്രം വെള്ളമുളള തോട്ടിൽ മുങ്ങിമരിക്കില്ലെന്ന് ഉറപ്പിച്ചതോടെ കൊലപാതകമാണെന്ന സംശയം പൊലീസിന് ബലപ്പെട്ടു.
തുടർന്ന് ഇതിലേ പോയ ചുവന്ന ബൈക്കിനെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം മുന്നോട്ടുപോയത്. സമീപത്തെ സിസിടിവിയിൽ മലപ്പുറം സ്വദേശിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. തുടർന്നാണ് ഇന്നലെ ഉച്ചയോടെ ഇയാളെ കസ്റ്റഡിയിലെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |