SignIn
Kerala Kaumudi Online
Sunday, 28 April 2024 11.17 AM IST

കണ്ണുകൊണ്ട് കാണാത്ത ബാഗും വർഷങ്ങൾ പഴക്കമുള്ള ഷൂസും; 500 കോടി മുടക്കി സമ്പന്നർ ഇതെല്ലാം വാങ്ങിക്കൂട്ടുന്നതിന്റെ കാരണം അറിയുമോ?

explainer

ചെറിയ സാധനങ്ങൾ മുതൽ വർഷങ്ങളോളം പഴക്കം ചെന്ന സാധനങ്ങൾ വരെ ലേലത്തിന് വയ്‌ക്കാറുണ്ട്. ഇക്കൂട്ടത്തിൽ പ്രമുഖർ ഉപയോഗിച്ച വസ്തുക്കൾ വാങ്ങാൻ നിരവധിപേർ എത്താറുണ്ട്. അതിനാൽ ഇവയ്‌ക്ക് ലക്ഷങ്ങളും കോടികളുമാണ് വില വരാറുള്ളത്. പലപ്പോഴും കൗതുകകരമായ ഈ വസ്തുക്കളുടെ വാർത്തകളും പുറത്തുവരാറുണ്ട്. ആഭരണങ്ങൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ തുടങ്ങി പലതും ഇങ്ങനെ ലേലം ചെയ്യാറുണ്ട്.

ഈ ലോകത്ത് ഏറ്റവും കൂടുതൽ പണം മുടക്കി ആളുകൾ ലേലത്തിന് വാങ്ങിയിട്ടുള്ള ഏഴ് സാധനങ്ങളെപ്പറ്റി അറിയാം. എന്താണ് ഇവയുടെ പ്രത്യേകതയെന്നും എന്തുകൊണ്ടാണ് കോടികൾ മുടക്കി സമ്പന്നർ ഈ സാധനങ്ങൾ വാങ്ങിയിട്ടുള്ളതെന്നും അറിയാം.

1. മൈക്രോസ്‌കോപ്പിക് ബാഗ്

ബ്രൂക്ലിൻ ആസ്ഥാനമായുള്ള ആർട്ട് കളക്റ്റീവ് ആണ് ഈ മെക്രോസ്‌കോപ്പിക് ബാഗ് ഉണ്ടാക്കിയിരിക്കുന്നത്. പ്രമുഖ ബ്രാൻഡായ ലൂയിസ് വിറ്റണിന്റെ മാതൃകയിലാണ് ബാഗ് നിർമിച്ചിരിക്കുന്നത്. നിയോൺ-ഗ്രീൻ നിറത്തിലുള്ള ഈ ബാഗ് കാണണമെങ്കിൽ ഒരു മൈക്രസ്‌കോപ്പ് അനിവാര്യമാണ്. വെറും 0.3 ഇഞ്ച് പോലും വലുപ്പമില്ലാത്ത ബാഗ് നമുക്ക് കണ്ണുകൊണ്ട് കാണാൻ സാധിക്കില്ല. മെക്കാനിക്കൽ ബയോടെക് വസ്തുക്കൾ നിർമിക്കുന്നതിന് വേണ്ടിയുള്ള ടു-ഫോട്ടോൺ പോളിമറൈസേഷൻ എന്ന പ്രത്യേക 3ഡി പ്രിന്റിംഗ് ടെക്നിക്ക് ഉപയോഗിച്ച് നിർമ്മിച്ച ഈ ചെറിയ ഹാൻഡ്ബാഗ് സർഗാത്മകതയുടെയും നൂതനത്വത്തിന്റെയും പ്രതീകമാണ്. ലൂയിസ് വിറ്റണിന്റെ ലോഗോയും ബാഗിലുണ്ട്. 52 ലക്ഷം രൂപയ്‌ക്കാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാൾ ഈ ബാഗ് സ്വന്തമാക്കിയത്.

A post shared by @zitwitty

2. ഹിമാലയ ബിർക്കിൻ ഹാൻഡ്‌ബാഗ്

3.15 കോടി രൂപയ്‌ക്കാണ് ഈ ബാഗ് ലേലത്തിൽ വിൽപ്പന നടത്തിയത്. വെള്ള നിറത്തിലുള്ള ഈ ബാഗ് ഹിമാലയൻ മുതലയുടെ തൊലിയിൽ നിന്നാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ ഈ ബാഗിൽ സ്വർണവും വജ്രവും കൊണ്ട് നിർമിച്ച ഒരു ബക്കിളും ഘടിപ്പിച്ചിട്ടുണ്ട്. ലേലത്തിൽ വിറ്റഴിഞ്ഞ ബാഗുകളിൽ ഏറ്റവും വിലകൂടിയ ഒന്നാണിത്.

bag

3. നൈക്കി ഷൂസ്

2019ലാണ് ലോകത്തെ ഏറ്റവും വിലകൂടിയ ഷൂ ലേലം നടന്നത്. അത് നൈക്കിന്റെ ഒരു ജോഡി മൂൺ ഷൂസാണ്. 1972ലെ ഒളിമ്പിക് ട്രയൽസിനായി നൈക്കി സഹസ്ഥാപകനായ ബിൽ ബോവർമാനാണ് കൈകൊണ്ട് നിർമിച്ച ഈ ഷൂസ് രൂപകൽപ്പന ചെയ്‌തത്. മൂന്ന് കോടി അറുപത്തിമൂന്ന് ലക്ഷം രൂപയ്‌ക്കാണ് ഒരു കനേഡിയൻ വ്യവസായി ഈ ഷൂസ് സ്വന്തമാക്കിയത്.

shoes

4. പിങ്ക് ഡയമണ്ട്

കഴിഞ്ഞ ഒക്ടോബറിലാണ് ഈ പിങ്ക് ഡയമണ്ടിന്റെ ലേലം നടന്നത്. 479 കോടിയിലധികം രൂപയ്‌ക്കാണ് ഇതിന്റെ വിൽപ്പന നടന്നത്. ഇതുവരെ ലേലം നടത്തിയതിൽ വച്ച് ഏറ്റവുമധികം പണത്തിന് വിൽപ്പന നടത്തിയ ആഭരണം എന്ന പേരും ഇത് സ്വന്തമാക്കി കഴിഞ്ഞു.

diamond

5. ജാക്കറ്റ്

1969ൽ ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യത്തിൽ ബസ് ആൽഡ്രിൻ ധരിച്ച ജാക്കറ്റാണ് അടുത്തത്. 23കോടി രൂപയിലധികം നൽകിയാണ് ഈ ജാക്കറ്റ് ലേലത്തിൽ സ്വന്തമാക്കിയത്. ഈ ഐക്കണിക്ക് ജാക്കറ്റിൽ അപ്പോളോ 11 മിഷൻ എംബ്ലത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ആൽഡ്രിന്റെ നെയിം ടാഗ് സവിശേഷമായ ഫയർ റെസിസ്റ്റന്റ് മെറ്റീരിയലിൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

jacket

6. ഹിറ്റ്‌ലറിന്റെ വാച്ച്

മേരിലാൻഡ് ആസ്ഥാനമായുള്ള ഒരു സ്ഥാപനം നടത്തിയ ലേലത്തിലാണ് അഡോൾഫ് ഹിറ്റ്‌ലറുടെ റിസ്റ്റ് വാച്ച് വിൽപ്പനയ്‌ക്ക് വച്ചത്. ഇത് വിവാദപരമായ ഒരു ലേലമായിരുന്നു. ഈ വാച്ചിന് ചരിത്രപരമായ പ്രാധാന്യമില്ല എന്ന് യഹൂദ നേതാക്കൾ പരസ്യമായി വിമർശിച്ചു. ഈ പ്രതിഷേധങ്ങളൊന്നും ഫലം കണ്ടില്ല. 33.26കോടി രൂപയ്‌ക്കാണ് ഈ വാച്ച് വിൽപ്പന നടത്തിയത്.

watch

7. ലോക്കറ്റ്

വെള്ളത്തുള്ളിയുടെ ആകൃതിയിലുള്ള പ്രകൃതിദത്തമായുണ്ടായ മുത്ത് പിടിപ്പിച്ച ലോക്കറ്റാണ് അടുത്തത്. 2018ൽ ജനീവയിലെ സോത്ത്‌ബൈസിലാണ് ഇതിന്റെ ലേലം നടന്നത്. മേരി ആന്റോനെറ്റ് രാജ്ഞിയുടെ ഉടമസ്ഥതയിലുള്ള പത്ത് വിലയേറിയ വസ്തുക്കളിൽ ഒന്നായിരുന്നു ഈ ലോക്കറ്റ്. ഫ്രഞ്ച് വിപ്ലവത്തിന് മുമ്പ് ഫ്രാൻസിന്റെ അവസാന രാജ്ഞിയായിരുന്ന മേരി ലൂയി പതിനാറാമനെ വിവാഹം കഴിച്ചു. ദൗർഭാഗ്യകരമെന്ന് പറയട്ടെ, 18-ാം നൂറ്റാണ്ടിലെ പ്രക്ഷോഭത്തിനിടെ രാജാവ് കൊല്ലപ്പെട്ടു.

pendant

തുടർന്ന് മേരി തന്റെ അമൂല്യമായ സ്വത്തുക്കളിൽ ചിലത് അവളുടെ ബന്ധുക്കൾക്ക് കൈമാറി. അതിലൊന്നാണ് ഈ ലോക്കറ്റ്. 300 കോടിയോളം രൂപയ്‌ക്കാണ് ഈ ലോക്കറ്റ് ലേലത്തിൽ വിറ്റഴിച്ചത്. ഇതിന്റെ ചരിത്രപരമായ പ്രാധാന്യവും ഭംഗിയുമാണ് ഇത്രയും വിലയ്‌ക്ക് കാരണം.

ലോകത്ത് ഇത്തരത്തിൽ ലേലത്തിന് വാങ്ങുന്ന വസ്തുക്കൾ ഒരാളുടെ കയ്യിൽ മാത്രമേ കാണുകയുള്ളു. പ്രശ്സ്തി നേടാനും ചിലർ വ്യക്തിപരമായ ഇഷ്ടംകൊണ്ടുമാണ് ഇങ്ങനെയുള്ള വസ്തുക്കൾ വാങ്ങിക്കൂട്ടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WATCH, EXPLAINER, WOLDS LARGEST AUCTION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.