തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ മദ്യനയ കോഴക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിക്കുന്ന കോൺഗ്രസ് കേരളത്തിൽ മുഖ്യമന്ത്രിയും കുടുംബവും നേരിടുന്ന അഴിമതിക്കേസിൽ നടപടി വന്നാലും പ്രതിഷേധിക്കുമോയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
കേരളത്തിൽ കേന്ദ്ര ഏജൻസികളുടെ കേസിൽ എന്താണ് നടപടിയെടുക്കാത്തതെന്ന് ചോദിച്ചവരാണ് കോൺഗ്രസുകാർ. കേജ് രിവാളിനെതിരെ നടപടിയെടുക്കാത്തത് എന്തെന്നാണ് ഡൽഹിയിൽ കോൺഗ്രസ് നേതാവ് അജയ്മാക്കൻ ചോദിച്ചിരുന്നത്. അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് പ്രതിഷേധിക്കുകയാണ്. ഇത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ നിയമസഭയിൽ അടിയന്ത പ്രമേയം വേണ്ടെന്ന് വെച്ചയാളാണ് വി.ഡി.സതീശൻ. അഴിമതിക്കാർ എല്ലാവരും ഒരു വട്ടത്തിൽ ഒന്നിച്ചിരിക്കുകയാണ്. കേജ് രിവാൾ നിരവധി തവണ കോടതികളിൽ പോയിട്ടും അദ്ദേഹത്തിന്റെ അറസ്റ്റ് തടയാൻ ഒരു കോടതിയും തയ്യാറായില്ല. അതിനർത്ഥം തെളിവുകൾ അത്രയും ശക്തമാണെന്നാണ്. ഇത് എല്ലാ അഴിമതിക്കാർക്കുമുള്ള മുന്നറിയിപ്പാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |