മലപ്പുറം : കാളികാവിൽ രണ്ടരവയസുകാരി ഫാത്തിമ നസ്രിൻ മരിച്ചത് മർദ്ദനത്തെ തുടർന്നെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കുട്ടിയുടെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. തലയിൽ രക്തം കട്ടപിടിച്ചതായും വാരിയെല്ല് പൊട്ടിയതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം പൊലീസ് നടത്തും. രണ്ടരവയസുകാരിയുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും പിതാവ് മുഹമ്മദ് ഫയിസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ഇയാൾക്കെതിരെ ഭാര്യയും ബന്ധുക്കളുമാണ് പൊലീസിൽ പരാതി നൽകിയത്. കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് ഇന്നലെ വൈകിട്ട് മുഹമ്മദ് ഫയിസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ ദേഹത്ത് മർദ്ദനമേറ്റ് കരുവാളിച്ച പാടുകളുണ്ടായിരുന്നു. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
കുട്ടിയെ പിതാവ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞതായി അമ്മയും ബന്ധുക്കളും ആരോപിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ കുട്ടി മരിച്ചിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |