SignIn
Kerala Kaumudi Online
Sunday, 28 April 2024 3.00 AM IST

ഉരുക്കുകോട്ടയിൽ ദേശീയ മത്സരം

udf

കൽപ്പറ്റ: യു.ഡി.എഫിന്റെ ഉരുക്കുകോട്ടയാണ് വയനാട്. വയനാട്ടിലെ കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി നിയമസഭാ മണ്ഡലങ്ങളും മലപ്പുറത്തെ നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങളും കോഴിക്കോട്ടെ തിരുവമ്പാടിയുമുൾപ്പെട്ട പ്രദേശം. ഇന്ത്യ മുന്നണിയിലെ ദേശീയ മുഖങ്ങളായ സിറ്റിംഗ് എം.പി രാഹുൽഗാന്ധിയും, ഇടത് മുന്നണിയിലെ ആനിരാജയും ബി.ജെ.പി അദ്ധ്യക്ഷൻ കെ. സുരേന്ദ്രനുമാണ് പ്രധാന പോരാളികൾ. സുരേന്ദ്രനെതിരെ കോഴ ആരോപണം ഉന്നയിച്ച പ്രസീത അഴീക്കോടും, എൻ.ഡി.എയുടെ ഘടകകക്ഷിയായ റിപ്പബ്ളിക്ക് പാർട്ടിയുടെ (ആർ.പി.ഐ) ദേശീയ വൈസ് പ്രസിഡന്റ് നുസ്രത്ത് ജഹാനും മത്സര രംഗത്തുണ്ട്.

വയനാട് എന്റെ സ്വന്തം വീട് - രാഹുൽഗാന്ധി (യു.ഡി.എഫ് സ്ഥാനാർത്ഥി)

വയനാടുമായി എനിക്ക് വൈകാരികമായ ബന്ധമുണ്ട്. അതൊരു ഹൃദയബന്ധമാണ്. അയോഗ്യനാക്കപ്പെട്ടപ്പോഴും വയനാട്ടിൽ വന്നു. അയോഗ്യത നീക്കിയപ്പോഴും വന്നു. അതാണ് ആ ബന്ധം. ജനങ്ങളിൽ ഒരുവനായി ഞാൻ എന്നുമുണ്ടാകും. രാജ്യത്തെ കൂടുതൽ ഫണ്ട് ചെലവഴിച്ച ആദ്യത്തെ എം.പിമാരുടെ കൂട്ടത്തിലാണ് എന്റെ സ്ഥാനം. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും എന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. യു.ഡി.എഫിന്റെ വിജയത്തിനായി ബൂത്തുകളെല്ലാം സജ്ജമായിക്കഴിഞ്ഞു. ഇന്ത്യ മുന്നണി അധികാരത്തിൽ വരും. കേന്ദ്ര - സംസ്ഥാന ഭരണം ഇല്ലാതിരിന്നിട്ടും ഒരുപാട് കാര്യങ്ങൾ മണ്ഡലത്തിൽ ചെയ്യാൻ കഴിഞ്ഞു. ശാശ്വതമായ പരിഹാരം കാണേണ്ടതായ ഒരുപാട് പ്രശ്നങ്ങളുണ്ട്. വയനാട് മെഡിക്കൽ കോളേജ്, റെയിൽവേ, ബദൽ റോഡ്, വന്യമൃഗശല്യം, കാർഷിക പ്രശ്നങ്ങൾ ഇവയ്‌ക്കെല്ലാം പരിഹാരമുണ്ടാക്കും. വെറുപ്പിന്റെ കമ്പോളങ്ങൾ പൂട്ടി സ്നേഹത്തിന്റെ കടയാണ് തുറക്കേണ്ടത്. ഭാരത് ജോഡോ യാത്രയ്‌ക്കിടെയായിരുന്നു വയനാട്ടിൽ വന്യമൃഗ ആക്രമങ്ങളും ദുരന്തങ്ങളുമുണ്ടായത്. വിവരം അറിഞ്ഞയുടൻ യാത്ര നിറുത്തിവച്ച് വയനാട്ടിലെത്തി. വയനാട്ടിലെ ജനങ്ങളുമായുള്ള ആത്മബന്ധം ആർക്കും തകർക്കാനാവില്ല.

എതിരാളി ആരെന്ന് നോക്കുന്നില്ല - ആനിരാജ (എൽ.ഡി.എഫ് സ്ഥാനാർത്ഥി)

എതിരാളികൾ ആരെല്ലാമെന്ന് നോക്കിയല്ല ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി നിർണ്ണയം. വയനാട്ടിൽ ഇടത് മുന്നണി ജയിക്കും. പ്രചാരണത്തിൽ വളരെ മുന്നിലാണ്. വോട്ടർമാരിൽ വിശ്വാസമുണ്ട്. ഇത് ജനാധിപത്യമാണ്. ആർക്കും മത്സരിക്കാം. എല്ലാം ജനം തീരുമാനിക്കും. അഞ്ച് വർഷം രാഹുൽ ഗാന്ധി വയനാട്ടിൽ പരാജയമായിരുന്നു. മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ല. മാർച്ച് ഒന്ന് മുതൽ ഞാൻ മണ്ഡലത്തിലുണ്ട്. മുഴുവൻ പ്രദേശങ്ങളിലും സന്ദർശിക്കാൻ കഴിഞ്ഞു. വയനാട്ടിലെ പ്രശ്നങ്ങളൊന്നും പരിഹരിഹരിക്കാൻ രാഹുലിന് കഴിയുന്നില്ല. എം.പി എന്ന നിലയിൽ പാർലമെന്റിൽ വിഷയം ഉന്നയിക്കുന്നതിന് പകരം മുഖ്യമന്ത്രിക്ക് കത്തെഴുതുകയാണ് രാഹുൽ. വയനാട്ടുകാരനല്ലാത്ത സി.പി.ഐയുടെ പി. സന്തോഷ് കുമാർ എം.പിയാണ് വിഷയം പാർലമെന്റിൽ ഉന്നയിച്ചത്. നിലമ്പൂർ നഞ്ചൻകോട് റെയിൽപ്പാത, രാത്രികാല യാത്രാ നിരോധനം, ചുരം ബദൽപ്പാതകൾ, തുരങ്കപ്പാത, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ, വന്യമൃഗ ശല്യം ഇങ്ങനെ ജനം നേരിടുന്ന നിരവധി പ്രശ്നങ്ങളുണ്ട്. ഇതൊന്നും പരിഹരിക്കാൻ രാഹുൽഗാന്ധിക്ക് ആയില്ല. സമയവുമില്ല. ഇങ്ങനെയൊരാൾ ഇവിടെ ജനപ്രനിതിധിയായി തുടരുന്നതിൽ അർത്ഥമില്ല.

വികസന വിരുദ്ധത തുറന്ന് കാണിക്കും - കെ. സുരേന്ദ്രൻ (ബി.ജെ.പി സ്ഥാനാർത്ഥി)

നരേന്ദ്ര മോദി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾക്കെതിരെ നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ വികസന വിരുദ്ധ നയങ്ങൾ തുറന്ന് കാണിക്കും. മോദിയുടെ ഗാരന്റി ജനം ഏറ്റെടുത്തുകഴിഞ്ഞു. വികസന പ്രവർത്തനങ്ങളെ ചെറുതാക്കി കാണാനും കളിയാക്കാനുമാണ് രാഹുൽഗാന്ധി സമയം കണ്ടെത്തുന്നത്. ഇന്ത്യ മുന്നണിയിലെ രണ്ട് പേരാണ് വയനാട്ടിൽ മത്സരിക്കുന്നത്. എന്തൊരു വിരോധാഭാസമാണിത്. പരസ്പരം ഇവരെന്തിന് മത്സരിക്കണം. അമേഠിയിൽ രാഹുൽഗാന്ധിക്കുണ്ടായ അനുഭവം വയനാട്ടിലും ആവർത്തിക്കും. നരേന്ദ്ര മോദി, അമിത്ഷാ, ജെ.പി. നദ്ദ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് വയനാട്ടിൽ മത്സരിക്കുന്നത്. വലിയൊരു ഉത്തരവാദിത്വമായി ഇതിനെ കാണുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ വീര കേരള വർമ്മ പഴശ്ശിരാജാവ് പടനയിച്ച മണ്ണാണിത്. ആ മണ്ണിലാണ് പേരാട്ടം നടക്കുന്നത്. മണ്ഡലം പിടിച്ചെടുക്കാനായിരിക്കും ബി.ജെ.പിയുടെ ശ്രമം. ഇന്ന് വയനാട്ടിലെത്തി പ്രചാരണം തുടങ്ങും. റോഡ് ഷോയൊടെയായിരിക്കും പ്രചാരണം ആരംഭിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.