SignIn
Kerala Kaumudi Online
Sunday, 28 April 2024 6.30 PM IST

വിവാഹവും കുട്ടികളും ഇപ്പോൾ വേണ്ടെന്ന് തീരുമാനിച്ചോ? 30 വയസിന് മുമ്പ് ഡോക്‌ടറെ കണ്ടോളൂ, ഇല്ലെങ്കിൽ ഭാവിയിൽ ദുഃഖിക്കേണ്ടിവരും

woman

ഇപ്പോഴത്തെ കാലത്ത് ഒരു വ്യക്തി ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് അവരുടെ കരിയറിനാണ്. സുരക്ഷിതമായതും ഉയർന്ന ശമ്പളമുള്ളതുമായ ഒരു ജോലി, സ്വന്തമായി വീട്, കാർ തുടങ്ങിയ ആഗ്രഹങ്ങളെല്ലാം നേടിയ ശേഷമാകും ഇവർ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഇനി വിവാഹം കഴിഞ്ഞവരാണെങ്കിൽ, ആഗ്രഹങ്ങളെല്ലാം നേടിയ ശേഷം മാത്രം മതി കുട്ടികൾ എന്ന തീരുമാനമെടുക്കും. എന്നാൽ, 40കളിലേക്ക് കടക്കുമ്പോൾ കുട്ടികളുണ്ടാകാനുള്ള സാദ്ധ്യത വളരെ കുറവാണ്.

baby

ആരോഗ്യപ്രശ്നം മുതൽ ചുറ്റുപാടുകൾ വരെ ഇതിനെ സ്വാധീനിക്കും. പിന്നീട് പല തരത്തിലുള്ള ചികിത്സകൾ നടത്തി വർഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. എന്നാൽ, ഇനി നിങ്ങൾ ധൈര്യമായി നിങ്ങളുടെ കരിയറിൽ ശ്രദ്ധിക്കൂ. വേണമെന്ന് തോന്നുമ്പോൾ ഏത് പ്രായത്തിലും ആരോഗ്യമുള്ള നിങ്ങളുടെ സ്വന്തം കുഞ്ഞിന് ജന്മം നൽകാം. അതിന് എഗ്ഗ് ഫ്രീസിംഗ് അഥവാ അണ്ഡം ശീതീകരിക്കൽ നിങ്ങളെ സഹായിക്കും.

വിവാഹം, കുട്ടികൾ

പണ്ടുകാലത്തെ പെൺകുട്ടികൾ വളരെ ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിച്ചിരുന്നു. അവർക്ക് കുട്ടികളും നേരത്തേ ഉണ്ടാകുമായിരുന്നു. പക്ഷേ, ഇപ്പോഴത്തെ പെൺകുട്ടികൾ അവർക്ക് കരിയറിൽ ഉന്നതങ്ങളിലെത്താൻ വേണ്ടി 30കളിലാണ് വിവാഹം കഴിക്കുന്നത്. അവർ ബുദ്ധിപരമായി ചിന്തിച്ചാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. എന്നാൽ, സ്വപ്നങ്ങൾ കീഴടക്കി ഒടുവിൽ മനോഹരമായ ഒരു കുടുംബജീവിതം ആരംഭിക്കുമ്പോൾ കുഞ്ഞിനെ കിട്ടണമെന്നില്ല. ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന കാലത്ത് നിങ്ങളുടെ കുഞ്ഞിനെ ആരോഗ്യത്തോടെ തന്നെ ലഭിക്കാൻ എഗ്ഗ് ഫ്രീസിംഗിലൂടെ സാധിക്കുന്നു.

1

എന്താണ് എഗ്ഗ് ഫ്രീസിംഗ്?

സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് നാളായി എഗ്ഗ് ഫ്രീസിംഗ് എന്ന വാക്ക് നമ്മൾ കേൾക്കുന്നുണ്ട്. നടി പ്രിയങ്ക ചോപ്ര നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് ഈ പേര് തന്നെ പലരും കേൾക്കുന്നത്. സ്ത്രീകൾ അവരുടെ ആരോഗ്യമുള്ള ചെറുപ്പകാലത്ത് അണ്ഡം സൂക്ഷിച്ച് വച്ചശേഷം താൽപ്പര്യമുള്ളപ്പോൾ മാത്രം ഗർഭം ധരിക്കാൻ കഴിയുന്ന പ്രക്രിയയാണിത്.

നിലവിൽ ഗർഭം ധരിക്കാൻ താൽപ്പര്യമില്ലാത്തവർക്കും അവരുടെ അണ്ഡം സൂക്ഷിച്ച് വയ്‌ക്കാൻ കഴിയും. ഉദാഹരണത്തിന് കാൻസർ ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പി, റേഡിയേഷൻ പോലുള്ളവയിലൂടെ കടന്നുപോകുന്നവർക്ക് പ്രത്യുൽപ്പാദനശേഷി കുറയാൻ സാദ്ധ്യത കൂടുതലാണ്. ഇത്തരക്കാർക്ക് അണ്ഡം സൂക്ഷിച്ച് വച്ച് ചികിത്സയ്‌ക്ക് ശേഷം ഉപയോഗിക്കാവുന്നതാണ്.

എഗ്ഗ് ഫ്രീസിംഗ് പ്രക്രിയ

സിന്തറ്റിക് ഹോർമോണുകൾ കുത്തിവച്ച് അണ്ഡാശയത്തെ ഉത്തേജിപ്പിച്ചാണ് ഈ പ്രക്രിയ ചെയ്യുന്നത്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്നതാണ് ഈ പ്രക്രിയ. ആർത്തവത്തിന്റെ രണ്ടാം ദിവസം മുതൽ അണ്ഡോൽപ്പാദനത്തിനായി പത്ത് മുതൽ പന്ത്രണ്ട് ദിവസം വരെ ഹോർമോണുകൾ കുത്തിവയ്‌ക്കണം.

രക്തപരിശോധനയിലൂടെയും അൾട്രാസൗണ്ട് സ്കാനിംഗിലൂടെയും ഫോളിക്കിളുകളുടെ വളർച്ച ഡോക്ടർമാർ നിരീക്ഷിക്കും. ശേഷം അണ്ഡങ്ങളെ പൂർണ വളർച്ചയിൽ എത്തിക്കാൻ എട്ട് അല്ലെങ്കിൽ 14 ദിവസം കഴിഞ്ഞശേഷം ഹ്യൂമൻ കോറിയോണിക് ​ഗോണാഡോട്രോഫിൻ കുത്തിവയ്ക്കും. 36 മണിക്കൂറിന് ശേഷം ശസ്ത്രക്രിയയിലൂടെ അണ്ഡങ്ങളെ പുറത്തെടുക്കും.

2

ഈ പ്രക്രിയ നടക്കുന്ന സമയത്ത് സ്ത്രീകൾ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തേണ്ടത് അനിവാര്യമാണ്. പ്രോട്ടീനുകൾ, ഫോളിക് ആസിഡ്, മൾട്ടിവിറ്റാമിനുകൾ എന്നിവ കൃത്യമായ അളവിൽ ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. കൂടാതെ പഞ്ചസാരയുടെ അളവ് കൂടിയ ഭക്ഷണങ്ങൾ, പുകവലി, മദ്യപാനം എന്നിവ കർശനമായി ഒഴിവാക്കണം.

ആർക്കൊക്കെ എഗ്ഗ് ഫ്രീസിംഗ് ചെയ്യാം

മുപ്പത് വയസ് കഴിഞ്ഞും വിവാഹിതരാകാത്ത സ്ത്രീകൾ, ജോലിപരമായ കാരണങ്ങളാൽ നിശ്ചിത പ്രായത്തിനുള്ളിൽ ഗർഭിണിയാകാൻ സാധിക്കാത്തവർ, ഉടൻ കുട്ടികൾ വേണ്ട എന്ന് തീരുമാനിക്കുന്നവർ, കാൻസർ പോലുള്ള രോഗങ്ങൾക്ക് ചികിത്സ തേടുന്നവർ, പിസിഒഎസ് പോലുള്ള അവസ്ഥയുള്ള സ്ത്രീകൾ തുടങ്ങിയവർക്ക് എഗ്ഗ് ഫ്രീസിംഗ് ചെയ്യാവുന്നതാണ്. 35 വയസായിക്കഴിഞ്ഞാൽ സ്ത്രീ ശരീരത്തിൽ അണ്ഡത്തിന്റെ ഉൽപ്പാദനവും ഗുണനിലവാരവും കുറയാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതിനാൽ ഈ പ്രായത്തിന് മുമ്പ് എഗ്ഗ് ഫ്രീസിംഗ് നടത്തേണ്ടതാണ്.

3

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EGG FREEZING, WEDDING, CAREER, CHILD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.