SignIn
Kerala Kaumudi Online
Saturday, 27 April 2024 10.55 AM IST

'ഭാരത് മാതാ കീ ജയ്' ആദ്യമായി ഉയർത്തിയത് ഒരു മുസ്ലീമായിരുന്നോ, അതോ ഋഗ്വേദത്തിൽ നിന്നോ? പിണറായി വിജയൻ പറഞ്ഞതിലെ സത്യാവസ്ഥ

bharat-mata-

ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉണ്ടാക്കിയത് സംഘപരിവാറുകാരല്ല മുസ്ലീമായ അമാനുള്ള ഖാനാണെന്നും ഒരു മുസ്ലീം തയ്യാറാക്കിയ മുദ്രാവാക്യമാണെന്നതുകൊണ്ട് അത് വിളിക്കണ്ട എന്ന് സംഘപരിവാറുകാർ തീരുമാനിക്കുമോ എന്ന് രണ്ടുദിവസത്തിന് മുമ്പ് മലപ്പുറത്തെ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഒപ്പം വിവാദവും. ഈ പരാമർശം രാജ്യത്താകമാനം വലിയ ചർച്ചയായി. സംഘപരിവാറുകാർ ഇതിനെ നിശിതമായി വിമർശിച്ചുകൊണ്ട് രംഗത്തുവന്നു. ഈ മുദ്രാവാക്യത്തിന്റെ പിറവിക്ക് പിന്നിലെ യഥാർത്ഥ വസ്തുത പരിശോധിക്കാം.

ഭാരത മാതാവ് എന്ന സങ്കല്പം

1950ൽ പ്രമുഖ ഗുജറാത്തി സാഹിത്യകാരനും രാഷ്‌ട്രതന്ത്രജ്ഞനുമായ കെ എം മുൻഷി അരബിന്ദോ ഘാേഷിനോട് ഒരാൾക്ക് എങ്ങനെയാണ് രാജ്യസ്നേഹിയാവാൻ കഴിയുകയെന്ന് ചോദിച്ചു. ഇതുകേട്ട അരബിന്ദോ ചുവരിൽ തൂക്കിയിട്ടിരുന്ന ബ്രിട്ടീഷ് ഇന്ത്യയുടെ ഭൂപടത്തിലേക്ക് കൈചൂണ്ടിക്കൊണ്ട് 'താങ്കൾ ആ ഭൂപടം കാണുന്നുണ്ടല്ലോ? അത് വെറും ഒരു ഭൂപടം മാത്രമല്ല. ഭാരത മാതാവിന്റെ ചിത്രംകൂടിയാണ്. നഗരങ്ങളും കാടുകളും പുഴകളും എല്ലാം ചേർന്നതാണ് ആ അമ്മയുടെ ഭൗതിക ശരീരം. അവളുടെ എല്ലാ മക്കളും അവളുടെ ഞരമ്പുകളാണെന്ന് മനസിലാക്കുക' ഇങ്ങനെ പറഞ്ഞതായി പല ലേഖനങ്ങളിലും വ്യക്തമാക്കുന്നുണ്ട്. സ്വാതന്ത്ര്യസമരത്തിലുൾപ്പടെ ഭാരത മാതാവ് എന്ന ആശയം കൂടുതൽ ബലവത്തായി.

അസീമുള്ള ഖാനും ഭാരത് മാതാ കീ ജയും

ബ്രിട്ടീഷുകാർക്കെതിരെയുള്ള ഇന്ത്യക്കാരുടെ പോരാട്ടത്തിന് ശരിയായ ദിശാബോധം ഉണ്ടാക്കിയ വ്യക്തിയാണ് അസീമുള്ള ഖാൻ. പലയിടങ്ങളിലായി ഉയർന്നുപൊങ്ങിക്കൊണ്ടിരുന്ന പോരാട്ടങ്ങളെ ഒന്നിപ്പിക്കുന്നതിൽ അദ്ദേഹമാണ് പ്രധാനപങ്കുവഹിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിൽ മറാത്ത പേഷ്വ ആയിരുന്ന നാനാസാഹിബിന്റെ പ്രധാമന്ത്രിയായിരുന്ന അസീമുള്ള ഖാനാണ് ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉണ്ടാക്കിയതെന്നാണ് രേഖകളിൽ ഉൾപ്പടെ കാണുന്നത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായി പ്രതിരോധിച്ച് അവരെ തുരത്തി ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിന് പരസ്പരമുള്ള പ്രശ്നങ്ങൾ മറന്ന് എല്ലാവരെയും ഒരുമിപ്പിക്കുക എന്നതായിരുന്നു ഈ മുദ്രാവാക്യത്തിന് പിന്നിലെ മഹത്തായ ലക്ഷ്യം.

ഇംഗ്ലീഷിലും ഫ്രഞ്ചിലും അഗാധമായ അറിവുള്ള അദ്ദേഹം ബ്രിട്ടീഷുകാരുടെ ക്രൂരത നേരിട്ട് അനുഭവിക്കേണ്ട വന്ന വ്യക്തികൂടിയാണ്. അദ്ദേഹത്തിന്റെ പിതാവിനെ ബ്രിട്ടീഷുകാർ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പഠിച്ച് വലുതായ അസീമുള്ള ഖാൻ ബ്രിട്ടീഷ് ഭരണകൂടത്തിൽ ഉന്നത ഉദ്യോഗസ്ഥനായി. ഇതിനിടയിലാണ് നാനാസാഹിബ് പേഷ്വായുമായി അദ്ദേഹം അടുത്തത്. ബ്രിട്ടീഷുകാരുടെ കീഴിൽ ജോലിചെയ്യുമ്പോഴും അവരോട് അല്പംപോലും വിധേയത്വം പുലർത്തിയിരുന്നില്ലെന്നതാണ് സത്യം.

തനിക്ക് ബ്രിട്ടീഷുകാരിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്ന പെൻഷൻ നിലച്ചുപോയത് പുനഃസ്ഥാപിക്കാൻ ഒരു പ്രതിനിധി സംഘത്തെ ബ്രിട്ടനിലേക്ക് അയയ്ക്കാൻ പേഷ്വ തീരുമാനിച്ചപ്പോൾ അതിൽ ആദ്യം ഉൾപ്പെടുത്തിയത് അസീമുള്ളയെ ആയിരുന്നു. മാത്രമല്ല സംഘത്തലവനും അദ്ദേഹം തന്നെയായിരുന്നു. ഇംഗ്ലീഷിലും ഫ്രഞ്ചിലുമുളള അറിവായിരുന്നു ഇതിന് കാരണം. എന്നാൽ സംഘത്തിന്റെ യാത്ര വെറുതെയായി.

bharat-mata-

അവസരം പ്രയോജനപ്പെടുത്തി

പേഷ്വായ്ക്ക് പെൻഷൻ വീണ്ടും അനുവദിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ആ യാത്രകൊണ്ട് പലതും മനസിലാക്കാൻ അസീമുള്ള ഖാന് കഴിഞ്ഞു. അദ്ദേഹം മാൾട്ടയിൽ എത്തിയപ്പോൾ റഷ്യൻ സൈന്യം ആംഗ്ലോ ഫ്രഞ്ച് സൈന്യത്തെ പരാജയപ്പെടുത്തിയിരുന്നു. റഷ്യൻ സൈന്യം എങ്ങനെയാണ് വിജയം നേടിയതെന്ന് അദ്ദേഹം മനസിലാക്കി. ഒപ്പം അവരുടെ യുദ്ധതന്ത്രങ്ങളും. ഇന്ത്യയിലേക്ക് അദ്ദേഹം മടങ്ങിയത് ചിലകാര്യങ്ങൾ മനസിൽ പാകപ്പെടുത്തിയായിരുന്നു. തിരിച്ചെത്തിയ ഉടൻ ഇക്കാര്യങ്ങൾ നാനാസാഹേബുമായി ചർച്ചചെയ്തു. അതോടെ നാനാസാഹേബിന്റെ മനസിലും ബ്രിട്ടീഷ് വിരോധത്തിന്റെ അഗ്നി കരുത്തോടെ ജ്വലിക്കാൻ തുടങ്ങി. ബ്രിട്ടീഷുകാർക്കെതിരായ ആദ്യത്തെ സംഘടിത കലാപം എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിലാണ് ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം അസീമുള്ള ആദ്യമായി ഉയർത്തിയത്. ഇതോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഭാരതമാതാവിന്റെ പ്രതീകാത്മക ചിത്രം വ്യാപകമായി ഉപയോഗിക്കപ്പെട്ടു. എന്നാൽ കിരൺ ചന്ദ്ര ബന്ദോപാധ്യായയുടെ നാടകത്തിലാണ് ഈ മുദ്രാവാക്യം ആദ്യമായി പരാമർശിക്കപ്പെടുന്നത് എന്നും ചിലർ അവകാശപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെങ്കിലും അസീമുള്ള ഖാനാണ് മുദ്രാവാക്യം ആദ്യമായി ഉയർത്തിയതെന്ന വാദത്തിനാണ് കൂടുതൽ പിന്തുണയുള്ളത്.

"ഹം ഹേ ഇസ്കെ മാലിക്, ഹിന്ദുസ്ഥാൻ ഹമാരാ" എന്ന വിപ്ലവഗാനത്തിലൂടെയാണ് അസീമുള്ള ഖാൻ കൂടുതൽ അറിയപ്പെടുന്നത്, അത് ജനങ്ങളുടെ മനസിൽ ഒരു യുദ്ധചൈതന്യമായി മാറുകയായിരുന്നു. ഇന്ത്യ ഇന്ത്യക്കാരുടേതാണെന്നും, സത്യസന്ധതയില്ലാതെ അതിനെ പിടിച്ചടക്കിയ ബ്രിട്ടീഷുകാരുടേതല്ലെന്നുമാണ് ആ വരികൾ അർത്ഥമാക്കുന്നത്.

bharat-mata-

ഉപയോഗിക്കുന്ന പശ്ചാത്തലം

ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യക്കാരെ ഒരുമിച്ചുനിറുത്താനാണ് ഇത്തരത്തിൽ ഒരു മുദ്രാവാക്യം ഉയർത്തിയതെങ്കിലും ഇക്കാലത്ത് അത് ഉപയോഗിക്കപ്പെടുന്ന പശ്ചാത്തലം മാറിയെന്നാണ് സംഘപരിവാർ വിരോധികൾ പറയുന്നത്. എന്നാൽ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാണ് പിണറായി വിജയന്റെ പ്രസ്താവന കാരണമാകുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്.ഈ മുദ്രാവാക്യം ഉയർത്തിയത് ഒരു ഇന്ത്യക്കാരനാണെന്നും ഹിന്ദുവോ മുസ്ലീമോ അല്ലെന്നുമാണ് ബിജെപിക്കാർ വ്യക്തമാക്കുന്നത്. ഭൂമിയും രാഷ്ട്രവും ഒരാളുടെ മാതാവാകുന്നത് ഋഗ്വേദത്തിൽ നിന്നാണ് എന്നാണ് ബിജെപി എംപി സുധാൻഷു ത്രിവേദി പറയുന്നു. എന്തൊക്കെപ്പറഞ്ഞാലും ഈ മുദ്രവാക്യം തങ്ങൾ ഉപയോഗിക്കുന്നത് തുടരുമെന്നും ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHARAT MATA KI JAI, SLOGAN, PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.