SignIn
Kerala Kaumudi Online
Saturday, 27 April 2024 4.12 PM IST

വടകരയിൽ ബിജെപി സ്ഥാനാർത്ഥിക്ക് കൂടുതലും വീഴുന്ന വോട്ട് ഷാഫിയുടേതോ, ശൈലജയുടേതോ?

prabhul-krishnan

ഇക്കഴിഞ്ഞ കാലങ്ങളിലൊന്നും വടകരയ്ക്ക് ഇത്രയും ടെൻഷനില്ലായിരുന്നു. ആരെ ജയിപ്പിക്കണം,​ ആരെ തോൽപിക്കണമെന്ന് വടകരയ്ക്ക് കൃത്യമായ അജണ്ടയുണ്ടായിരുന്നു. രാഷ്ട്രീയ വോട്ടുകൾക്കപ്പുറത്ത് മറ്റു മണ്ഡലങ്ങളിലൊന്നും നിർണായകമല്ലാത്ത പൊതുവോട്ടുകളുടെ ഇടമാണ് വടകര. നിലവിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറും ഇടുതുപക്ഷത്ത് ഭദ്രമായിരുന്നിട്ടും കഴിഞ്ഞ മൂന്നു ടേമായി- കൃത്യം പറഞ്ഞാൽ 15 വർഷം- ഇടതുപക്ഷത്തിനെതിരായ വിധിയെഴുത്താണ് വടകരയിൽ.

1957ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ കെ.ബി. മേനോൻ തുടങ്ങിവച്ച ഇടത് തേരോട്ടത്തിൽ 2009 വരെ പരിശോധിച്ചാൽ രണ്ടുവട്ടം മത്രമാണ് യു.ഡി.എഫ് അക്കൗണ്ട് തുറന്നത്. അത് കെ.പി. ഉണ്ണിക്കൃഷ്ണനിലൂടെയായിരുന്നു. പക്ഷെ ഉണ്ണിക്കൃഷ്ണൻ പിന്നീട് മറുകണ്ടം ചാടിയതോടെ വലതുപക്ഷത്തിനു കിട്ടാക്കനിയായി വടകര. കേരളത്തിൽ ഇടതുപക്ഷം എവിടെ തോറ്റാലും വടകരയിൽ കാണാമെന്ന് കമ്യൂണിസ്റ്റുകാർ ഊറ്റംകൊണ്ട മണ്ഡലം. പക്ഷെ ആ കോട്ട 2009- ൽ മുല്ലപ്പള്ളി രാമചന്ദ്രൻ തകർത്തു. തുടർന്ന് രണ്ടു തവണയും യു.ഡി.എഫ്. 2024-ൽ എത്തി നിൽക്കുമ്പോൾ 'ഇപ്പോ കിട്ടിയില്ലെങ്കിൽ ഇനി എപ്പം കിട്ടു"മെന്ന് സി.പി.എമ്മുകാർ. ഷംസീറും ജയരാജനും തോറ്റുമടങ്ങിയ മണ്ഡലത്തിൽ കെ.കെ. ശൈലജയേക്കാൾ മികച്ചൊരു സ്ഥാനാർഥി ഇനി അവരുടെ മനസിലില്ല. ജീവന്മരണ പോരാട്ടം. തനി പൊന്നിയത്തങ്കം.

എന്തിനാണ് ഇത്ര ആശങ്ക?​

വടകരക്കാർ പറയുന്നതു കേൾക്കുക. ഇടതുപക്ഷത്ത് തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറമ്മയാണ്. കേരളത്തിലങ്ങോളം കെ.കെ. ശൈലജയെന്ന,​ മലയാളികളുടെ ടീച്ചറമ്മ ഉണ്ടാക്കിയത് അത്രമാത്രം സ്വീകാര്യതയാണ്. അവർ വന്ന് കൈപിടിച്ച് വോട്ടു ചോദിക്കുമ്പോൾ മനസിലേക്ക് ആ നിപ്പാ കാലവും അടച്ചിട്ട കൊറോണയും പിന്നെ ലിനി സിസ്റ്ററുമെല്ലാം കടന്നു വരുന്നു. ടീച്ചർക്കു പിന്നാലെ എത്തുന്ന ഷാഫി പറമ്പിലിനേയും കൈവിടാനാവില്ല. പാലക്കാട്ട് കേന്ദ്ര സർക്കാരിനെതിരെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തി ജയിച്ച കുഞ്ഞുപയ്യനാണ് ഷാഫി.

മുല്ലപ്പള്ളിയുടെയും മുരളീധരന്റെയും പിന്തുടർച്ചക്കാരനെങ്കിലും ഷാഫിക്കു മാത്രമായി വടകരക്കാർ കുറച്ചു വോട്ട് കരുതിയിട്ടുണ്ട്. അടുത്ത പ്രശ്‌നം ചന്ദ്രശേഖരനുമേൽ വീണ 51 വെട്ടാണ്. എന്തൊക്കെ പറഞ്ഞാലും അതിങ്ങനെ ഇപ്പോഴും ഉമിത്തീപോലെ നീറുന്നുണ്ട്. ആകപ്പാടെ കുഴഞ്ഞുമറിഞ്ഞ പോരാട്ടം. ഇനി ആരു ജയിച്ചാലും 2004-ൽ സതീദേവി നേടിയ ഒന്നേകാൽ ലക്ഷമൊന്നും ആരും വടകരയിൽ സ്വപ്നം കാണേണ്ട. ഏറിയാൽ പതിനായിരത്തിനു താഴെ മാത്രമെന്ന് വോട്ടർമാർ.


വടകരയുടെ വോട്ടു കണക്ക്

കണ്ണൂർ ജില്ലയിലെ രണ്ടും കോഴിക്കോട് ജില്ലയിലെ അഞ്ചും നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് വടകര ലോക്‌സഭാ മണ്ഡലം. ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും ആർ.എം.പി സംസ്ഥാന നേതാവുമായ കെ.കെ. രമ വടകര നിയമസഭാമണ്ഡലം ജയിച്ചതൊഴിച്ചാൽ ഇടത് സമ്പൂർണാധിപത്യമുള്ള മേഖലകൾ. എന്നാൽ ലോക്സഭാ മണ്ഡലത്തിന്റെ ചിത്രം മറ്റൊന്നാണ്. സതീദേവിയിൽ നിന്ന് 2009-ൽ മണ്ഡലം പിടിച്ചെടുത്ത മുല്ലപ്പള്ളി രാമചന്ദ്രൻ തുടർച്ചയായി രണ്ട് ടേമുകളിൽ വിജയിച്ചു. രാഹുൽ ഗാന്ധി കാറ്റ് വീശിയ 2019-ൽ പി. ജയരാജൻ ഉയർത്തിയ വെല്ലുവിളി അനായാസം മറികടന്ന് കെ. മുരളീധരൻ മണ്ഡലം നിലനിർത്തി.


2004-ൽ പി. സതീദേവി 1,30,589 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എം.ടി. പത്മയെ തോൽപ്പിച്ചാണ് ഇടതുകോട്ട കാത്തത്. 2009-ൽ വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രനെ ഇറക്കി യു.ഡി.എഫ് കളംപിടിച്ചു. സി.പി.എം വിട്ട് കുലംകുത്തിയായി ടി.പി. ചന്ദ്രശേഖരൻ ഇരുമുന്നണികൾക്കുമെതിരെ മത്സരിച്ച് 21,833 വോട്ടു നേടിയത് അന്ന് സി.പി.എമ്മിന്റെ പരാജയത്തിൽ വലിയ പ്രഹരമാണുണ്ടാക്കിയത്.

2014-ൽ മുല്ലപ്പള്ളി രണ്ടാമൂഴത്തിനെത്തിയപ്പോൾ കൂടുതൽ ജാഗ്രതയോടെയാണ് സി.പി.എം സ്ഥാനാർത്ഥിയെ ഇറക്കിയത്, ഈ നീക്കം ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. നിലവിലെ സ്പീക്കർ എ.എൻ. ഷംസീറായിരുന്നു സ്ഥാനാർഥി. കേവലം 3306 വോട്ടുകളിലേക്ക് ഭൂരിപക്ഷം കുറയ്ക്കാനായി. അത്തവണയും ആർ.എം.പി സ്വതന്ത്രമായി മത്സരിച്ചുപിടിച്ച 17,229 വോട്ടുകൾ സി.പി.എമ്മിന്റെ ഉറച്ച വോട്ടുകളായിരുന്നു എന്നത് ആ പരാജയത്തിനും കാരണമായി.

2019-ൽ കെ മുരളീധരനു വേണ്ടി മുസ്ലിം ലീഗ് നടത്തിയ പ്രവർത്തനങ്ങൾ മണ്ഡലത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ഇത്തവണ ഷാഫിയുടേയും തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് ലീഗാണ്. പരമാവധി മുസ്ലീം വോട്ടുകൾ കേന്ദ്രീകരിക്കുകതന്നെ ലക്ഷ്യം. കേരളത്തിൽ ഏറ്റവും കൂടുതൽ ഗൾഫ് പ്രവാസികളുള്ള നാടാണ് വടകര. കൂടുതലും മുസ്ലീങ്ങൾ. അവരുടെ വോട്ട് പിടിക്കാൻ കഴിഞ്ഞ നാലുദിവസമായി ഷാഫി വിമാനം കയറിയതും വോട്ട് കൂട്ടാനുള്ള തന്ത്രം.

വോട്ടുകളുടെ ശതമാനം

വടകര ലോക്സഭാമണ്ഡലത്തിലെ മൊത്തം വോട്ടുകൾ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് 12,86,250 ആയിരുന്നു. പുതിയ വോട്ടുകളും കൊഴിഞ്ഞുപോയവയുമെല്ലാം ചേർത്താൽ ഇപ്പോളത് 13 ലക്ഷത്തോളം വരും. അതിൽത്തന്നെ 50 ശതമാനത്തിനു മുകളിൽ സ്ത്രീ വോട്ടർമാർ. അതിലാണ് പ്രധാനമായും കെ.കെ. ശൈലജയുടെ കണ്ണ്. ജാതിയും മതവും തിരിച്ചാൽ കാര്യങ്ങൾ ഇങ്ങനെ. മുസ്ലീം വോട്ട് 30ശതമാനം. ക്രിസ്ത്യൻ വോട്ടുകൾ നാല് ശതമാനം. ബാക്കി ഹിന്ദുവോട്ടുകൾ. അതിൽത്തന്നെ പ്രധാന വിഭാഗമായ തിയ്യ വിഭാഗം (തെക്ക് ഇഴവ) 40 ശതമാനം. നായർവോട്ട് 18 ശതമാനം. എസ്.സി.എസ്.ടി എട്ട് ശതമാനം.

ഇതിൽ സി.പി.എമ്മിന്റെ കുത്തക വോട്ടുകൾ എക്കാലത്തും തിയ്യ വോട്ടുകളാണ്. ഉറപ്പായും അതിൽ ഒരു 30ശതമാനം എൽ.ഡി.എഫിന് പ്രതീക്ഷിക്കാം. ഒറ്റക്കുഴപ്പം ചന്ദ്രശേഖരന്റെ പാർട്ടിക്കാൻ കുറച്ച് വോട്ടുകൾ ഷാഫിക്ക് കൊടുക്കും. മുസ്ലീം വോട്ടുകളിൽ തലശ്ശേരി, കൂത്തുപറമ്പ് ഭാഗത്തേത് ഏതാണ്ട് ഭൂരിപക്ഷവും ശൈലജ കണക്കുകൂട്ടുന്നുണ്ട് . പക്ഷെ നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, കുറ്റിയാടി മേഖലകളിലെ മുസ്ലീം വോട്ടുകൾ ഭൂരിപക്ഷവും പെട്ടിയിൽ വീഴുമെന്ന് ഷാഫി ക്യാമ്പ് കണക്കു കൂട്ടുന്നുണ്ട്.

പോരാട്ടം ഷാഫിയും ശൈലജയും തമ്മിലെങ്കിലും പ്രഫുലും വലിയ സാന്നിദ്ധ്യമാണ് വടകരയിൽ. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥി 80,128 വോട്ട് നേടിയതിൽ നിന്ന് ഇത്തവണ ഒരുലക്ഷമെങ്കിലും കടക്കാൻ സാധ്യതയുണ്ട്. പ്രഫുൽ കൂടുതൽ പിടിക്കുന്ന വോട്ടുകൾ ആരുടേതാകും?​ ശൈലജയുടേതാകാനാണ് സാദ്ധ്യത. കാര്യങ്ങൾ ഇങ്ങനെയൊക്കെയെങ്കിലും പ്രവചനാതീതം തന്നെ വടകര. കണക്കുകൾ കൂട്ടുമ്പോൾ കെ.കെ. ശൈലജയ്ക്കും ഷാഫിക്കും ഒരുപോലെ വിജയസാദ്ധ്യതയുണ്ട്. അടിയൊഴുക്കുകൾ ആർക്കൊപ്പമാകുമെന്ന ടെൻഷൻ വടകരയിലെ വോട്ടർമാർക്കുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VADAKARA, ELECTION, KKSHYLAJA, SHAFI PARAMBIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.