വിശേഷങ്ങളുമായി മെറിനും പ്രവീണും
യമഹ ബൈക്കിൽ പാഞ്ഞുവരുന്ന ഫ്രീക്കൻമാരായ ഗില്ലാപ്പികൾ . മൂത്ത ഗില്ലാപ്പിയുടെ ഒാഫ് സ്ക്രീൻ പേര് മെറിൻ ജോസ്. ഇളയ ആൾ പ്രവീൺ ടി. ജെ. നവാഗതനായ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത അഞ്ചക്കള്ളകോക്കാൻ സിനിമയിൽ ഗില്ലാപ്പികൾ എന്ന സഹോദര കഥാപാത്രങ്ങളായി എത്തി പ്രേക്ഷകരുടെ സ്നേഹവും കൈയടിയും ഏറ്റുവാങ്ങാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് മെറിനും പ്രവീണും. ഒരേ വൈബിൽ സൂപ്പർ സ്റ്റൈലും സൂപ്പർ എൻട്രിയും തീർത്ത ഗില്ലാപ്പികൾ അഡാർ പ്രകടനം തന്നെ കാഴ്ചവച്ചു.
മുടി
വെട്ടരുത്
മെറിൻ: താടിയും മുടിയും വെട്ടരുതെന്ന് ഉല്ലാസേട്ടൻ ഒരു വർഷം മുൻപ് പറഞ്ഞിരുന്നു. കഥാപാത്രത്തിന് മുച്ചുണ്ടായതിനാൽ സംസാരം പെട്ടെന്ന് മനസിലാകില്ല. ഗില്ലാപ്പികൾ ഞങ്ങളുടെ കൈയീന്ന് തന്നെ പോയി.ആളുകള്‍ ഏറ്റെടുത്തു. ഇത്രയും പ്രതീക്ഷിച്ചില്ല. അങ്കമാലി ഡയറീസിൽ അഭിനയിക്കുമ്പോൾ മുതൽ ഉല്ലാസേട്ടനെ അറിയാം.
പ്രവീൺ: ഒന്നര വർഷം മുൻപാണ് മുടിവെട്ടരുതെന്ന് ഉല്ലാസേട്ടൻ പറയുന്നത്. ആ സമയത്ത് വളർത്തുന്നുണ്ടായിരുന്നു.എന്റെ ഒരു സുഹൃത്തിന്റെ കൈയീന്ന് നമ്പർ വാങ്ങി ഉല്ലാസേട്ടൻ വിളിക്കുകയായിരുന്നു.
സ്ക്രിപ്ട് വായിച്ചു. കഥാപാത്രത്തെപ്പറ്റി പറഞ്ഞു തന്നു. ഡാൻസിനെ കുറിച്ചാണ് എല്ലാവരും പറയുന്നത്. ഡാൻസ് പഠിച്ചിട്ടില്ല. ബാക്കി എല്ലാം ഷൂട്ടിന്റെ സമയത്തു നടന്ന കാര്യങ്ങളാണ്. ഒരു നോർമൽ രീതി പ്രതീക്ഷിച്ചു. എന്നാൽ ഇങ്ങനെ കൊളുത്തുമെന്ന് കരുതിയില്ല.സംസാരിക്കാത്ത ആളുകളുടെ സൈൻ ഗൂഗളിൽ വെറുതേ അഞ്ചു മിനിട്ടു നേരം നോക്കി കണ്ടതു മാത്രമാണ് തയ്യാറെടുപ്പ്.
മരം കൊത്തിയും
ഗംഗനും
മെറിൻ: കോസ്റ്റ്യൂം അടിപൊളിയായിരുന്നുവെന്ന് ആളുകൾ പറയുന്നത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. രണ്ടുതവണ സിനിമ കണ്ടു. ഒരു തവണ വീട്ടുകാരോടൊപ്പമായിരുന്നു.
കുമളിയിലെ ലൊക്കേഷനിലാണ് ഞാനും പ്രവീണും കാണുന്നത്. അങ്കമാലി ഡയറീസിലെ മരംകൊത്തി സിജോ ആണ് ആദ്യ കഥാപാത്രം. ലിജോ ചേട്ടൻ (ലിജോ ജോസ് പെല്ലിശ്ശേരി) അയൽവാസിയാണ്. ഈ . മ. ഔ, ജല്ലിക്കട്ട്, കല വിപ്ളവം പ്രണയം, വെയിൽ, ചാവേർ തുടങ്ങി എട്ടു സിനിമകളിൽ അഭിനയിച്ചു.ഷൂട്ടിംഗില്ലാത്തപ്പോ വെൽഡിംഗ് പണിക്ക് പോകും. അടുത്ത സിനിമയുടെ സംസാരം നടക്കുന്നു. ചാലക്കുടി മുരിങ്ങൂര്‍ ആണ് വീട്.
പ്രവീൺ: ഇയോബിന്റെ പുസ്തകത്തിലാണ് ആദ്യം അഭിനയിക്കുന്നത് . കമ്മട്ടിപ്പാടത്തിൽ വിനായകൻ ചേട്ടൻ അവതരിപ്പിച്ച ഗംഗന്റെ ചെറുപ്പകാലം ചെയ്തതോടെ ആളുകൾ അറിഞ്ഞു.
ദിവാൻജി മൂല, മരുഭൂമിയിലെ ആന, കോഴിപ്പോര് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. തൈക്കുടം ബ്രിഡ്ജിന്റെ നമഹാ എന്ന മ്യൂസിക് വീഡിയോയിലും അഭിനയിച്ചിട്ടുണ്ട്. കുറച്ചുനാൾ സിനിമയിൽ ഇല്ലായിരുന്നു. ആസമയത്ത് പോച്ചർ എന്ന വെബ് സീരീസിന്റെ ഒാഡിഷൻ ചെയ്തു. പോച്ചർ കഴിഞ്ഞു അഞ്ചുക്കള്ളകോക്കാൻ.
അഭിനയത്തിൽ നിൽക്കണോ എന്നു ആലോചിക്കുമ്പോഴാണ് പോച്ചറും അഞ്ചക്കള്ളകോക്കാനും വരുന്നത്. കൂട്ടുകാരുടെ കൂടെ ഒരു സ്ക്രിപ്ട് എഴുതുന്നുണ്ട്. ഇടുക്കി ആണ് നാട്. രണ്ടാം ക്ളാസ് മുതൽ കൊച്ചിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |