SignIn
Kerala Kaumudi Online
Wednesday, 01 May 2024 1.35 AM IST

വയനാടിന്റെ ജനമനസിലേക്ക് രാഹുൽ വീണ്ടുമെത്തി

rahul-gandhi

കൽപ്പറ്റ: രാവിലെ പത്ത് മണി കഴിഞ്ഞതേയുള്ളൂ, പക്ഷേ മീനച്ചൂടിന് കുറവൊന്നുമില്ല. ഒപ്പം തിരഞ്ഞെടുപ്പ് ചൂടും. മുപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തലക്കൽ ഗ്രൗണ്ട് ജനസമുദ്രത്തിലാണ്ടു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ആകാംഷയോടെ മാനം നോക്കി നിന്നു. പ്രിയനേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടർ കാത്തുള്ള നിൽപ്പാണത്.

കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതാക്കൾ തലങ്ങും വിലങ്ങും ഓടി നടപ്പുണ്ട്. സമയം 10.40. ചിറകടിച്ച് ഹെലികോപ്ടർ എത്തിയതോടെ എല്ലാവരും ആവേശത്തോടെ മാനത്തേക്ക് കൈവീശി. ഒടുവിൽ വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽഗാന്ധി തലയ്ക്കൽ ഗ്രൗണ്ടിലിറങ്ങി. ഒപ്പം സഹോദരി പ്രിയങ്കയും.

തൊണ്ടപൊട്ടും ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച് രാഹുലിനെയും പ്രിയങ്കെയും പ്രവർത്തകർ വരവേറ്റു. ജനത്തെ അഭിവാദ്യം ചെയ്ത ശേഷം ഇരുവരും നേതാക്കൾക്കൊപ്പം കൽപ്പറ്റയിലേക്ക്. റോഡിനിരുവശവും രാവിലെ മുതൽ കാത്തുനിന്ന ജനങ്ങളെ കൈവീശി രാഹുലും പ്രിയങ്കയും യാത്ര തുടങ്ങി. താഴെ അരപ്പറ്റയിലും മുപ്പൈനാട് ഹോസ്‌പറ്റലിന് സമീപവുമെത്തിയപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയ രാഹുൽ പ്രവർത്തകരോട് കുശാലാന്വേഷണം നടത്തി.

കൽപ്പറ്റ നഗരസഭാ അതിർത്തിയായതോടെ ജനസഞ്ചയം ഇരട്ടിച്ചു. അഞ്ച് വർഷം മുമ്പ് രാഹുലും പ്രിയങ്കയുമെത്തിയപ്പോൾ കണ്ടതിനെക്കാളും വലിയ ജനക്കൂട്ടം. 11.20ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിലെത്തി. 'രാഹുലിനൊപ്പം ഇന്ത്യക്കായി" എന്നെഴുതിയ തുറന്ന വാഹനത്തിലായിരുന്നു രാഹുലിന്റെയും പ്രിയങ്കയുടെയും യാത്ര. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അബ്ബാസലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, മൂന്ന് ജില്ലകളിലെ ഡി.സി.സി പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങിയ നേതാക്കൾ വാഹനത്തിലുണ്ടായിരുന്നു. വാഹനത്തിന് മുന്നിലും പിന്നിലുമായി അണമുറിയാതെ യു.ഡി.എഫ് പ്രവർത്തകരുമെത്തി. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലെയും, കോഴിക്കോട്ടെ തിരുവമ്പാടി, മലപ്പുറത്തെ ഏറണാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിലെയും പ്രവർത്തകർ രാവിലെ തന്ന നഗരത്തിലെത്തിയിരുന്നു. വാദ്യമേളങ്ങൾ, വർണ്ണ ചാമരം തലയിലേറ്റിയുളള കരകാട്ടം, കാവടിയാട്ടം എന്നിവ റാലിക്ക് മുന്നെ അണിനിരന്നു.

 കളക്ടറേറ്റിലെത്താൻ ഒന്നരമണിക്കൂർ

കൽപ്പറ്റ പുതിയ ബസ് ബസ്റ്റാൻഡിൽ നിന്ന് കളക്ടറേറ്റിലെത്താൻ ഒന്നര മണിക്കൂറെടുത്തു. ഇതിനിടെ കളക്ടറേറ്റ് പരിസരത്തെ സ്വകാര്യ ഹോട്ടലിൽ വച്ച് പൂക്കോട് വെറ്ററനറി കോളേജിൽ ആൾക്കൂട്ട വിചാരണയിൽ മരിച്ച ജെ. സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശിനെ രാഹുൽ കണ്ടു. അഞ്ച് മിനിട്ടോളം അദ്ദേഹത്തിന്റെ പരാതി കേട്ടു. നിരവധി പേർ അവിടെയും രാഹുലിനെ കാണാനെത്തിയിരുന്നു. ഉച്ചയ്‌ക്ക് 12.55ന് ജില്ലാ സംസ്ഥാന നേതാക്കൾക്കൊപ്പം കളക്ടറേറ്റിലേക്ക്. ഒരു മണിയോടെ വരണാധികാരികൂടിയായ കളക്ടർ ഡോ. രേണുരാജ് മുമ്പാകെ ആദ്യ സെറ്റ് പത്രിക സമർപ്പിച്ചു. പിന്നെ രണ്ട് സെറ്റ് പത്രികയും. സഹോദരി പ്രിയങ്ക ഇടക്ക് രാഹുലിനോട് പലകാര്യങ്ങളും സംസാരിച്ചു. അതുകഴിഞ്ഞ് കൽപ്പറ്റ നഗരത്തിലെ മരവയൽ ആദിവാസി കോളനിയിലെത്തി അര മണിക്കൂർ ചെലവഴിച്ചു. തുടർന്ന് കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് ഹെലികോപ്ടറിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക്. തുടർന്ന് ഡൽഹിക്ക് മടങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAHUL GANDHI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.