SignIn
Kerala Kaumudi Online
Saturday, 27 July 2024 4.56 AM IST

ഇങ്ങനെയുണ്ടോ ഒരു പേടി !

pic

വിയന്ന: പലതരം ഫോബിയകളെ പറ്റി നാം കേട്ടിരിക്കുന്നു. ഇടിമിന്നൽ, ചിലന്തി, ഇഴജന്തുക്കൾ, ഏകാന്തത, ചില രൂപങ്ങൾ അങ്ങനെ നീളുന്നു ചിലരിൽ കണ്ടുവരുന്ന ഫോബിയ അവസ്ഥകളുടെ വകഭേദങ്ങൾ. ഒരു വസ്തുവിനോടോ ആളോടോ സ്ഥലത്തോടെ അല്ലെങ്കിൽ സന്ദർഭത്തോടെ ഒരു വ്യക്തിയ്ക്ക് തോന്നുന്ന അസാധാരണമായ ഭീതിയെയാണ് ഫോബിയ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

അത്തരത്തിൽ വിചിത്രമായ ഒരു ഫോബിയ ആണ് ' ട്രിസ്കൈഡെകഫോബിയ " ( Triskaidekaphobia ). 13 എന്ന അക്കത്തിനൊടുള്ള അകാരണമായ പേടിയാണ് ട്രിസ്കൈഡെകഫോബിയ. 13 നിർഭാഗ്യം കൊണ്ടുവരുമെന്നായിരുന്നു ഈ അവസ്ഥ ബാധിക്കുന്നവർ ഭയന്നിരുന്നത്. ട്രിസ്കൈഡെകഫോബിയ അവസ്ഥയുണ്ടായിരുന്നവരിൽ പ്രസിദ്ധനാണ് ഓസ്ട്രിയൻ ഗാനരചയിതാവും സംഗീതജ്ഞനും ചിത്രകാരനുമായിരുന്ന അർണോൾഡ് ഷോൺബെർഗ്. സംഗീത ലോകത്തിന് അനേകം സംഭാവനകൾ നൽകിയ ഷോൺബർഗ് 13 എന്ന സംഖ്യയെ വളരെയധികം ഭയപ്പെട്ടിരുന്നു എന്നാണ് കഥകൾ. തന്റെ സൃഷ്ടികളെന്ന പോലെ ഈ വിചിത്ര വിശ്വാസവും ഷോൺബർഗിനെ പ്രശസ്തനാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഒന്നാണ്.

13 എന്ന് അദ്ദേഹം എവിടെയും എഴുതിയിരുന്നില്ലത്രേ. തന്റെ 13 ാമത്തെ കവിതയുടെ ടൈറ്റിലിൽ 13 ന് പകരം '12 A ' എന്നായിരുന്നു ഷോൺബെർഗ് സൂചിപ്പിച്ചിരുന്നത്. മറ്റ് പലയിടത്തും 13ന് പകരം '12 A ' എന്ന് അദ്ദേഹം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.

പതിമൂന്നുമായി ബന്ധമുള്ള ഏതെങ്കിലും ഒരു വർഷമാകും താൻ മരണമടയുക എന്ന വിശ്വാസവും ഷോൺബെർഗിനുണ്ടായിരുന്നു. 1874 സെപ്‌റ്റംബർ 13നായിരുന്നു ഷോൺബെർഗിന്റെ ജനനമെന്നതാണ് രസകരമായ മറ്റൊരു വസ്തുത.

അങ്ങനെയിരിക്കെ 1950ൽ ഷോൺബെർഗിന് 76 വയസ് തികഞ്ഞപ്പോൾ ജ്യോത്സ്യൻ ഒരു പ്രവചനം നടത്തുകയുണ്ടായി. 76ാം വയസിൽ ഷോൺബെർഗിന് ഒരു അപകടം സംഭവിക്കുമെന്നായിരുന്നു അത്.

കണക്കുകൂട്ടി നോക്കിയപ്പോൾ ഷോൺബെർഗ് ആകെ ഞെട്ടിപ്പോയി. ' 76 ' എന്ന സംഖ്യയിലെ 7ഉം 6ഉം തമ്മിൽ കൂട്ടുമ്പോൾ ലഭിക്കുന്ന ഉത്തരം 13 ആണ്. താൻ ഭയന്നതെന്തോ അതിനെ സാധൂകരിക്കുന്ന പ്രവചനമാണിതെന്ന് ആലോചിച്ച് ഷോൺബെർഗ് ഭയന്നു. മുമ്പ് 13ന്റെ ഗുണിതങ്ങളായ തന്റെ വയസിനെ ഷോൺബെർഗ് ഭയന്നിരുന്നു. എന്നാൽ, തന്റെ പ്രായത്തിലെ അക്കങ്ങൾ തമ്മിൽ കൂട്ടുന്ന കാര്യം ഷോൺബെർഗ് ശ്രദ്ധിച്ചിരുന്നില്ല. ഏതായാലും പ്രവചനം ഷോൺബെർഗിനെ നിരാശനും വിഷാദബാധിതനുമാക്കി തീർത്തു.

പാശ്ചാത്യ വിശ്വാസമനുസരിച്ച് ഏതെങ്കിലും ഒരു മാസം 13ാം തീയതിയും ഒരു വെള്ളിയാഴ്‌ചയും ഒത്തുവന്നാൽ അശുഭമാണെന്ന പ്രചാരം നിലവിലുണ്ട്. ട്രിസ്കൈഡെകഫോബിയ തന്നെയാണ് ഇങ്ങനെയൊരു അന്തവിശ്വാസത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഷോൺബെർഗിന് ഇതിലും വലിയ വിശ്വാസമായിരുന്നു.

പ്രവചനത്തിന് പിന്നാലെ, 1951 ജൂലായ് 13 ഒരു വെള്ളിയാഴ്‌ചയായിരുന്നു. തനിക്ക് അന്ന് അപകടം ഉറപ്പാണെന്ന് കരുതിയ ഷോൺബെർഗ് ആപത്തൊന്നും സംഭവിക്കാതിരിക്കാൻ ആ ദിവസം മുഴുവൻ കിടക്കയിൽ തന്നെ കഴിച്ചു കൂട്ടി. പക്ഷേ, ഷോൺബെർഗ് ഭയന്നത് പോലെ തന്നെ സംഭവിച്ചു.! ജൂലായ് 13 അവസാനിക്കാൻ വെറും 15 മിനിട്ട് ബാക്കി നില്‌ക്കെ 76ാം വയസിൽ തന്നെ ഷോൺബെർഗ് മരിച്ചു. ! തികച്ചും യാദൃശ്ചികമായ ഒരു സംഭവമായിരുന്നു അത്. ഷോൺബെർഗിന്റെ ഭാര്യയായിരുന്നു അദ്ദേഹത്തിന്റെ മരണവിവരം പുറത്തറിയിച്ചത്. അകാരണമായ ഭയവും ഉത്കണ്ഠയുമാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.