SignIn
Kerala Kaumudi Online
Tuesday, 30 April 2024 10.13 PM IST

സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ, 70 കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ; കേരളത്തിന് വൻ വാഗ്ദാനങ്ങളുമായി മോദി

modi

തിരുവനന്തപുരം: കാട്ടാക്കടയിലെ പൊതുസമ്മേളന വേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ സ്വീകരണമൊരുക്കി പ്രവർത്തകർ. മലയാളത്തിലാണ് മോദി സംസാരിച്ചു തുടങ്ങിയത്. വൈകി എത്തിയതിൽ ക്ഷമയും ചോദിച്ചു. കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിൽ ഒരുക്കിയ വേദിയിൽ വൻ ജനാവലിയാണ് പ്രധാനമന്ത്രിയെ കാണാനായി എത്തിയത്.

മോദി പറഞ്ഞത്:

ചൈത്ര നവരാത്രിയുടെയും വിഷുവിന്റെയും ഈ പരിപാവന വേളയിൽ പത്മനാഭസ്വാമിയുടെ ഈ നാട്ടിലെത്താൻ എനിക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ഈ നാട്ടിലാണ് ശ്രീനാരായണ ഗുരുവിന്റെയും അയ്യൻകാളിയുടെയും ചട്ടമ്പിസ്വാമികളുടെയുമൊക്കെ പാദസ്‌പർശമുണ്ടായത്. ഇന്നലെയാണ് വിഷു ആഘോഷിച്ചത്. ഇത് മലയാളികൾക്ക് ഒരു പുതിയ തുടക്കത്തിനുള്ള അവസരമാണ്.

ഇന്നലെയാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. ബിജെപിയുടെ പ്രതിജ്ഞാ പത്രം എന്നാൽ മോദിയുടെ ഗ്യാരണ്ടി എന്നാണർത്ഥം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും എന്നാണ് മോദിയുടെ ഗ്യാരണ്ടി. ഭാരതം അന്താരാഷ്ട്ര നിലവാരമുള്ള നാടായി മാറുമെന്നാണ് മോദിയുടെ ഗ്യാരണ്ടി. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ പോലുള്ള ഐതിഹാസിക നേട്ടങ്ങൾ കരസ്ഥമാക്കും. പ്രധാനമന്ത്രി കിസാൻ സമ്മാനനിധി മുഖേന കർഷകർക്കുള്ള ധനസഹായം തുടരും. രാജ്യത്തെ മൂന്ന് കോടി പാവപ്പെട്ടവർക്ക് പുതിയ വീട് നിർമിച്ച് കൊടുക്കും. 70 വയസ് കഴിഞ്ഞ എല്ലാ പൗരന്മാർക്കും സൗജന്യ ചികിത്സ ഉറപ്പാക്കും. രാജ്യത്തെ പത്ത് കോടി സഹോദരിമാർക്ക് ഐടി, ആരോഗ്യം, വിനോദസഞ്ചാരം തുടങ്ങി നിരവധി മേഖലകളിൽ പരിശീലനം നൽകും. ബിജെപിയുടെ വികസന പദ്ധതിയിൽ കേരളത്തിലെ വിവിധ മേഖലയിലെ ജനങ്ങൾക്കായുള്ള വികസന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

നമ്മുടെ മഹത്തായ പൈതൃകം ലോകം മുഴുവൻ അറിയണം. നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. ഇതിൽ കേരളത്തിനും വലിയ പങ്ക് വഹിക്കാനാകും. ഹോം സ്റ്റേകൾക്ക് ഇതിൽ വലിയ പ്രാധാന്യം ലഭിക്കും. ഇത് വന മേഖലയിലെ കുടുംബങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും. ഹോം സ്റ്റേകൾ തുടങ്ങാൻ വനിതകൾക്ക് സാമ്പത്തിക സഹായം നൽകും.

തീരപ്രദേശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തും. ഇടത് - വലത് മുന്നണികളുടെ ഭരണം നമ്മുടെ തീരദേശത്ത് താമസിക്കുന്ന സഹോദരങ്ങളുടെ ജീവിതം തകർത്ത് തരിപ്പണമാക്കി. അവരെ ബിജെപി രക്ഷിക്കുമെന്ന് ഉറപ്പ് നൽകുകയാണ്. മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ ജീവിതനിലവാരം വർദ്ധിപ്പിക്കുന്നതിനും അവരുടെ അന്തസും ആത്മാഭിമാനവും സംരക്ഷിക്കുന്നതിനുമുള്ള നടപടികൾ ബിജെപി സ്വീകരിക്കും.

വരുന്ന വർഷം റെയിൽവേയുടെ പുനരുജ്ജീവനത്തിനാകും സാക്ഷ്യം വഹിക്കുക. കേരളത്തിൽ ഇനി സ്ലീപ്പ‌ർ ഉൾപ്പെടെുള്ള സംവിധാനമുള്ള വന്ദേ ഭാരത് ട്രെയിനുകൾ ഉൾപ്പെടുത്തും. ബുള്ളറ്റ് ട്രെയിനുകൾക്ക് വേണ്ടിയുള്ള സർവേ അടുത്ത മോദി സർക്കാർ ആരംഭിക്കുന്നതാണ്.

ഇവിടെ ഇടത് - വലത് മുന്നണികൾ ശത്രുക്കളെ പോലെ പെരുമാറുമെങ്കിലും ഡൽഹിയിലെത്തിയാൽ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുള്ള യോഗങ്ങൾ നടത്തുകയാണ്. ദശാബ്‌ദങ്ങളോളം മാറിമാറി ഭരിച്ചിട്ടും അവർക്ക് എടുത്തുപറയാൻ നേട്ടങ്ങളൊന്നും ഇല്ല. പകരം അവർ കേന്ദ്ര സർക്കാർ പദ്ധതികളുടെ പിതൃത്വം ഏറ്റെടുത്ത് ജനങ്ങളോട് കള്ളം പറയുകയാണ്. ഇവരുടെ ഭരണം കാരണം വർക്കലയും നെടുമങ്ങാടും പോലുള്ള പ്രദേശങ്ങൾ വരെ ലഹരി മാഫിയയുടെ കയ്യിലാണ്. ഈ മാഫിയകൾക്ക് സർക്കാരിന്റെ സംരക്ഷണം കിട്ടുകയാണ്. കേരളത്തിലെ യുവാക്കളുടെ ഭാവി അപകടത്തിലാണ്.

കേരളത്തിൽ പലയിടത്തും കുടിവെള്ളം കിട്ടാനില്ല. കയർ വ്യവസായം ഇല്ലാതായി. കോൺഗ്രസും കമ്മ്യൂണിസ്റ്റും അഴിമതിയുടെ കാര്യത്തിൽ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ഭരിച്ച സംസ്ഥാനങ്ങളെയെല്ലാം തകർത്തെറിഞ്ഞവരാണ് ഇവർ. അഴിമതി നടത്താനുള്ള കേന്ദ്രമായി അവർ കേരളത്തെ മാറ്റിയിരിക്കുകയാണ്. സ്വർണക്കടത്ത് നടത്തുന്നവരെ സംരക്ഷിക്കുന്നു എന്ന ആരോപണം നേരിടുന്നവരാണ് കേരളത്തിലെ സർക്കാർ. കുറ്റക്കാരെ സംരക്ഷിക്കാൻ മുഴുവൻ സർക്കാരിന്റെ മുഴുവൻ സംവിധാനങ്ങളും ഇവ‌ർ ഉപയോഗിക്കുന്നുണ്ട്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലം സ്ഥാനാർത്ഥികളും കേന്ദ്ര മന്ത്രിമാരുമായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, കൊല്ലം മണ്ഡലം സ്ഥാനാർത്ഥി കൃഷ്‌ണകുമാർ ജി, നടി ശോഭന തുടങ്ങിയവരും വേദിയിൽ ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MODI, KERALA, LOSABHA ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.