വൈത്തിരി: കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഞായറാഴ്ച രാവിലെ തളിപ്പുഴയ്ക്ക് സമീപമായിരുന്നു അപകടം. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ നെരമാക്കൽ ഉമ്മറും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഉമ്മറിന്റെ ഭാര്യ ആമിന (49), മക്കളായ ആദിൽ ഉമർ (20), അബ്ദുല്ല ഉമർ (18) എന്നിവരാണ് മരിച്ചത്. മറ്റു രണ്ടു കുട്ടികളായ ആമിർ (20), അസ്നാ ഫാത്തിമ (12 ) എന്നിവർ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ ഓടിച്ച ഉമറിനും പരിക്കുകളുണ്ടെങ്കിലും ഗുരുതരമല്ല. പെരുന്നാൾ അവധിക്ക് മൈസൂരിൽ വിനോദസഞ്ചാരത്തിന് പോയി മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് കാർ നിയന്ത്രണം വിട്ട് എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചത്. ഉമറിന് നാല് മക്കളാണ്. മരിച്ച ആദിലും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആമിറും ഇരട്ട സഹോദരങ്ങളാണ്. അപകടം സംഭവിച്ച ഉടനെ ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇതിൽ ആമിന വൈത്തിരി താലൂക്ക് ആശുപത്രിയിൽ വച്ചും അദിലും, അബ്ദുല്ലയും കൽപ്പറ്റ ജനറൽ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. അപകടത്തെ തുടർന്ന് കാർ പൂർണമായും തകർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |