SignIn
Kerala Kaumudi Online
Tuesday, 30 April 2024 11.09 PM IST

വസ്തുതകൾ ജനത്തിനറിയാം, ഇടതുജയം ഉറപ്പ്: പന്ന്യൻ

p

 തരൂർ അങ്ങനെ പറഞ്ഞത് സൂത്രശാലി ആയതിനാൽ

 രാഹുലിന് കാര്യം പറഞ്ഞുകൊടുക്കാൻ ആളില്ല

 പ്രചാരണത്തിന് മോദി വന്നിട്ട് ഒരു കാര്യവുമില്ല

 ബി.ജെ.പി നടപ്പാക്കുന്നത് മതാധിഷ്ഠിത ഭരണം

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുക്കാൽ ഘട്ടവും പൂർത്തിയാക്കിയുള്ള വിലയിരുത്തലിൽ തിരുവനന്തപുരം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് പൂർണ്ണ തൃപ്തി. വ്യക്തമായ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് മണ്ഡലത്തിൽ വിജയം നേടുമെന്നതിൽ ജനകീയനായ പന്ന്യന് തെല്ലുമില്ല സംശയം. പുറമെ നടക്കുന്ന കോലാഹലങ്ങളല്ല, മറിച്ച് വസ്തുതകൾ മനസിലാക്കി ജനങ്ങൾ നടത്തുന്ന വിലയിരുത്തലാണ് ഈ വിജയത്തിന് ആധാരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തിരുവന്തപുരം മണ്ഡലത്തിൽ മാത്രമല്ല, സംസ്ഥാനത്താകെ ഇടതു മുന്നണി സ്ഥാനാർത്ഥികൾ നല്ല ഭൂരിപക്ഷത്തിൽ വിജയം നേടുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. കേരള കൗമുദിയുമായി പന്ന്യൻ രവീന്ദ്രൻ സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങളിൽ നിന്ന്:-

 തിരുവനന്തപുരത്തെ മത്സരത്തെ എങ്ങനെ വിലയിരുത്തുന്നു?

2019-ലെ തിരഞ്ഞെടുപ്പ് ഫലം വച്ചുള്ള വിലയിരുത്തലാണ് പലരും നടത്തുന്നത്. പക്ഷെ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ കാണാതെ പോകരുത്. നല്ല വ്യത്യാസത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലെത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിലും യു.ഡി.എഫിനേക്കാൾ വലിയ വ്യത്യാസത്തോടെയാണ് ബഹുഭൂരിപക്ഷം സ്ഥാപനങ്ങളിലും ഇടതു മുന്നണി വിജയിച്ചത്. തിരുവനന്തപുരം മണ്ഡലത്തിൽ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നതിൽ ഒരു സംശയവും വേണ്ട.

 യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്നാണല്ലോ ശശിതരൂർ പറഞ്ഞത്?

അദ്ദേഹം വളരെ സൂത്രശാലിയായതിനാലാണ് അങ്ങനെ പറഞ്ഞത്. തിരുവനന്തപുരത്തിന്റെ ഇപ്പോഴത്തെ മനസ് അദ്ദേഹത്തിന് വ്യക്തമായി അറിയാം. ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് എത്തപ്പെടും. തുടക്കം മുതൽ എൽ.ഡി.എഫ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ എം.പിയുടെ പ്രവർത്തനങ്ങൾ മണ്ഡലത്തിലെ ജനങ്ങൾ നന്നായി വിലയിരുത്തുന്നുണ്ട്.

 പ്രധാനമന്ത്രി രണ്ടു തവണ പ്രചാരണത്തിന് എത്തിയല്ലോ?​

അതുകൊണ്ട് പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ല. കേന്ദ്രത്തിലെ സ്ഥിതി ജനങ്ങൾക്ക് നല്ലതു പോലെ അറിയാം. മോദി വന്നിട്ട് ദേശീയ രാഷ്ട്രീയം എന്തെങ്കിലും ഇവിടെ പറഞ്ഞോ?​ അതു പറയില്ല, കാരണം,​ പറഞ്ഞാൽ അവർക്ക് ഗുണകരമാവില്ലെന്ന് നല്ല ബോദ്ധ്യമുണ്ട്. സംസ്ഥാനവുമായി ബന്ധപ്പെടുത്തി വാസ്തവമില്ലാത്ത കുറെ കാര്യങ്ങൾ പറഞ്ഞുപോയി.അതൊന്നും തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഗുണം ചെയ്യില്ല.

 ബി.ജെ.പി സ്ഥാനാർത്ഥി കുറെ വാഗ്ദാനങ്ങൾ നൽകുന്നുണ്ടല്ലോ?

അതും വിലപ്പോവില്ല. കഴിഞ്ഞ പത്തുവർഷമായി ബി.ജെ.പിയല്ലേ കേന്ദ്രത്തിൽ അധികാരത്തിലുള്ളത്. അവർ സ്ഥിരമായി മത്സരിക്കുന്ന മണ്ഡലമല്ലേ തിരുവനന്തപുരം?​ മണ്ഡലത്തിന്റെ പുരോഗതിക്ക് സഹായകമാവുന്ന ഏതെങ്കിലും സ്ഥാപനങ്ങൾ കൊണ്ടുവന്നോ?​ ഇനി എല്ലാം നന്നാവുമെന്ന് പറയുന്ന സ്ഥാനാർത്ഥി കേന്ദ്ര മന്ത്രിയായിരുന്നിട്ടും തിരുവനന്തപുരത്തെക്കുറിച്ച് അറിഞ്ഞില്ലേ?​

 സംസ്ഥാനതലത്തിൽ തിരഞ്ഞെടുപ്പ് ഫലം എങ്ങനെയാവും?

ഇടതുമുന്നണി ശക്തമായ നിലയിൽ വിജയം കൈവരിക്കും. കേരളത്തിലെ ജനങ്ങൾ എല്ലാം അറിയുന്നവരാണ്. നവോത്ഥാനത്തിന്റെ പാരമ്പര്യമുള്ള മണ്ണിലാണ് ജനങ്ങൾ നിൽക്കുന്നത്. ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ഒരു കുടംബത്തിലെ അംഗങ്ങളെപ്പോലെ. സാഹോദര്യത്തിന്റെ അന്തരീക്ഷം. ഇന്ത്യ ഈ നാട് കാണുകയാണ്. ഇന്ത്യയിൽ മതാധിഷ്ഠിത ഭരണം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് ബി.ജെ.പി. ആ ബി.ജെ.പിക്കെതിരെ ഒരു മുന്നണി വളർന്നു വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോദ്ധ്യമുണ്ട്. അത് മതനിരപേക്ഷ മുന്നണിയാണ്. ആ മുന്നണിയിൽ ജനങ്ങൾക്ക് വിശ്വസിക്കാവുന്ന പ്രസ്ഥാനം ഏതാണ്?​- ഇടതുപക്ഷം. കോൺഗ്രസിനെ എങ്ങനെ വിശ്വസിക്കും?​- ജനങ്ങൾക്ക് വിശ്വസിക്കാൻ പറ്റില്ല. ഇടതുപക്ഷ പ്രസ്ഥാനത്തിന് അനുകൂലമായി ജനവിധി വരും , സംശയം വേണ്ട.

 കേന്ദ്രസർക്കാർ കേരളത്തിന് വാരിക്കോരി ആനുകൂല്യങ്ങൾ നൽകിയെന്നാണല്ലോ പറയുന്നത് ?

അങ്ങനെ പറയുന്നതല്ലാതെ വസ്തുതാപരമായി വ്യക്തമാക്കാൻ കഴിയുമോ?​ ജി.എസ്.ടിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താ- അതിന്റെ വിഹിതത്തിന്റെ സ്ഥിതിയെന്താണ്?​ നമ്മുടെ സംസ്ഥാനത്തിന് ന്യായമായും കടമെടുക്കാനുള്ള അവകാശമുണ്ട്. ആ അവകാശം നിഷേധിക്കുന്നു, വെട്ടിച്ചുരുക്കുന്നു.

 ഇന്ത്യാ മുന്നണിയിൽ നിൽക്കുകയും കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ നിലപാട് ?

രാഹുൽ ഗാന്ധിക്ക് ദേശീയ നേതാവ് എന്ന പരിവേഷമുണ്ട് . എന്നാൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന വിശ്വാസം എനിക്കില്ല. അദ്ദേഹം ഹിന്ദി മേഖലയിൽ മത്സരിക്കണമായിരുന്നു. ഉത്തരേന്ത്യയിൽ സ്വാധീനമില്ലെന്ന സന്ദേശമല്ലേ ഇപ്പോൾ നൽകുന്നത്?​ പറഞ്ഞു മനസിലാക്കാൻ ആരുമില്ല. കോൺഗ്രസുകാർ രാഹുലിനെ കേരളത്തിലേക്ക് വിളിക്കുന്നു, ആ പേരുപറഞ്ഞ് കുറച്ചു സീറ്റ് കിട്ടുമോ എന്നാണ് നോക്കുന്നത്.

 മോദിയുടെ സ്വാധീനം കേരളത്തിൽ വർദ്ധിച്ചു വരുന്നുണ്ടോ?​

ജനപിന്തുണ കൂടുന്നുവെന്ന് അംഗീകരിക്കാനാവില്ല. അതിനു പകരമുള്ള സർക്കാരിനു വേണ്ടിയാണ് ശ്രമിക്കുന്നത്. കേരളത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് നല്ല വിജയം നേടാൻ കഴിയും. പുറമെ കാണുന്നതല്ല യാഥാർത്ഥ്യം. ജനങ്ങളുടെ മനസിൽ വ്യക്തമായ ധാരണയുണ്ട്. ജനാധിപത്യം ഇത്രമാത്രം വളർന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ അവസ്ഥ രാജഭരണകാലത്തേക്കു പോവില്ല. കേരളത്തിലെ ജനങ്ങൾ മതസൗഹാർദ്ദം നിലനിറുത്താനായി നിൽക്കും; സംശയമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PANNIYAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.