SignIn
Kerala Kaumudi Online
Wednesday, 01 May 2024 7.30 PM IST

ഇരുപതും സ്വന്തം

k

 ബി.ജെ.പിയുടെ പ്രചാരണ ബഹളം വോട്ടാകില്ല

 ഇടതു ജനവിരോധം ഇലക്ഷനിൽ പ്രതിഫലിക്കും

സംസ്ഥാനത്തെ മുഴുവൻ ലോക്‌സഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കുമെന്ന ആത്മവിശ്വാസമാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും ആലപ്പുഴ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ.സി. വേണുഗോപാലിന്. കെ.സിയുടെ തിരിച്ചുവരവോടെ ആലപ്പുഴ മണ്ഡലം ഇതിനകം ദേശീയശ്രദ്ധ നേടിക്കഴിഞ്ഞു. കഴിഞ്ഞ തവണ യു.ഡി.എഫിനു കൈമോശം വന്ന ഏക സീറ്റായിരുന്നു ആലപ്പുഴ. ദേശീയതലത്തിലെ ഉത്തരവാദിത്തങ്ങൾക്കിടയിലും ആലപ്പുഴയുമായുള്ള ആത്മബന്ധം നിലനിറുത്താൻ സാധിച്ചിരുന്നുവെന്ന ആത്മവിശ്വാസവും കെ.സിക്കുണ്ട്. കെ.സി. വേണുഗോപാൽ കേരളകൗമുദിയോട് സംസാരിക്കുന്നു. പ്രസക്ത ഭാഗങ്ങൾ:

തിരഞ്ഞെടുപ്പു സാഹചര്യം?

യു.ഡി.എഫിന് അനുകൂലമാണ്. കേരളത്തിൽ ഇരുപതിൽ ഇരുപതു സീറ്റും യു.ഡി.എഫ് സ്വന്തമാക്കും. സംസ്ഥാനത്ത് ഇടതു സർക്കാരിനോടുള്ള വിരുദ്ധതയും കേന്ദ്രത്തിൽ കോൺഗ്രസ് തിരിച്ചുവരണമെന്ന ജനവികാരവും യു.ഡി.എഫിന്റെ കെട്ടുറപ്പും ഒരുമിക്കുമ്പോൾ വിജയം സുനിശ്ചിതം. ഈ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവിക്ക് നിർണ്ണായകമാണ്. ഏകാധിപത്യ ഭരണത്തിന്റെ എല്ലാ ലക്ഷണങ്ങളുമാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഒരു അവസരം കൂടി ബി.ജെ.പിക്കു നൽകിയാൽ രാജ്യത്തിന്റെ ഭാവി ചോദ്യചിഹ്നമാകും. പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്. എത്ര എം.പിമാരെ കൂടുതൽ കിട്ടുമെന്നതാണ് പ്രധാനം.

 ദേശീയതലത്തിലെ ഉത്തരവാദിത്തം ആലപ്പുഴയിലെ പ്രചാരണത്തെ ബാധിച്ചോ?

ആലപ്പുഴക്കാർക്ക് എന്നെ നന്നായി അറിയാം. എല്ലാ നിയോജക മണ്ഡലങ്ങളിലും പല തവണ എത്താൻ സാധിച്ചിട്ടുണ്ട്. വ്യക്തികളെ നേരിട്ടു കാണുന്നതിലാണ് പരിമിതിയുണ്ടായത്. അത് എന്തുകൊണ്ടെന്ന് ജനങ്ങൾക്ക് വ്യക്തമായി മനസിലാകുന്നുണ്ട്. ഓരോ പ്രദേശത്തെയും വിവിധ ജനവിഭാഗങ്ങളെ നേരിൽക്കണ്ട് ജനസമ്പർക്കം മോഡലിൽ സംവദിക്കാൻ സാധിച്ചു. സ്ത്രീകൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ തുടങ്ങി വിവിധ വിഭാഗം ജനങ്ങൾക്ക് സംഗമിക്കാൻ വേദിയൊരുക്കി. ഓരോ മേഖലയിലുള്ളവരും അവരുടെ പരാതികളും ആവശ്യങ്ങളും എന്നെ നേരിട്ടറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് മുൻതൂക്കം നൽകിയാണ് സംവാദങ്ങളെല്ലാം അരങ്ങേറിയത്. ആലപ്പുഴക്കാരുടെ സ്നേഹത്തിനും സമീപനത്തിനും ആഴം കൂടിയിട്ടേയുള്ളു. മുൻ കാലങ്ങളിലെ വികസനക്കുതിപ്പും കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ മുരടിപ്പും ജനങ്ങൾ അറിഞ്ഞതാണ്.

 ബി.ജെ.പി വലിയ ആത്മവിശ്വാസത്തിലാണല്ലോ?

പ്രചാരണ കോലാഹലങ്ങളൊന്നും വോട്ടായി മാറുമെന്ന് ബി.ജെ.പിയും ഇടതുമുന്നണിയും കരുതേണ്ടതില്ല. യു.ഡി.എഫിന് അതിലൊന്നു യാതൊരു ആശങ്കയുമില്ല. പണക്കൊഴുപ്പും പി.ആർ വർക്കും ജനവിധിയെ ബാധിക്കില്ല. ഇന്ത്യയെ രക്ഷിക്കാൻ കോൺഗ്രസ് അധികാരത്തിൽ വരണമെന്ന ബോദ്ധ്യം വോട്ടർമാർക്കുണ്ട്. സാമ്പത്തിക വെല്ലുവിളി നേരിട്ടാണ് യു.ഡി.എഫ് പ്രചരണം മുന്നോട്ടു കൊണ്ടുപോകുന്നത്. ചെലവു കുറച്ച്,​ സ്റ്റൈൽ മാറ്റിയാണ് പ്രചാരണ കടമ്പ മറികടക്കുന്നത്.

 പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം?

ഞാൻ ഒരു തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം മുൻകൂട്ടി പറയാറില്ല. മികച്ച ഭൂരിപക്ഷത്തിലാവും വിജയം. അത് ഉറപ്പാണ്.

 ആലപ്പുഴയ്ക്ക് എന്തെല്ലാം നൽകും?

ഇന്ത്യയിലെ ജനങ്ങൾക്ക് കൈത്താങ്ങാകാൻ അഞ്ച് നീതികൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. യുവാക്കൾക്ക്, സ്ത്രീകൾക്ക്, കർഷകർക്ക്, തൊഴിലാളികൾക്ക്, കൂടാതെ പങ്കാളിത്തത്തിന്റെ നീതിയുമാണ് ഉറപ്പു നൽകുന്നത്. ഓരോ പര്യടന ദിനത്തിലും ജനവിഭാഗങ്ങളിൽ നിന്ന് നേരിട്ടു മനസ്സിലാക്കിയ വിവിധ ആവശ്യങ്ങളുണ്ട്. തീരദേശ മണ്ഡലമായ ആലപ്പുഴയിൽ പ്രത്യേക മത്സ്യത്തൊഴിലാളി ബാങ്ക്, സബ്സിഡി മണ്ണണ്ണ, തീരദേശ നിയന്ത്രണ പരിഷ്കരണങ്ങൾ തുടങ്ങിയവ ആവശ്യമാണ്. കർഷകരെയും യുവാക്കളെയും ശാക്തീകരിക്കും. തൊഴിലാളി വർഗത്തിന് വേതന വർദ്ധന, 25 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ്, തൊഴിലാളി ക്ഷേമം ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ സഹായ നടപടികൾ.... എല്ലാം നടപ്പാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KC VENNUGOPAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.