ചെന്നൈ: വെല്ലൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞുവീണു. വെല്ലൂരിലെ ഉൾ ഗ്രാമങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. അനുയായികൾ ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇടവേളകളില്ലാത്ത പ്രചാരണമാണ് ആരോഗ്യത്തെ ബാധിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും മൻസൂർ പരാജയപ്പെട്ടിരുന്നു. ഇത്തവണ അണ്ണാ ഡി.എം.കെയ്ക്കൊപ്പം മത്സരിക്കാൻ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്നാണ് സ്വതന്ത്രനായത്. ഇന്ത്യ ജനനായക പുലികൾ പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെയുള്ള അദ്ദേഹത്തിന്റെ വ്യത്യസ്തമായ പ്രചാരണ രീതികൾ വാർത്തകളിൽ ഇടം നേടിയിരുന്നു. ചക്കയാണ് അദ്ദേഹത്തിന്റെ ചിഹ്നം. അടുത്തിടെ നടി തൃഷയ്ക്കെതിരെ നടത്തിയ പരാമർശം വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |