SignIn
Kerala Kaumudi Online
Wednesday, 29 May 2024 1.05 AM IST

കഴിഞ്ഞ ജന്മം പ്രവചിച്ച ഓം സേതി

pic

കയ്റോ: പുനർജന്മം എന്ന സങ്കല്പത്തിൽ വിശ്വസിക്കുന്നവർ ഏറെയാണ്. ഇന്ത്യയിൽ നിന്നുൾപ്പെടെ അത്തരം സംഭവങ്ങളെ പറ്റിയുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, അതിലൊക്കെ എത്രത്തോളം യാഥാർത്ഥ്യമുണ്ടെന്ന് ആർക്കുമറിയില്ല. പക്ഷേ, പുനർജന്മം എന്ന സങ്കല്പം സത്യമാണെന്ന് തന്റെ ജീവിതം കൊണ്ട് തെളിയിക്കാൻ ശ്രമിച്ച ഒരു സ്ത്രീ ജീവിച്ചിരുന്നു. 'ഓം സേതി ' എന്ന പേരിൽ ലോകപ്രശസ്തയായ ഡൊറോത്തി ഈഡി എന്ന ഈജിപ്ഷ്യൻ പുരാവസ്‌തു ഗവേഷകയായിരുന്നു അത്.

 ആരാണ് ഡൊറോത്തി ?

1904ൽ ലണ്ടനിലെ ഒരു സാധാരണ ഐറിഷ് ക്രിസ്‌റ്റ്യൻ കുടുംബത്തിലാണ് ഡൊറോത്തിയുടെ ജനനം. ഡൊറോത്തിയ്ക്ക് മൂന്ന് വയസുള്ളപ്പോൾ കോണിപ്പടിയിൽ നിന്ന് വീണ് ഒരു അപകടം സംഭവിക്കുകയുണ്ടായി. അതോടെ ഡൊറോത്തിയുടെ പെരുമാറ്റത്തിൽ അസാധാരണമായ ചില മാറ്റങ്ങൾ പ്രകടമായി. തനിക്ക് തന്റെ വീട്ടിൽ മടങ്ങി പോകണമെന്നായിരുന്നു ഡൊറോത്തി തന്റെ വീട്ടുകാരോട് പറയാൻ തുടങ്ങിയത്. ഹൈറോഗ്ലിഫിക്‌സ് ഭാഷയേയും പുരാതന ഈജിപ്റ്റിനെ പറ്റിയും സംസാരിക്കാൻ തുടങ്ങിയ ഡൊറോത്തി ഏവരെയും ഞെട്ടിച്ചു.

ഒരിക്കൽ ബ്രിട്ടീഷ് മ്യൂസിയം സന്ദർശിക്കവെ ഫറവോ സേതി ഒന്നാമന്റെ ക്ഷേത്രത്തിന്റെ ഫോട്ടോ കണ്ട ഡൊറോത്തി അവിടേക്ക് ചൂണ്ടിക്കാട്ടി അതാണ് തന്റെ വീടെന്ന് പറഞ്ഞു. തന്റെ 15ാം വയസുമുതൽ ഒരു ഫറവോയുടെ ആത്മാവ് സ്വപ്നത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതായി ഡൊറോത്തി അവകാശപ്പെട്ടിരുന്നു.

 ഹൈറോഗ്ലിഫിക്സിൽ രേഖപ്പെടുത്തിയത്

പൂർവ ജന്മത്തിൽ ബെൻട്രെഷൈറ്റ് എന്നായിരുന്നു തന്റെ പേരെന്നും താനൊരു
ഈജിപ്ഷ്യൻ സൈനികന്റെ മകളായിരുന്നുവെന്നും ഡൊറോത്തി സ്വപ്‌നത്തിൽ കണ്ടത്രെ. ഒരു പുരോഹിതയായി മാറിയ അവർ ഫറവോ സേതി ഒന്നാമനെ പ്രണയിക്കുകയും ഗർഭിണി ആയതോടെ അപമാനം ഭയന്ന് ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നും ഡൊറോത്തി പറഞ്ഞു. ഇക്കാര്യങ്ങൾ ഹൈറോഗ്ലിഫിക്സ് ഭാഷയിൽ ഡൊറോത്തി രേഖപ്പെടുത്തുകയും ചെയ്തു.

27ാം വയസിൽ ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിച്ച ഒരു ഈജിപ്ഷ്യൻ മാഗസിനിൽ ജോലി ആരംഭിച്ച ഡൊറോത്തി പുരാതന ഈജിപ്റ്റിനെ പറ്റിയുള്ള കാർട്ടൂണുകളിലൂടെയും ആർട്ടിക്കിളുകളിലൂടെയുമാണ് ശ്രദ്ധ നേടിയത്. ഈജിപ്റ്റുകാരനായ ഇമൻ മെഗ്വദിനെ വിവാഹം ചെയ്തതോടെ ഡൊറോത്തി ഈജിപ്റ്റിൽ എത്തി. ഡൊറോത്തി തന്റെ മകന് സേതി എന്ന് പേരിട്ടു. ' സേതിയുടെ അമ്മ " എന്നർത്ഥം വരുന്ന ' ഓം സേതി ' എന്ന പേര് ഡൊറോത്തി സ്വീകരിച്ചത് അങ്ങനെയാണ്. ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പിൽ ജോലി ലഭിച്ച ഡൊറോത്തി ഈജിപ്ഷ്യൻ സംസ്‌കാരത്തെ പറ്റി നിരവധി പുസ്‌തകങ്ങൾ രചിച്ചു.

 കണ്ടെത്തലുകൾ

ഇംഗ്ലണ്ടിൽ ജനിച്ച് വളർന്ന ഡൊറോത്തി പുരാതന ഈജിപ്‌റ്റിനെ സംബന്ധിച്ച നിർണായക വിവരങ്ങൾ കണ്ടെത്തിയത് ഗവേഷകരെയെല്ലാം ഞെട്ടിച്ചു. പൂർവ ജന്മത്തിൽ സേതി ഫറവോയെ ആദ്യമായി കണ്ടുമുട്ടിയ പൂന്തോട്ടത്തിന്റെ അവശിഷ്‌ടങ്ങൾ സ്ഥിതി ചെയ്തിരുന്ന പുരാതന നഗരമായ എബിഡോസിനെ കേന്ദ്രീകരിച്ചായിരുന്നു ഡൊറോത്തിയുടെ പ്രധാന ഗവേഷണങ്ങൾ. സേതി ഒന്നാമന്റെ ക്ഷേത്രം സ്ഥിതി ചെയ്‌തിരുന്ന ആ പ്രദേശം ഡൊറോത്തി കണ്ടെത്തുകയും ചെയ്തു. 1981ൽ 77ാം വയസിൽ അന്തരിക്കുന്നത് വരെ ‌ഡൊറോത്തി ഏവർക്കും ഒരു അത്ഭുതമായിരുന്നു. പുനർജന്മത്തെ പറ്റിയുള്ള ഡൊറോത്തിയുടെ വിവരണങ്ങൾ അവരുടെ മനസിന്റെ തോന്നലുകളായിരുന്നുവെന്ന് വാദിക്കുന്നവരുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.