ആലപ്പുഴ: കൈയിൽ കിട്ടിയ കടലാസ് കഷ്ണങ്ങൾ ശരിയായി കൂട്ടിച്ചേർത്താൽ ആലപ്പുഴ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ ചിരിക്കുന്ന ചിത്രം തെളിയും. മണ്ഡലത്തിലെ മൂന്ന് ലക്ഷത്തോളം കുടുംബങ്ങളിലെ കുട്ടികളെ ലക്ഷ്യം വച്ചാണ് വേനലവധിക്കാലത്ത് യു.ഡി.എഫിന്റെ പുതിയ പ്രചാരണ തന്ത്രം. കുട്ടികൾക്ക് കളിക്കാനും സ്ഥാനാർത്ഥിയുടെ ചിത്രം വോട്ടർമാരുടെ മനസിൽ പതിയാനും ജിഗ്സോ പസിൽ പ്രചാരണം സഹായിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. കന്നി വോട്ടർമാരെയാണ് പ്രധാനമായി ലക്ഷ്യം വയ്ക്കുന്നത്. സംഭവം ക്ലിക്കായതോടെ കൂടുതൽ പേർ പസിൽ കാർഡ് ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ജിഗ്സോപസിൽ പ്രചാരണവുമായി യു.ഡി.എഫ് രംഗത്തെത്തിയിരുന്നു. വിരസമായ ലഘുലേഖകളെക്കാൾ ലളിതമായ ആശയവിനിമയം നടത്തുന്ന പസിലുകളോട് ജനങ്ങൾക്കും പ്രിയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |