കാൻഡിഡേറ്റ് ചെസിൽ ചാമ്പ്യനായി 17കാരനായ ഇന്ത്യൻ താരം ഡി. ഗുകേഷ്,
ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
ടൊറാന്റൊ: ലോക ചെസ്ചാമ്പ്യനെ നേരിടാനുള്ള ചലഞ്ചറെ കണ്ടെത്താനുള്ള കാൻഡിഡേറ്റ് ചെസ് ടൂർണമെന്റിൽ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി 17കാരനായ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷ്. കാനഡയിലെ ടൊറാന്റൊയിൽ നടന്ന കാൻഡിഡേറ്റ് ടൂർണമെന്റിലെ 14 റൗണ്ട് പോരാട്ടത്തിൽ 9 പോയിന്റ് സ്വന്തമാക്കിയാണ് ചെന്നൈ സ്വദേശിയായ ഗുകേഷ് ചാമ്പ്യനായത്. അവസാന റൗണ്ടിൽ യു.എസ് ഗ്രാൻഡ് മാസ്റ്റർ ഹികാരു നകാമുറെയെ നേരിടാനിരിക്കുമ്പോൾ ഗുകേഷ് മറ്റുതാരങ്ങളെക്കാൾ അരപ്പോയിന്റ് മുന്നിലായിരുന്നു. അവസാന റൗണ്ടിൽ നകാമുറയെ സമനിലയിൽ തളച്ചാണ് ഗുകേഷ് ചാമ്പ്യനായത്. റഷ്യയുടെ ഇയാൻ നിപ്പോനിയാംഷിയും ടോപ് സീഡ് യു.എസിന്റെ ഫാബിയാനൊ കരുവാനൊയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചതും ഗുകേഷിന് തുണയായി. ഇവരിൽ ആരെങ്കിലും ജയിച്ചിരുന്നെങ്കിൽ ഗുകേഷിനൊപ്പം ഒമ്പത് പോയിന്റായാനെ. തുടർന്ന് ചാമ്പ്യനെ കണ്ടെത്താൻ ടൈബ്രേക്കർ ആവശ്യമായി വരുമായിരുന്നു.
വനിതാ കാൻഡിഡേറ്റ് ചെസിൽ മുൻ ലോകചാമ്പ്യൻ ചൈനയുടെ ടാൻ ഷോംൻഗ്യി ജേതാവായി.
2014ൽ വിശ്വനാഥൻ ആനന്ദ് ചാമ്പ്യനായ ശേഷം കാൻഡിഡേറ്റ് ചെസിൽ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുകേഷ്.
ഇനി ലോകചാമ്പ്യൻ
ഈ വർഷം നടക്കുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഗുകേഷ് നിലവിലെ ലോകചാമ്പ്യൻ ചൈനയുടെ ഡിങ് ലിറെനെ നേരിടും. ലോക ചെസ് ചമ്പ്യൻഷിപ്പിൽ കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഗുകേഷിന്റെ പേരിലാകും. ലോക ചാമ്പ്യൻഷിപ്പിന്റെ സമയവും വേദിയും പ്രഖ്യാപിച്ചിട്ടില്ല.
98 ലക്ഷം രൂപ സമ്മാനത്തുക
കാൻഡിഡേറ്റ് ചെസിൽ ചാമ്പ്യന് 48,000 യൂറോയാണ് (ഏകദേശം 42 ലക്ഷം രൂപ) സമ്മാനത്തുക. ഇതോടൊപ്പം ടൂർണമെന്റിൽ നേടിയ ഓരോ അരപ്പോയിന്റിനും 3500 യൂറോ വീതവും ലഭിക്കും. 9 പോയിന്റ് നേടിയ ഗുകേഷിന് 63,000 യൂറോ (ഏകദേശം 56 ലക്ഷം രൂപ) കിട്ടും. 1,11,000 യൂറോയാണ് (ഏകദേശം 98 ലക്ഷം രൂപ) ഗുകേഷിന് ആകെ സമ്മാനത്തുക .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |