SignIn
Kerala Kaumudi Online
Saturday, 16 May 2026 5.33 AM IST

ഏഴുവയസുകാരനായി പിതാവിന്റെ അപേക്ഷ സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് തയ്യാറാക്കാൻ സി.ഡബ്ലിയു.സി

തിരുവനന്തപുരം: ആറ്റുകാൽ പാടശേരിയിൽ രണ്ടാനച്ഛന്റെ ക്രൂരമായ മർദ്ദനത്തിൽ പരിക്കേറ്റ ഏഴുവയസുകാരനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ യഥാർത്ഥ പിതാവ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ അപേക്ഷയിൽ സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് (എസ്.ഐ.ആർ) ലഭിച്ച ശേഷം തീരുമാനമെടുക്കും. ഇതിനായി നടപടികൾ ആരംഭിച്ചെന്ന് സി.ഡബ്ലിയു.സി ചെയർപേഴ്‌സൺ ഷാനിബാബീഗം പറഞ്ഞു.

മൂന്നര വർഷം മുമ്പാണ് ഇയാൾ കുട്ടിയേയും ഭാര്യ അഞ്ജനയേയും ഉപേക്ഷിച്ചത്. തുടർന്ന് കോടതി മുഖേന വിവാഹബന്ധം വേർപെടുത്തിയ ശേഷം അഞ്ജനയും അനുവും വിവാഹിതരായി. വിവാഹ മോചനക്കേസിന്റെ വിധിയിൽ കുട്ടിയുടെ അവകാശം കേസിലെ രണ്ടാം പ്രതി അഞ്ജനയ്‌ക്കാണ് കോടതി നൽകിയിട്ടുള്ളത്. അതിനാൽ എസ്.ഐ.ആർ അനുകൂലമായാലും കുട്ടിയെ പിതാവിന് കൈമാറാൻ കോടതിയുടെ അനുമതി വേണം.

കുട്ടിയെ യഥാർത്ഥ പിതാവിന് കൈമാറിയാൽ നല്ല നിലയിൽ സംരക്ഷിക്കാനാകുമോ എന്നത് സംബന്ധിച്ചാണ് എസ്.ഐ.ആർ പരിശോധിക്കുന്നത്. നിലവിലെ ഇയാളുടെ താമസം,സാമ്പത്തിക സ്ഥിതി,തൊഴിൽ,വ്യക്തിപരമായ മറ്റു വിഷയങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ പരിശോധിച്ച് തയ്യാറാക്കുന്ന റിപ്പോർട്ട് ലഭിച്ച ശേഷമാകും സി.ഡബ്ലിയു.സി ഉചിതമായ തീരുമാനമെടുക്കുക. ഇപ്പോൾ പൂജപ്പുര ഗവ.ചിൽഡ്രൻസ് ഹോമിന്റെ ചുമതലയിലുള്ള കുട്ടിയെ എസ്.എ.ടി.ആശുപത്രിയിൽ വിദഗ്ദ്ധ പരിശോധനയ്‌ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പൂർണമായ റിപ്പോർട്ട് തയ്യാറാക്കിയ ശേഷം ഇന്ന് കുട്ടിയെ ഡിസ്ചാർജ് ചെയ്യും. കുട്ടി ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു. പിതാവിന്റെ അപേക്ഷയിൽ തീരുമാനമെടുക്കുന്നതുവരെ കുട്ടി ചിൽഡ്രൻസ് ഹോമിൽ തുടരും. പിതാവിന് കുട്ടിയെ കൈമാറാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ 18 വയസുവരെ ചിൽഡ്രൻസ് ഹോമിൽ പാർപ്പിക്കും. അതിന് ശേഷവും അവകാശികളാരുമെത്താതെ വന്നാൽ 23 വയസുവരെ സാമൂഹ്യനീതി വകുപ്പിന്റെ ചുമതലയിൽ സംരക്ഷണമൊരുക്കാൻ സാധിക്കുമെന്ന് ഷാനിബാബീഗം പറഞ്ഞു.

പ്രതികളെ 29ന്

കസ്റ്റഡിയിൽ വാങ്ങും

ഏഴുവയസുകാരനെ ഒരു വർഷത്തോളമായി ക്രൂരമായി പീഡിപ്പിച്ച കേസിൽ റിമാൻഡിലുള്ള രണ്ടാനച്ഛൻ അനു,അമ്മ അഞ്ജന എന്നിവരെ 29ന് കസ്റ്റഡിയിൽ വാങ്ങുമെന്ന് ഫോർട്ട് എസ്.എച്ച്.ഒ എൽ.അനിൽകുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് തിരക്കിനിടെ തെളിവെടുപ്പ് നടത്താൻ കഴിയാത്തതിനാലാണ് കസ്റ്റഡി അപേക്ഷ 29ലേക്ക് മാറ്റിയത്. കുട്ടിയെ കാണണമെന്ന് യഥാർത്ഥ പിതാവ് ആവശ്യപ്പെട്ടതനുസരിച്ച് അതിനുള്ള സൗകര്യമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY