വണ്ടൂർ: സി.പി.എമ്മും, കോൺഗ്രസും കേരളത്തിൽ പരസ്പരം മത്സരിക്കുന്നത് നാടകമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ വിശ്വ ശർമ്മ. ദില്ലിയിൽ ഇരുകൂട്ടരും പ്രണയത്തിലാണ്. ബംഗാളിലും ,തമിഴ് നാട്ടിലും പ്രണയം . കേരളത്തിൽ മാത്രം മത്സരിക്കുന്നു. ഇത് നാടകം കളിക്കലാണ്, ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ പ്രചരണാർത്ഥം വണ്ടൂരിൽ നടന്ന റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ രാഷ്ട്രീയ മാറ്റം വിദൂരത്തല്ല. അത് ഉടനെയുണ്ടാകും. കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റിനെയും കെട്ടുകെട്ടിച്ച് 2026 ൽ കേരളത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വരും. 2016 മുമ്പ് അസമിൽ ബി.ജെ.പി സർക്കാർ വരുമെന്ന് ആരും പറയില്ലായിരുന്നു. 36 ശതമാനം മുസ്ളീം സമുദായമുള്ള സ്ഥലമാണ് അസം. അവിടെ രണ്ടുതവണ അധികാരത്തിൽ വന്നു. അതും 100ലധികം സീറ്റുമായി. എല്ലാവരെയും ഉൾക്കൊള്ളുന്നവരാണ് ബി.ജെ.പി. എല്ലാവരുടെയും വികസനത്തിന് വേണ്ടിയാണ് സംഘടന നിലകൊള്ളുന്നത്.
ഉത്തർപ്രദേശിൽ നിന്നും തോൽപ്പിച്ച് വിട്ടയാൾ കേരളത്തിൽ നിന്ന് ജയിച്ചാൽ കേരളത്തിന് അത് അപമാനമാണ് .രാഹുൽ ഗാന്ധിയെ നിങ്ങൾ മണ്ഡലത്തിൽ കണ്ടിട്ടുണ്ടോ? പിന്നെയെന്തിന് വോട്ട് നൽകണം. ടൂറിസ്റ്റ് വിസയിൽ എത്തിയ വിനോദ സഞ്ചാരി മാത്രമാണ് രാഹുൽ ഗാന്ധി. കേരളത്തിൽ ബി.ജെ.പിയുടെ വിജയത്തിനായി കാമാഖ്യ ദേവീ ക്ഷേത്രത്തിൽ പ്രത്യേകമായി താൻ പ്രാർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ. സുരേന്ദ്രനെ കൂടാതെ മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, അഡ്വ. ശ്രീ പത്മനാഭൻ , ഷിനോജ് പണിക്കർ, രശ്മിൽ നാഥ് തുടങ്ങിയവരും റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |