SignIn
Kerala Kaumudi Online
Saturday, 17 August 2024 10.06 AM IST

അഴിമതിക്ക് ഉടൻ ശിക്ഷ ലഭിക്കണം

x

ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥ സംവിധാനം വളരെ പ്രബലമാണ്. സ്വാതന്ത്ര്യത്തിനു ശേഷം അഴിമതി എന്ന രോഗം ഏറ്റവുമധികം ഗ്രസിച്ചിട്ടുള്ള ഒരു വിഭാഗവുമാണത്. ഏതു കാര്യവും എങ്ങനെ നടത്താതിരിക്കാം എന്നതിനാണ് ബ്യൂറോക്രസി ഇന്നും മുൻഗണന നൽകുന്നത്. നിയമങ്ങളുടെ ധാരാളിത്തം കാരണം അതവർക്ക് നിഷ്‌പ്രയാസം കഴിയുകയും ചെയ്യും. ജനപ്രതിനിധികൾ രൂപം നൽകിയ നിയമങ്ങളുടെ ഊടും പാവും പരിശോധിച്ച് ഓരോ കാര്യത്തിനും അനുമതി നൽകേണ്ട ചുമതല ഉദ്യോഗസ്ഥർക്കാണ്. നിയമങ്ങളുടെ നൂലാമാലകൾ പരിശോധിക്കുമ്പോൾ ഏതൊരു സംരംഭവും തടയാനും അനാവശ്യ നിബന്ധനകൾ ഉന്നയിച്ച് വൈകിക്കാനും ഉദ്യോഗസ്ഥവൃന്ദത്തിനു കഴിയും. ഇത് മറികടക്കാനുള്ള എളുപ്പവഴിയായാണ് കൈക്കൂലി ഉരുത്തിരിഞ്ഞു വരുന്നത്.

പോകെപ്പോകെ നിയമവിധേയമായ കാര്യങ്ങൾക്കും കൈക്കൂലി നാട്ടുനടപ്പായി!

സർക്കാർ ഉദ്യോഗസ്ഥർക്ക് മാന്യമായി ജീവിക്കാനുള്ള തുക ഇപ്പോൾ ശമ്പളമായി ലഭിക്കുന്നുണ്ട്. എന്നാൽ ശമ്പളം തൊടാതെ കൈക്കൂലിപ്പണംകൊണ്ട് ജീവിക്കുന്ന ഉദ്യോഗസ്ഥരുള്ള നാടു കൂടിയാണ് നമ്മുടേത്. കൈക്കൂലി തടയാൻ നിരവധി അന്വേഷണ സംവിധാനങ്ങളും വിജിലൻസ് വകുപ്പുമൊക്കെ നിലവിലുണ്ടെങ്കിലും കൈക്കൂലിയുടെ നിരക്കും വ്യാപ‌്‌തിയും കൂടുന്നതല്ലാതെ കുറയുന്നതായി പൊതുവെ ആർക്കും ബോദ്ധ്യപ്പെട്ടിട്ടില്ല. കൈക്കൂലി നൽകാൻ നിർബന്ധിതരാകുന്നവരിൽ ഭൂരിപക്ഷവും പരാതിപ്പെടാൻ തയ്യാറാകാത്തതാണ് ഇത് വർദ്ധിച്ചുവരാൻ പ്രധാന കാരണം. ജനങ്ങളുടെ ഈ മനോഭാവം കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർ മുതലെടുക്കുകയും ചെയ്യുന്നു. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ബാദ്ധ്യതപ്പെട്ട രാഷ്ട്രീയ മേഖലയും അഴിമതി മുക്തമല്ലാത്തതിനാൽ നീണാൾ വാഴുന്ന ഒന്നായി അഴിമതി മാറിക്കൊണ്ടിരിക്കുകയാണ്. അഴിമതിക്ക് പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് താമസംവിനാ കടുത്ത ശിക്ഷ ലഭിക്കുന്ന രീതിയല്ല നിർഭാഗ്യവശാൽ ഇപ്പോൾ നിലവിലുള്ളത്. ഇതിനിടയിലും തെന്നിയും തെറിച്ചും അഴിമതിക്കാരായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടുന്നുവെന്നത് പൊതുജനങ്ങൾക്ക് ആശ്വാസം പകരുന്ന വാർത്തയാണ്.

സർക്കാർ നൽകുന്ന തൊഴിലില്ലായ്മാ വേതനം തന്നെ വളരെ ചെറിയ തുകയാണ്. അതുപോലും നൽകാതെ വെട്ടിപ്പു നടത്താൻ അസാമാന്യ തൊലിക്കട്ടി വേണം. അത്തരമൊരു കേസാണ് 2005 - 2006 സാമ്പത്തിക വർഷം തിരുവനന്തപുരം കോർപ്പറേഷനിൽ നടന്നത്. യുവാക്കൾക്കുള്ള തൊഴിലില്ലായ്മാ വേതന വിതരണത്തിൽ ക്രമക്കേടു നടത്തി 15.45 ലക്ഷം രൂപ വെട്ടിച്ചതാണ് കേസ്. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ അക്കൗണ്ട്‌സ് വിഭാഗം ക്ളാർക്ക് പി.എൽ. ജീവനെയും ഹെൽത്ത് വിഭാഗം ക്ളാർക്ക് സദാശിവൻനായരെയും തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചിരിക്കുകയാണ്. ഇരുവർക്കും 12 വർഷം കഠിനതടവും പിഴയുമാണ് ശിക്ഷ. ക്രമക്കേടു കണ്ടെത്തി ഇരുപതു വർഷത്തോളമായെങ്കിലും ഇരുവർക്കും മതിയായ ശിക്ഷ ലഭിച്ചത് മറ്റ് അഴിമതിക്കാർക്കും ഒരു പാഠമായി മാറാൻ പോന്നതാണ്. അഴിമതി കേസിൽ പിടിക്കപ്പെട്ടാൽ കുറഞ്ഞത് രണ്ടു വർഷത്തിനുള്ളിൽ ശിക്ഷ ലഭിക്കത്തക്കവിധം അന്വേഷണവും വിചാരണയും പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനമാണ് നമുക്കു വേണ്ടത്. അഴിമതി കാണിച്ചാൽ പിടിക്കപ്പെടുമെന്നും ഉടൻതന്നെ ശിക്ഷ ലഭിക്കുമെന്നുമുള്ള ബോദ്ധ്യമുണ്ടായാൽ ഈ രോഗത്തിന് ഒരു വലിയ പരിധി വരെ കടിഞ്ഞാണിടാനാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COURT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.